സാന്‍ ഫ്രാന്‍സിസ്‌കോ: വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ ഗൂഗിള്‍ ഡ്യുവോയില്‍ നാല് പുതിയ സവിശേഷതകള്‍ കൂടിയെത്തുന്നു.

വളരെ കുറഞ്ഞ ബാന്‍ഡ്വിഡ്ത്ത് കണക്ഷനുകളില്‍ പോലും വീഡിയോ കോള്‍ ഗുണനിലവാരം  മെച്ചപ്പെടുത്തുന്നതിനായുള്ള ഒരു പുതിയ വീഡിയോ കോഡെക് സാങ്കേതികവിദ്യയും വീഡിയോ കോളിങ് സമയത്ത് ഫോട്ടോ പകര്‍ത്താനുള്ള സൗകര്യവുമാണ് ഡ്യുവോ അവതരിപ്പിച്ചത്.

ഗ്രൂപ്പ് കോളിനിടെയുള്ള ചിത്രം ഒരാള്‍ക്ക് പകര്‍ത്താനാവുകയും സംസാരിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ഓട്ടോമാറ്റിക്കായി ആ ചിത്രം അയക്കുകയും ചെയ്യും. നിലവില്‍ സ്മാര്‍ട്‌ഫോണുകളിലും, ടാബ് ലെറ്റിലും, ക്രോംബുക്കിലും മാത്രമേ ഈ ഫീച്ചര്‍ ലഭിക്കൂ. മറ്റ് ഉപകരണങ്ങളില്‍ താമസിയാതെ സൗകര്യം ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു. 

''ഓരോ ആഴ്ചയും 10 ദശലക്ഷത്തിലധികം പുതിയ ആളുകള്‍ ഡ്യുവോയില്‍ സൈന്‍ അപ്പ് ചെയ്യുന്നുണ്ട്. പല രാജ്യങ്ങളിലും, ഫോണ്‍ വിളിക്കുന്ന സമയം പത്തിരട്ടിയിലധികം വര്‍ധിച്ചു.' ഗൂഗിള്‍ ഡ്യുവോ ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജര്‍ ഡേവ് സിട്രോണ്‍ അറിയിച്ചു.

വീഡിയോ കോളുകളുടെ പങ്കാളിത്ത പരിധി ഗൂഗിള്‍ അടുത്തിടെ 12 ഉപയോക്താക്കളായി വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ പരിധി കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

വീഡിയോ, വോയ്‌സ് കോളുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സമയത്ത് അവ മെസേജുകളായി അയക്കാനുള്ള സൗകര്യം ഇതിലുണ്ട്.  നേരത്തെ  മണിക്കൂറിന് ശേഷം നീക്കം ചെയ്യപ്പെടുന്ന വീഡിയോ, വോയ്‌സ് മെസേജുകള്‍ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടുന്ന സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്.

Content Highlights: Google adds 4 new features to video calling app Duo