2018 ല്‍ ഗൂഗിള്‍ ഡ്യുവോ ആപ്പില്‍ ഉള്‍പ്പെടുത്തിയിരുന്ന സ്‌ക്രീന്‍ ഷെയറിങ് സംവിധാനം മൂന്ന് മാസങ്ങള്‍ക്ക് ശേഷം പതിയെ പിന്‍വലിച്ചതാണ്. ഇപ്പോഴിതാ ഗൂഗിള്‍ വീണ്ടും ഈ സംവിധാനം തിരികെ കൊണ്ടുവരാനുള്ള നീക്കത്തിലാണത്രേ. 9റ്റു5ഗൂഗിള്‍.കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

ഡ്യുവോയുടെ 92-ാം പതിപ്പില്‍ 'എനേബിള്‍ സ്‌ക്രീന്‍ ഷെയറിങ് , ഡിസേബിള്‍ സ്‌ക്രീന്‍ ഷെയറിങ് ബട്ടനുകള്‍ ഉണ്ട്. കോളിങ് യൂസര്‍ ഇന്റര്‍ഫെയ്‌സിന്റെ ഓഫര്‍ ഫ്‌ലോ മെനുവിലായിരിക്കും ഇത് ഉണ്ടാവുക. സ്‌ക്രീന്‍ ഷെയര്‍ ചെയ്താല്‍ അത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ കാണാം. ഇതുവഴി സ്‌ക്രീന്‍ ഷെയര്‍ എളുപ്പം നിര്‍ത്താന്‍ സാധിക്കും. 

duo screen share
Image Credit: 9to5google.com

നിലവില്‍ ഗൂഗിള്‍ മീറ്റ് സേവനത്തില്‍ സ്‌ക്രീന്‍ ഷെയറിങ് സൗകര്യമുണ്ട്. ഗൂഗിള്‍ ഡ്യുവോ നേരത്തെ അവതരിപ്പിച്ച ഫീച്ചര്‍ തന്നെയാവാം വീണ്ടും കൊണ്ടുവരുന്നത്. ഫോണിലെ സ്‌ക്രീന്‍ ഷെയറിങ് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ ഒരു ഫ്‌ളോട്ടിങ് ബട്ടന്‍ ഉണ്ടാവും. 

ഈ ഫീച്ചര്‍ ഗൂഗിള്‍ ഡ്യുവോയുടെ 92 പതിപ്പില്‍ സജീവമായിട്ടില്ല. മൊബൈലില്‍ ഈ ഫീച്ചര്‍ ഗുണം ചെയ്യുമെങ്കിലും ഡ്യുവോയുടെ വെബ് വേര്‍ഷനിലാവും ഇത് ഏറെ പ്രയോജനപ്പെടുക. 

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്നുള്ള ജോലിയും, ഓണ്‍ലൈന്‍ ക്ലാസുകളും വ്യാപകമായ സാഹചര്യത്തില്‍ അത്തരം ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സേവനങ്ങള്‍ ഒരുക്കുകയാണ് കമ്പനികള്‍. അതിന്റെ ഭാഗമായി സൂം, ഗൂഗിള്‍ മീറ്റ്, സ്‌കൈപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ റൂംസ് പോലുള്ള സേവനങ്ങള്‍ അടുത്തകാലത്തായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Content Highlights: Google Duo again working on Android screen sharing report