നിര്‍മിതബുദ്ധി സാങ്കേതിക വിദ്യയിലെ വിദഗ്ധയും കറുത്തവര്‍ഗക്കാരിയും ഗവേഷകയുമായ ടിംനിറ്റ് ഗെബ്രുവിനെ പുറത്താക്കിയതില്‍ ജീവനക്കാരോട് മാപ്പ് പറഞ്ഞ് ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈ. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
'ഡോ. ഗെബ്രുവിനെ പുറത്താക്കിയതിലുളള പ്രതികരണങ്ങൾ ഞാൻ വ്യക്തമായി കേട്ടു. അത് നമുക്കിടയില്‍ സംശയങ്ങളുടെ വിത്തുപാകിയിരിക്കുകയാണ്. മാത്രമല്ല, ഗൂഗിളിൽ തങ്ങളുടെ സ്ഥാനമെന്തെന്ന് ചോദിക്കുന്നതിലേക്ക് ഈ സംഭവം നയിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ഞാൻ വളരെയധികം ഖേദിക്കുന്നു, നിങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ഉത്തരവാദിത്വം ഞാനേറ്റെടുക്കുന്നു', ജീവനക്കാർക്കയച്ച കത്തിൽ സുന്ദർ പിച്ചൈ വ്യക്തമാക്കി.
സംഭവം ഇങ്ങനെ
ഗൂഗിളിന്റെ എത്തിക്കല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടീമിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാളാണ് ടിംനിറ്റ് ഗെബ്രു. സഹപ്രവര്‍ത്തകര്‍ക്ക് ഒരു ഇ മെയില്‍ അയച്ചതിന്റെ പേരില്‍ ഗൂഗിള്‍ തന്നെ പുറത്താക്കിയെന്ന വെളിപ്പെടുത്തലുമായി അവര്‍ എത്തിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്.
ഗൂഗിളിലെ നാല് സഹപ്രവര്‍ത്തകരും പുറത്തുനിന്നുള്ള ചിലരുമായി ചേര്‍ന്ന് തയ്യാറാക്കുന്ന തന്റെ ഒരു ഗവേഷണ പ്രബന്ധം പിന്‍വലിക്കാന്‍ ഗൂഗിള്‍ ശ്രമിച്ചുവെന്നും ഇതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ യാതൊരു വിശദീകരണവുമില്ലാതെ തന്നെ പുറത്താക്കുകയുമായിരുന്നുവെന്നും ഗെബ്രു പറഞ്ഞു.
മാനേജര്‍മാര്‍ തന്റെ പ്രബന്ധം പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിലുള്ള പ്രതിഷേധമറിയിച്ച് ഗൂഗിളിന്റെ ആഭ്യന്തര ഇമെയില്‍ കൂട്ടായ്മയായ ബ്രെയ്ന്‍ വുണ്‍ അലൈസില്‍ ഒരു ഇമെയില്‍ അച്ചു.
ഇ മെയില്‍ പുറത്തായതോടെ ചില വ്യവസ്ഥകള്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ കമ്പനിയില്‍ തുടരാനാവൂ എന്നും അല്ലാത്തപക്ഷം ഒരു മാറ്റത്തിനായി ശ്രമിക്കേണ്ടി വരുമെന്നും ഗെബ്രു മാനേജര്‍മാരെ അറിയിച്ചു.
എന്നാല്‍ ഗെബ്രുവിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നറിയിച്ച ഒരു മുതിര്‍ന്ന ഗൂഗിള്‍ ഉദ്യോഗസ്ഥ അവരുടെ രാജി അംഗീകരിച്ചതായി അറിയിക്കുകയായിരുന്നു.
എന്നാല്‍ താന്‍ രാജിവെക്കുന്നതായി പറഞ്ഞിരുന്നില്ലെന്നും. ഒരു പക്ഷെ അവര്‍ തന്നെ പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ടായിരിക്കണം എന്നും ഗെബ്രു പറഞ്ഞു.
ഗെബ്രുവിന് ലഭിച്ച ശക്തമായ പിന്തുണയില്‍ ഉലഞ്ഞ് ഗൂഗിള്‍
ഇക്കാര്യം ഗെബ്രു ട്വിറ്ററിലുടെ പുറത്തറിയിച്ചതോടെ വലിയ രീതിയിലുള്ള പിന്തുണയാണ് ഗെബ്രുവിന് ലഭിച്ചത്. സാങ്കേതിക വിദ്യാ രംഗത്ത വര്‍ണവിവേചനത്തിനും ലിംഗ അസമത്വങ്ങള്‍ക്കെതിരെയും നിരന്തരം ശബ്ദമുയര്‍ത്തിരുന്ന ഗെബ്രു, ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ പക്ഷപാതിത്വത്തെ കുറിച്ചും അതിന്റെ അപകടങ്ങളെ കുറിച്ചും സാങ്കേതിക വിദ്യാ വ്യവസായ രംഗത്തെ വൈവിധ്യമില്ലായ്മയെ കുറിച്ചും നിരന്തരം വാദിച്ചിരുന്നു.
ഗൂഗിളില്‍നിന്നു പുറത്താക്കിയതിന് പിന്നാലെ വലിയ പിന്തുണയാണ് അവര്‍ക്ക് ലഭിച്ചത്. നിര്‍മിതബുദ്ധി രംഗത്തെ വിദഗ്ദരും, ഗവേഷകരും, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഫെയ്‌സ്ബുക്ക്, ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരും ഗൂഗിളിന്റെ ഡീപ്പ്‌മൈന്റിലെ ശാസ്ത്രജ്ഞരും ഉള്‍പ്പടെ 4500-ഒളം പേര്‍ ടിംനിറ്റ് ഗെബ്രുവിന് പിന്തുണയറിയിച്ച് സുതാര്യത ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു തുറന്ന കത്തില്‍ ഒപ്പിട്ടു.
ഇതിന് പിന്നാലെ ഗൂഗിളില്‍ ഗെബ്രു നേതൃത്വം നല്‍കിയിരുന്ന ടീം അംഗങ്ങള്‍ തന്നെ അവരെ പുറത്താക്കിയതില്‍ ഗൂഗിളിന്റെ നിലപാട് ചോദിച്ച് തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. ഗൂഗിളിനെ കറുത്തവര്‍ഗക്കാരായ ജീവനക്കാരുടെ പ്രതിനിധികള്‍ ശക്തമായ ഭാഷയില്‍ നേതൃനിരയിലുള്ളവരോട് പ്രതികരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിഷേധം കനത്തതോടെയാണ് ഗൂഗിള്‍ മേധാവിയ്ക്ക് തന്നെ ക്ഷമാപണവുമായി രംഗത്ത് വരേണ്ടി വന്നത്. ഗൂഗിളിന്റെ തന്നെ ഏറെ പ്രധാനപ്പെട്ട വിഭാഗത്തിലെ ഏറെ കഴിവുള്ള അംഗമായിരുന്നും ഗെബ്രു. ഇക്കാരണം കൊണ്ടുതന്നെ അവര്‍ക്കെതിരെ സ്വീകരിച്ച നടപടിയിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കുമെന്ന് സുന്ദര്‍ പിച്ചൈ അറിയിച്ചു.
Content Highlights: Google CEO Apologizes for Handling of Departure of AI Expert