Representational Image | Photo: Gettyimages
കൊച്ചി: ആഗോളതലത്തിൽ ചിപ്പ് ക്ഷാമം രൂക്ഷമായി തുടരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ് വിപണികളെല്ലാം ഉണർന്നെങ്കിലും ഈ അനുകൂല സാഹചര്യം നേട്ടമാക്കാൻകഴിയാത്ത അവസ്ഥയിലാണ് വാഹനക്കമ്പനികൾ.
ഓർഡറുകളുണ്ടെങ്കിലും കൃത്യസമയത്ത് വാഹനങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനികൾക്ക് സാധിക്കുന്നില്ല. മിക്ക കമ്പനികളുടെയും വാഹനങ്ങൾ ബുക്ക് ചെയ്ത് മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
റഷ്യ-യുക്രൈൻ പ്രതിസന്ധി വാഹന നിർമാണത്തിനാവശ്യമായ മറ്റ് അനുബന്ധഘടകങ്ങളുടെ വിതരണം തടസ്സപ്പെടുത്തുന്നതും വാഹനങ്ങളുടെ കാത്തിരിപ്പുസമയം കൂട്ടുന്നുണ്ട്.
ഹോണ്ട, കിയ, മാരുതി, സ്കോഡ, ഹ്യൂണ്ടായ്, മഹീന്ദ്ര, ടാറ്റ തുടങ്ങിയ എല്ലാ കമ്പനികളെയും ചിപ്പ് ക്ഷാമം ബാധിച്ചിട്ടുണ്ട്.
2021 നവംബറിൽ ബുക്ക് ചെയ്ത കിയ ‘സോണറ്റി’ന്റെ ഓട്ടോമാറ്റിക് പതിപ്പ് ഏഴു മാസമായിട്ടും കിട്ടിയിട്ടില്ലെന്ന് കൊച്ചിയിൽ നിന്നുള്ള ഒരു ഉപഭോക്താവ് പറയുന്നു. മാരുതി പുതിയ മോഡലുകൾക്ക് നാലുമാസം മുതൽ ആറുമാസം വരെ കാത്തിരിപ്പുസമയമെടുക്കുന്നുണ്ട്. മാസങ്ങൾ കാത്തിരുന്നിട്ടും വാഹനം കൈയിലെത്താതിരിക്കുമ്പോൾ, ഓർഡറുകൾ കാൻസൽ ചെയ്ത് എളുപ്പം ലഭ്യമാകുന്ന മോഡലുകളിലേക്ക് മാറുന്നവരുമുണ്ട്.
ചൈന, കൊറിയ, തയ്വാൻ തുടങ്ങിയ രാജ്യങ്ങളാണ് ചിപ്പുകളുടെ പ്രധാന വിതരണക്കാർ. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ഇവിടങ്ങളിൽ ഉത്പാദനം തടസ്സപ്പെട്ടതാണ് ആദ്യഘട്ടത്തിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ സ്ഥിതി ഇപ്പോഴും നിയന്ത്രണാതീതമായി തുടരുകയാണ്.
ചൈനയടക്കം വിവിധ ചിപ്പ് നിർമാണ കേന്ദ്രങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നതും ചിപ്പ് ക്ഷാമത്തിന്റെ ആക്കംകൂട്ടുന്നുണ്ടെന്ന് കേരള ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി മനോജ് കുറുപ്പ് അറിയിച്ചു.
ടോപ്പ് വേരിയന്റുകൾ ബുക്ക് ചെയ്തവർക്കാണ് കൂടുതൽ കാത്തിരിക്കേണ്ടിവരുന്നത്. അടിസ്ഥാന മോഡലുകളുടെ വിതരണം വലിയ തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രനീക്കവും വെല്ലുവിളിയായി
ഇന്ത്യയിൽ നിരത്തിലിറങ്ങുന്ന എല്ലാ യാത്രാവാഹനങ്ങളിലും ആറ് എയർബാഗുകൾ നിർബന്ധമാക്കാനുള്ള തീരുമാനവും വാഹനങ്ങളുടെ കൃത്യസമയത്തുള്ള വിതരണം തടസ്സപ്പെടുത്തുന്നുണ്ട്. സുരക്ഷാ മുന്നൊരുക്കങ്ങൾക്കായാണ് വിതരണം വൈകുന്നതെന്ന് ചില ഡീലർഷിപ്പുകൾ അറിയിച്ചു.
