സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിനെ പോലെ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്കുള്ള ഒരു ആന്റി ട്രാക്കിങ് ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ട്. ആപ്പുകളുടെ സുതാര്യത ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.

വ്യക്തികളെ ലക്ഷ്യമിട്ട് പരസ്യങ്ങളും മറ്റും വിതരണം ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഉപയോക്താക്കളുടെ സമ്മതം വാങ്ങണമെന്ന് നിര്‍ബന്ധമാക്കുന്ന സംവിധാനമാണ് ആപ്പിളിന്റെ ട്രാക്കിങ് ട്രാന്‍സ്പരന്‍സി ഫീച്ചര്‍. ഈ വര്‍ഷം പകുതിയോടെ ഈ ഫീച്ചര്‍ ലഭ്യമാക്കാനാണ് ആപ്പിളിന്റെ പദ്ധതി.

ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ വിതരണക്കാരായ ഗൂഗിളും ഫെയ്‌സ്ബുക്കും തന്നെയാണ് ഉപയോക്താക്കളില്‍നിന്നും ഏറ്റവും കൂടുതല്‍ ഡാറ്റ ശേഖരിക്കുന്നതില്‍ മുന്നിലുള്ളത്. ഇക്കാരണം കൊണ്ടു തന്നെ ആപ്പിളിന്റെ പുതിയ ഫീച്ചര്‍ ഈ കമ്പനികള്‍ക്ക് വെല്ലുവിളിയാണ്. 

ഗൂഗിളിന്റെ ഏറ്റവും വലിയ വിവര സ്രോതസ്സാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍. എന്നിട്ടും ആന്‍ഡ്രോയിഡിലേക്ക് സമാനമായ ഒരു ഫീച്ചര്‍ ഗൂഗിള്‍ തന്നെ അവതരിപ്പിക്കുന്നത് ശ്രദ്ധേയമാണ്. 

അതേസമയം, ആപ്പിളിന്റെ ആപ്പ് ട്രാക്കിങ് സംവിധാനം പോലെ കര്‍ശനമായിരിക്കില്ല ഗൂഗിളിന്റേതെന്നാണ് റിപ്പോര്‍ട്ട്‌. ക്രോം ബ്രൗസറില്‍ വരാനിരിക്കുന്ന പ്രൈവസി നിയന്ത്രണങ്ങള്‍ക്ക് സമാനമായിരിക്കും ഇത്. എങ്കിലും ആന്റി ട്രാക്കിങ് പ്രൈവസി സംവിധാനത്തെ കുറിച്ച് ഗൂഗിള്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ആപ്പിളിന്റെ പുതിയ സ്വകാര്യത നിയന്ത്രണ സംവിധാനം ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് വാണിജ്യ സ്ഥാപനങ്ങളുടെ വളര്‍ച്ചയെ ബാധിക്കുമെന്നാണ് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രതികരണം. പരസ്യ വിതരണത്തെ ഇത് ബാധിക്കുമെന്ന് ഗൂഗിളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

എന്നാല്‍, ഐഓഎസ് ഉപയോക്താക്കള്‍ക്ക് സ്വകാര്യതയ്ക്കുള്ള അവസരം നല്‍കുക മാത്രമാണ് പുതിയ ഫീച്ചറിലൂടെ ചെയ്യുന്നത് എന്നാണ് ആപ്പിളിന്റെ പ്രതികരണം. 

Content Highlights: google considering anti-tracking app feature for Android