ഗൂഗിളിന്റെ വീഡിയോ ചാറ്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ ഡ്യുവോ ആപ്പ് താമിസയാതെ ആന്‍ഡ്രോയിഡ് ടിവികളിലും ലഭ്യമാവും. ഇതുവഴി ടിവി സ്ക്രീനില്‍ വീഡിയോ കോള്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഗൂഗിള്‍ ഡ്യുവോയുടെ ആന്‍ഡ്രോയിഡ് ടിവി ബീറ്റാ പതിപ്പ് പുറത്തിറക്കും. ആന്‍ഡ്രോയിഡ് ടിവിയില്‍ ഇന്‍ബില്‍റ്റ് ക്യാമറ ഇല്ലെങ്കില്‍ യുഎസ്ബി ക്യാമറ ബന്ധിപ്പിച്ചാല്‍ മതിയെന്ന് ഗൂഗിള്‍ പറഞ്ഞു.
വീഡിയോ കോള്‍ സേവനങ്ങളെ വലിയ സ്ക്രീനിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. നേരത്തെ ഗൂഗിളിന്റെ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ഗൂഗിള്‍ മീറ്റിന് ക്രോംകാസ്റ്റ് പിന്തുണയുണ്ടാകുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതുവഴി ആന്‍ഡ്രോയിഡ് ഫോണിലെ ഗൂഗിള്‍ മീറ്റ് ആപ്പിലൂടെയുള്ള വീഡിയോ കോള്‍ ടിവിയില്‍ കാണാന്‍ സാധിക്കും.
നിലവില്‍ നെസ്റ്റ് ഹബ്ബ്, നെസ്റ്റ് ഹബ്ബ് മാക്സ് ഉള്‍പ്പടെയുള്ള സ്മാര്‍ട് ഡിസ്പ്ലേകളില്‍ ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഡ്യുവോ സേവനം ലഭ്യമാണ്. ആന്‍ഡ്രോയിഡ് ടിവി പോലുള്ള ഇടങ്ങളിലേക്ക് കൂടി വീഡിയോ ആശയവിനിമയ സംവിധാനങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ സൂം, മൈക്രോസോഫ്റ്റ് ടീംസ് പോലുള്ള എതിരാളികളെ നേരിടുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.
Content Highlights: google duo coming to android tv, Google meet Chromecast