ഒക്ടോബർ ഒന്നുമുതൽ ആറ് എയർബാഗുകൾ നിർബന്ധമാക്കാനാണ് തീരുമാനം. ഇതു നടപ്പിലാക്കുന്നതു സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
അതേസമയം, സുരക്ഷാ മുന്നൊരുക്കങ്ങൾ കൂടുമ്പോൾ വാഹനങ്ങളുടെ വിലയും കൂടുന്നു. അതായത്, ബുക്ക് ചെയ്ത വിലയ്ക്ക് വാഹനം ലഭിക്കുന്നില്ല.
ചിപ്പ് കമ്പനികളെ ഇന്ത്യയിൽ നിക്ഷേപത്തിന് ക്ഷണിച്ച് ധനമന്ത്രി
മുംബൈ: ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ ചിപ്പ് നിർമാണക്കമ്പനികളെ ക്ഷണിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. സിലിക്കൺവാലിയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും യു.എസ്. ചേംബർ ഓഫ് കൊമേഴ്സിന്റെ യു.എസ്.- ഇന്ത്യ ബിസിനസ് കൗൺസിലും ചേർന്നു സംഘടിപ്പിച്ച വ്യവസായ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് മന്ത്രി കമ്പനികളെ ക്ഷണിച്ചത്.
സിലിക്കൺവാലിയിലെ നിക്ഷേപകരോട് ഇന്ത്യയുടെ വളർച്ചയുടെ ഭാഗമാകാൻ മന്ത്രി അഭ്യർഥിച്ചു. ഇന്ത്യയിലെ അവസരങ്ങളും ചിപ്പ് മേഖലയിൽ നിക്ഷേപം നടത്താൻ ആത്മാർഥമായെത്തുന്നവരോട് ഇന്ത്യക്കുള്ള പ്രതിബദ്ധതയും മന്ത്രി വിശദമാക്കി. ഇത്തരം നിക്ഷേപങ്ങൾക്ക് ഇളവുകളും മന്ത്രി വാഗ്ദാനം ചെയ്തു. അമേരിക്കയിലെ സാമ്പത്തിക സേവന, നൂതന സാങ്കേതികവിദ്യാ കമ്പനികൾക്ക് ഇന്ത്യയിൽ മികച്ച സാധ്യതകളുണ്ടെന്ന് മന്ത്രി അറിയിച്ചു.
ചിപ്പ് മേഖലയിലെ രൂപകല്പന, ഉത്പാദനം, സാങ്കേതികവിദ്യ, ഉപകരണ മേഖലകളിലായി സാൻഫ്രാൻസിസ്കോയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കമ്പനികൾ ഇന്ത്യയിൽ ശേഷി വർധിപ്പിച്ചുവരുകയാണെന്ന് അവർ പറഞ്ഞു. ഗവേഷണ-വികസന പ്രവർത്തനങ്ങളിലും കമ്പനികൾ പങ്കെടുക്കുന്നുണ്ട്. നിലവിലെ ചിപ്പ് വിതരണത്തിലെ തടസ്സങ്ങളും ചർച്ചയിൽ പരാമർശിക്കപ്പെട്ടു. ഏതെങ്കിലും ഒരു രാജ്യത്തെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നത് പരിഗണിക്കുന്നതായി കമ്പനികൾ സൂചിപ്പിച്ചു.
കഴിഞ്ഞവർഷം ചിപ്പ്, അർധചാലക, ഡിസ്പ്ലേ നിർമാണമേഖലകൾക്കായി 76,000 കോടി രൂപയുടെ പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയെ ആഗോള തലത്തിൽ ചിപ്പ് നിർമാണ ഹബ്ബാക്കിമാറ്റുകയാണ് ലക്ഷ്യം.
Content Highlights: global chip shortage
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..