ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ ചേര്‍ത്ത് ഗൂഗിളിന്റെ വീഡിയോകോളിങ് സേവനമായ ഗൂഗിള്‍ ഡ്യുവോ. ഡേറ്റാ സേവിങ് മോഡും ഗ്രൂപ്പ് വീഡിയോ കോളിങ് സേവനവുമാണ് പുതിയതായി ചേര്‍ത്തത്. ആന്‍ഡ്രോയിഡിലെയും ഐഓഎസിലേയും ഗൂഗിള്‍ ഡ്യുവോ ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് കോളിങ് സേവനം ലഭ്യമാവും. 

എട്ട് ആളുകള്‍ക്ക് ഒരേസമയം ഗ്രൂപ്പ് വീഡിയോ കോളിങ് പങ്കെടുക്കാം.  ഗ്രൂപ്പ് വീഡിയോ കോളിങ് സൗകര്യം ഗൂഗിള്‍ ഡ്യുവോ ആദ്യമായി അവതരിപ്പിക്കുന്നത് ഇന്ത്യയിലാണ്. 

ഈ വര്‍ഷം ആദ്യം തന്നെ ഗൂഗിള്‍ ഡ്യുവോ ഗ്രൂപ്പ് കോളിങ് സൗകര്യം പരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതു സംബന്ധിച്ച ആന്‍ഡ്രോയിഡ് പോലീസ് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ ഒരു ' ലോ ലൈറ്റ് മോഡിനെ' കുറിച്ചും സൂചിപ്പിച്ചിരുന്നു. പ്രകാശം കുറവുള്ളടിയങ്ങളില്‍ ദൃശ്യത്തിന് വെളിച്ചം കൂട്ടാനുള്ള സംവിധാനമാണിത്. എന്നാല്‍ ഈ സൗകര്യം അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. 

അതേസമയം ഡേറ്റാ സേവിങ് മോഡ് എന്ന സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിള്‍ ഡ്യുവോയുടെ ഡേറ്റാ ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് ഈ സൗകര്യം. വീഡിയോ കോളുകള്‍ക്കിടയില്‍ ഡേറ്റാ ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആഗോള തലത്തില്‍ ഗൂഗിള്‍ ഡ്യുവോയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഗൂഗിള്‍ ഡ്യുവോയില്‍ ഗ്രൂപ്പ് കോളിങ് സൗകര്യം ഏറെ പ്രതീക്ഷിക്കപ്പെട്ട ഒന്നാണ്. എതിരാളികളായ വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ഗ്രൂപ്പ് കോളിങ് സൗകര്യം നേരത്തെ തന്നെ അവതരിപ്പിച്ചതാണ്. വാട്‌സാപ്പില്‍ മൂന്ന് പേര്‍ക്ക് ഒരേസമയം വീഡിയോ കോളില്‍ പങ്കെടുക്കാം. അതേസമയം ആപ്പിളിന്റെ ഫേസ് ടൈം സേവനത്തില്‍ ഒരേസമയം 32 പേര്‍ക്ക് വീഡിയോകോളില്‍ പങ്കെടുക്കാന്‍ സാധിക്കും.

Content Highlights: google duo group video call and data saving mode