കാലിഫോര്‍ണിയ: വ്യക്തികളെ തിരിച്ചറിയുന്ന ഐ.ഡി. സംവിധാനത്തിന്റെ തകരാറാണ് ജി-മെയില്‍, യുട്യൂബ്, ഗൂഗിള്‍ ഡോക് അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ക്ക് ലോകവ്യാപകമായി തടസപ്പെട്ടതിന് കാരണമെന്ന്‌ ഗൂഗിള്‍. 

ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കളെ സ്ഥിരീകരിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിരവധി ടൂളുകള്‍ ഗൂഗിള്‍ ഉപയോഗിക്കുന്നുണ്ട്. ഒക്ടോബറില്‍ ഈ ടൂളുകളെയെല്ലാം പുതിയ ഫയല്‍ സ്റ്റോറേജ് സിസ്റ്റത്തിലേക്ക് മാറ്റുന്ന പ്രക്രിയ കമ്പനി ആരംഭിച്ചിരുന്നു. ഈ പ്രക്രിയയില്‍ പിഴവുകളുണ്ടായെന്ന് ഗൂഗിള്‍ വെള്ളിയാഴ്ച പങ്കുവെച്ച ബ്ലോഗ് ‌പോസ്റ്റില്‍ പറഞ്ഞു. 

തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് ഗൂഗിളിന്റെ വിവിധ സേവനങ്ങളില്‍ തടസം നേരിട്ടത്. ഗൂഗിള്‍ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളിലേക്ക് വന്ന 15 ശതമാനം റിക്വസ്റ്റുകളും നിരസിക്കപ്പെട്ടു. 47 മിനിറ്റിന് ശേഷമാണ് പ്രവര്‍ത്തനം സാധാരണ ഗതിയിലായത്.  ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ കോണ്‍ടാക്ട്സ്, ഗൂഗിള്‍ പേ അടക്കമുള്ളവയും തടസ്സപ്പെട്ടു. പ്രവര്‍ത്തനരഹിതമെന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്.

സോളാര്‍ വിന്‍ഡ്‌സ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള കമ്പനികളെയും ചില അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളെയും സുരക്ഷാഭീഷണിയിലാക്കിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ വെളിപ്പെടുത്തല്‍. സോളാര്‍ വിന്‍ഡിന് നേരെയുണ്ടായ ഹാക്കിങ് ശ്രമം ആല്‍ഫബെറ്റിന്റേയോ ഗൂഗിളിന്റേയോ സംവിധാനങ്ങളെ ബാധിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. 

Content Highlights: google blames data migration isses on global