ന്മദിന സ്‌പെഷ്യല്‍ ഡൂഡിലുമായി ലോകത്തെ ഏറ്റവും ജനപ്രിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍. ഗൂഗിളിന്റെ 22-ാമത് ജന്മദിനമാണിത്. 1998 സെപ്റ്റംബറില്‍ പിഎച്ച്ഡി വിദ്യാര്‍ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് അവര്‍ പഠിച്ചിരുന്ന കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല കാമ്പസിൽ ഉപയോഗിക്കുന്നതിനായി ഈ സെര്‍ച്ച് എഞ്ചിന്‍ ആരംഭിച്ചത്. 

നേരത്തെ തന്നെ ബാക്ക് റബ് എന്ന പേരില്‍ ഒരു സെര്‍ച്ച് എഞ്ചിന്‍ അല്‍ഗൊരിതം വികസിപ്പിച്ചെടുത്ത ഇരുവരും അവരുടെ പുതിയ പ്രൊജക്ടിന് ഗൂഗിള്‍ എന്ന് പേരിട്ടു. ഗണിത ശാസ്ത്ര പദമായ ഗൂഗോള്‍ (googol) എന്നതില്‍ നിന്നാണ് ഗൂഗിള്‍ (google) എന്ന പേര് വന്നത്. ഒന്നിനെ തുടര്‍ന്ന് 100 പൂജ്യങ്ങള്‍ വരുന്ന സംഖ്യയാണ് ഗൂഗോള്‍ എന്നറിയപ്പെടുന്നത്. ഗൂഗോള്‍ എന്ന പേര് നല്‍കിയപ്പോള്‍ സംഭവിച്ച അക്ഷരത്തെറ്റാണ് ഗൂഗിള്‍ എന്നും കഥയുണ്ട്.

ലോകത്തെ ഏറ്റവും ജനപ്രിയ വെബ്സൈറ്റ്

വേള്‍ഡ് വൈഡ് വെബിന്റെ ശൈശവ കാലമായിരുന്നു അത്. ലോകത്ത് ലഭ്യമായ വിവരങ്ങള്‍ ആഗോള തലത്തില്‍ ലഭ്യമാക്കുകയും ഉപകാരപ്രദമാക്കുകയും ചെയ്യുക എന്ന ലക്ഷ്യമായിരുന്നു പേജിനും ബ്രിന്നിനും ഉണ്ടായിരുന്നത്. 

യാഹൂ, ആസ്‌ക് ജീവ്‌സ് തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളുമായി തുടക്കകാലത്ത് മത്സരിക്കേണ്ടി വന്നുവെങ്കിലും ലോകത്തെ ഏറ്റവും ജനപ്രിയമായ സെര്‍ച്ച് എഞ്ചിന്‍ എന്ന നിലയിലേക്ക് വളരാന്‍ ഗൂഗിളിന് ഇക്കാലം കൊണ്ട് സാധിച്ചു. ഓരോ സെക്കന്റിലും 63000 ല്‍ അധികം സെര്‍ച്ചുകള്‍ ഗൂഗിളില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഈ ജനപ്രീതി കൊണ്ടു തന്നെയാണ് ഗൂഗിള്‍ എന്ന പദത്തിന് 'ഓണ്‍ലൈനില്‍ എന്തെങ്കിലും തിരയുക' എന്ന അര്‍ത്ഥം കല്‍പിക്കപ്പെടുന്നത്. 'ഗൂഗിള്‍ ചെയ്യുക' എന്ന പ്രയോഗം തന്നെ ആഗോള തലത്തില്‍ പ്രചാരത്തില്‍ വന്നു. ഓക്‌സഫഡ് ഇംഗ്ലീഷ് നിഘണ്ടുവിലും മെരിയം-വെബ്സ്റ്റര്‍ നിഘണ്ടുവിലും ഗൂഗിള്‍ എന്ന പദത്തിന് ഇങ്ങനെ ഒരു അര്‍ഥം കൂടി ചേര്‍ത്തിട്ടുണ്ട്. 

ജന്മദിനത്തിലെ കൺഫ്യൂഷൻ

സെപ്റ്റംബര്‍ മാസമാണെങ്കിലും ഗൂഗിളിന്റെ പിറന്നാള്‍ തീയതികള്‍ പലതവണ മാറിയിട്ടുണ്ട്. 2005 വരെ സെപ്‌റ്റംബര്‍ ഏഴിനാണ് ഗൂഗിള്‍ ജന്മദിനം ആഘോഷിച്ചിരുന്നത്.ഗൂഗിള്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിയായി രൂപപ്പെട്ട തീയ്യതിയായി കണക്കാക്കിയായിരുന്നു ഇത്.എന്നാല്‍ 1998 സെപ്റ്റംബര്‍ നാലിനാണ് അതിനുള്ള രേഖകള്‍ കമ്പനി സമര്‍പ്പിച്ചത്. എന്നാല്‍ ഈ തീയ്യതി ജന്മദിനമായി കണക്കാക്കാറില്ല. 

2005 മുതല്‍ സെപ്റ്റംബര്‍ എട്ടിനും പിന്നിട് സെപ്റ്റംബര്‍ 26 നും അടുത്തകാലത്തായി സെപ്റ്റംബര്‍ 27 നും ഗൂഗിള്‍ ജന്മദിനമായി ആഘോഷിച്ചുവരുന്നു. 

കമ്പനിയുമായി ബന്ധപ്പെട്ട ഏത് സംഭവം ഒരു തുടക്കമായി കണക്കാക്കണം എന്നതില്‍ ഇപ്പോഴും ഗൂഗിളിനുള്ളില്‍ ആശയക്കുഴപ്പമുണ്ട് എന്നതാണ് രസകരമായ കാര്യം. ഇതുവരെ കണക്കാക്കിയ തീയതികളേക്കാള്‍ മുമ്പ് ഓഗസ്റ്റ് 30 ന് തന്നെ ഗൂഗിള്‍ അതിന്റെ ആദ്യ ഡൂഡിൽ പോസ്റ്റ് ചെയ്തിരുന്നു എന്ന് ഗൂഗിള്‍ ജീവനക്കാരനായ റയാന്‍ ജെര്‍മിക്ക് തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു. 

Content Highlights: google celebrates 22 nd birthday special doodles