ഴിഞ്ഞ വര്‍ഷം രാജ്യത്തെ മുഴുവന്‍ നടുക്കിയ ദുരന്തമായിരുന്നു വിവിധ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും പ്രളയവും. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഇന്നും ഇതിനെ പൂര്‍ണമായും അതിജീവിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രളയം മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുകയാണ് ഗൂഗിള്‍.

നിര്‍മിത ബുദ്ധിയെ (AI- Artificial Intelligence) അടിസ്ഥാനപ്പെടുത്തിയാണ് പ്രളയം പ്രവചിക്കാന്‍ സാധിക്കുന്ന സംവിധാനം ഗൂഗില്‍ ഒരുക്കുന്നത്. അടുത്ത മണ്‍സൂണ്‍ സീസണിന് ഒരു മാസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഈ ഉദ്യമം. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗരിതത്തിന്റെ സഹായത്തോടെ പ്രളയം ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളും തിരിച്ചറിയുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. 

ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ സോഷ്യല്‍ ഗുഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം വികസിപ്പിക്കുന്നത്. സെപ്റ്റംബര്‍ മാസത്തോടെ ഈ സംവിധാനം അവതരിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ അറിയിച്ചിട്ടുള്ളത്. 

കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ സംവിധാനം ഒരുക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായ പ്രളയങ്ങളും അനുബന്ധ സംഭവങ്ങള്‍, ജാഗ്രതാ നിര്‍ദേശങ്ങള്‍, മഴയുടെ അളവ് തുടങ്ങിയ വിവരങ്ങള്‍ കമ്മീഷന്‍ ഗൂഗിളിന് കൈമാറും.

ഇന്ത്യയില്‍ പട്നയിലായിരിക്കും ഈ സംവിധാനം ആദ്യം ഒരുക്കുക. ഇതിനുശേഷം രാജ്യത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഇത് നടപ്പിലാക്കും. ലോകത്തെ പ്രളയ ദുരന്തങ്ങളിലെ 20 ശതമാനവും ഇന്ത്യയിലാണെന്നാണ് ഗൂഗിള്‍ പറയുന്നത്.

Content Highlights: Google Confirms AI Based Flood Forecasting Will be Available in India