ടൈഫസ് എന്ന പകര്‍ച്ചാവ്യാധിക്കെതിരായ ആദ്യത്തെ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത പോളിഷ് ജീവശാസ്ത്രജ്ഞന്‍  റുഡോള്‍ഫ് സ്റ്റെഫാന്‍ വീഗലിന്റെ ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിൽ. റുഡോള്‍ഫ് തന്റെ ലാബില്‍ ടെസ്റ്റ് ട്യൂബ് ഉയര്‍ത്തി നോക്കുന്ന ദൃശ്യമാണ് ഡൂഡിലില്‍ ചിത്രീകരിച്ചിരിക്കുന്നത്. 

ലോകമഹായുദ്ധകാലത്ത് ഏറെ കാലം ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ച പകര്‍ത്താവ്യാധിയായിരുന്നു ടൈഫസ്. അദ്ദേഹം വികസിപ്പിച്ച വാക്‌സിന്‍ അന്ന് ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഉപകാരപ്പെടുകയുണ്ടായി. 

1883 സെപ്റ്റംബര്‍ രണ്ടിന് ആസ്‌ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മൊറാവിയയിലെ പ്രെറാവിലാണ് വീഗലിന്റെ ജനനം. ഓസ്ട്രിയ, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു വീഗലിന്റെ മാതാപിതാക്കള്‍. പിന്നീട് വിഗലിന്റെ കുടുംബം പോളണ്ടിലേക്ക് കുടിയേറി. 

Rudolf
റുഡോള്‍ഫ് സ്റ്റെഫാന്‍ വീഗല്‍ | Photo Courtesy: https://lwow.eu/rudolf-weigl.html

പിന്നീട് പോളണ്ടുകാരനായി വളര്‍ന്ന വീഗല്‍ 1907 ല്‍ പോളണ്ടിലെ ലിവ്യൂ സര്‍വകലാശാലയില്‍ നിന്നും ജീവശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് സുവോളജി, അനാട്ടമി, ഹിസ്റ്റോളജി എന്നിവയില്‍ ഡോക്ടറേറ്റ് ബിരുദവും സ്വന്തമാക്കി. 

1914 ല്‍ ഒന്നാം ലോകമഹായുദ്ധകാലത്ത് ഓസ്‌ട്രോ-ഹംഗേറിയന്‍ സൈന്യത്തിന് വേണ്ടി ആരോഗ്യ സേവനം നടത്തിവരുന്ന സമയത്താണ് ടൈഫസ് വാക്‌സിനെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും അദ്ദേഹം ഗവേഷണം ആരംഭിച്ചത്. അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്ന ഒരു സൈനിക ആശുപത്രിയിലെ ലാബിലാണ് 1918-1920 കാലത്ത് ടൈഫസ് രോഗത്തെ കുറിച്ചുള്ള ഗവേഷണം നടന്നിരുന്നത്. തുടര്‍ന്ന് അദ്ദേഹം വാക്‌സിന്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. 

രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ട് കയ്യടക്കിയ നാസി ജര്‍മനിയുടെ ഉത്തരവ് അനുസരിച്ച് ഒരു ടൈഫസ് വാക്‌സിന്‍ നിര്‍മാണശാല ആരംഭിച്ച വീഗല്‍, ജൂതന്മാരും, പോളിഷ് ബുദ്ധിജീവികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ക്ക് അവിടെ തൊഴില്‍ നല്‍കി. വാക്‌സിന്‍ നിര്‍മാണത്തിന് സഹായം നല്‍കിയ ഇവര്‍ക്കെല്ലാം ഭക്ഷണവും താമസവും വാക്‌സിന്‍ ഡോസുകളും അദ്ദേഹം നല്‍കി. ഇദ്ദേഹം നിര്‍മിച്ച വാക്‌സിന്‍ പോളണ്ടിലെ ചെറുനഗരങ്ങളിലേക്കും കോണ്‍സട്രേഷന്‍ ക്യാമ്പുകളിലേക്കും കടത്തപ്പെടുകയും 5000 ലേറെ പേര്‍ക്ക് വാക്‌സിന്‍ ലഭിക്കുകയും ചെയ്തു. പിന്നീട് സോവിയറ്റ് യൂണിയനാണ് ഈ സ്ഥാപനം അടച്ചുപൂട്ടിയത്. 

ജാഗെലോണിയന്‍ യൂണിവേഴ്‌സിറ്റിയിലെ ജനറല്‍ മൈക്രോബയോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, പോസ്‌നി മെഡിക്കല്‍ ഫാക്കല്‍റ്റിയുടെ ബയോളജി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1957 ഓഗസ്റ്റ് 11 ന് പോളിഷ് മൗണ്ടന്‍ റിസോര്‍ട്ടായ സകോപേനില്‍ വെച്ച് വെയ്ഗല്‍ അന്തരിച്ചു. 

രണ്ട് തവണ നോബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടുവെങ്കിലും വിവിധ രാഷ്ട്രീയ കാരണങ്ങളാല്‍ അത് തിരസ്‌കരിക്കപ്പെടുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍ അംഗീകരിക്കപ്പെട്ടു തുടങ്ങിയത്.