ഗൂഗിള്‍ ആപ്പിലെ ഡിസ്‌കവര്‍ ഫീഡിലേക്ക് വെബ് സ്റ്റോറീസ് ഫീച്ചര്‍ കൊണ്ടുവരുന്നു. ഇന്ത്യ ബ്രസീല്‍,യുഎസ് എന്നിവിടങ്ങളിലേക്കാണ് ഈ ഫീച്ചര്‍ ആദ്യമെത്തുക. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകളില്‍ വെബ് സ്റ്റോറീസ് ലഭിക്കും. 

ഡിസ്‌കവര്‍ ഫീഡിന് മുകളില്‍ ഇടത്തോട്ടും വലത്തോട്ടും സൈ്വപ്പ് ചെയ്ത് നീക്കാനാവും വിധം കരോസല്‍ ഫോര്‍മാറ്റിലാണ് വെബ് സ്‌റ്റോറീസ് പ്രദര്‍ശിപ്പിക്കുക. ഇന്ത്യയില്‍ ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലാണ് വെബ് സ്റ്റോറീസ് ലഭിക്കുക. കൂടുതല്‍ ഭാഷകളും കൂടുതല്‍ രാജ്യങ്ങളിലേക്കും താമസിയാതെ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ പറഞ്ഞു. 

ഒരു വെബ്‌സ്റ്റോറി ഓപ്പണ്‍ ചെയ്ത് സ്‌ക്രീനില്‍ ടാപ്പ് ചെയ്താല്‍ അടുത്ത സ്ലൈഡിലേക്ക് മാറും. അടുത്ത സ്റ്റോറിയിലേക്ക് കടക്കാന്‍ സൈ്വപ്പ് ചെയ്താല്‍ മതി. 

ഇന്ത്യ, ബ്രസീല്‍, യുഎസ് എന്നിവിടങ്ങളിലെ ചില പ്രസാധകരുമായി സഹകരിച്ച് വെബ് സ്റ്റോറീസിന്റെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ഇതുവരെ 2000 ല്‍ ഏറെ വെബ് സ്റ്റോറീസ് ഗൂഗിളിലുണ്ട്. 

ഈ ഫീച്ചര്‍ വ്യക്തികള്‍ക്കും പത്ര മാധ്യമ പ്രസിദ്ധീകരണങ്ങള്‍ക്കും സൗജന്യമായി ഉപയോഗിക്കാം. വെബ് സ്റ്റോറി നിര്‍മിക്കുന്നതില്‍ ഉപയോക്താക്കള്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യവും നിയന്ത്രണവും ഉണ്ടാവും. സ്റ്റോറി പരസ്യങ്ങള്‍ക്ക് അധിക വരുമാന വിഹിതമുണ്ടാവില്ലെന്ന് ഗൂഗിള്‍ പറയുന്നു. 

80 കോടിയിലധികം പേര്‍ ഡിസ്‌കവര്‍ ഫീച്ചര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. വെബ് സ്റ്റോറീസ് കൂടി അതിലേക്ക് ചേര്‍ക്കുന്നതിലൂടെ ഡിസ്‌കവര്‍ വിഭാഗത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നും ഗൂഗിള്‍ പറയുന്നു. വേഡ് പ്രസ്, മേക്ക് സ്റ്റോറീസ്, ന്യൂസ് റൂം എഐ എന്നിവ ഉപയോഗിച്ച് വെബ് സ്‌റ്റോറീസ് നിര്‍മിക്കാം. 

വാര്‍ത്തകള്‍, വിവരങ്ങള്‍, വീഡിയോ, അനിമേഷനുകള്‍ തുടങ്ങി ഗൂഗിള്‍ വെബ് സെര്‍ച്ചിലൂടെ പുതിയ രീതിയില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ ഉള്ളടക്കങ്ങള്‍ എത്തിക്കാനുള്ള സംവിധാനമാണ് ഗൂഗില്‍ വെബ് സ്റ്റോറീസ് അഥവാ എഎംപി സ്റ്റോറീസ്. 

സോഷ്യല്‍ മീഡിയാ സേവനങ്ങളിലൂടെ നമുക്കെല്ലാം സുപരിചിതമായ സ്റ്റോറീസ് ഫീച്ചറിനെ ഗൂഗിള്‍ സെര്‍ച്ചിന്റെ വിവര വിതരണ സംവിധാനത്തോട് സംയോജിപ്പിച്ചുള്ള പരീക്ഷണമാണിത്. 

Content Highlights: google bringing web stories to discover section on its app