ഗോളതലത്തില്‍ സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മാതാക്കളയാ ക്വാല്‍കോം  തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആവശ്യത്തിനനുസരിച്ച് സെമികണ്ടക്ടര്‍ എത്തിക്കാനാവുന്നില്ലെന്ന് ക്വാല്‍കോം പറഞ്ഞു. ഇത് ആഗോള സെമികണ്ടക്ടര്‍ ക്ഷാമത്തിന്റെ വ്യക്തമായ സൂചനയാണ്. 

ആഗോള തലത്തില്‍ വളരെ കുറച്ച് ചിപ്പ് നിര്‍മാണ കമ്പനികള്‍ മാത്രമാണുള്ളത്. ഇവരെ ആശ്രയിച്ചാണ് ഇന്നുള്ള പല വ്യവസായ സംരംഭങ്ങളും നിലനില്‍ക്കുന്നത്. 

മറ്റ് ചിപ്പ് നിര്‍മാതാക്കളെ പോലെ തന്നെ ക്വാല്‍കോമും ഉല്‍പാദനത്തിനായി മറ്റ് കമ്പനികളെ ആശ്രയിക്കുന്നുണ്ട്. തായ് വാന്‍ സെമി കണക്ടര്‍ മാനുഫാക്ചറിങ് കോ. സാംസങ് ഇലക്ട്രോണിക്‌സ് പോലുള്ളവ അതില്‍ ചിലതാണ്. ഇവര്‍ക്കൊന്നും തന്നെ വര്‍ധിച്ചുവരുന്ന ആവശ്യം കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല. 

ഉല്‍പാദനത്തിനാവശ്യമായ ചിപ്പുകള്‍ ലഭിക്കുന്നില്ലെന്ന പരാതി ഓട്ടോ മൊബൈല്‍ വ്യവസായരംഗത്തു നിന്നും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

എഞ്ചിന്‍, ബ്ലൂടൂത്ത് സംവിധാനങ്ങള്‍, സീറ്റ് സിസ്റ്റം, കൊളിഷന്‍, ബ്ലൈന്റ് സ്‌പോട്ട് ഡിറ്റക്ഷന്‍, ട്രാന്‍സ്പിഷന്‍,വൈഫൈ, വീഡിയോ ഡിസ്‌പ്ലേ സിസ്റ്റം പോലെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യകള്‍ക്കെല്ലാം ചിപ്പുകള്‍ ആവശ്യമാണ്. 

ഇന്ന് വിപണിയിലെത്തുന്ന പലവിധ സ്മാര്‍ട്‌ഫോണുകള്‍, വയര്‍ലെസ് ആശയവിനിമയ ഉപകരണങ്ങള്‍ക്കും അനുബന്ധ സ്മാര്‍ട് ഉപകരണങ്ങള്‍ക്കുമെല്ലാം ചിപ്പുകള്‍ വേണം. 5ജി സ്മാര്‍ട്‌ഫോണുകള്‍ രംഗത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവയ്ക്ക് പഴയ പതിപ്പുകളേക്കാള്‍ ഊര്‍ജം ആവശ്യമാണ്. അതിന് കൂടുതല്‍ ചിപ്പുകള്‍ ആവശ്യമായിവരും. 

ആഗോള തലത്തില്‍ കോവിഡ്-19 വൈറസ് വ്യാപനം ശക്തിപ്പെട്ടതോടെയാണ്. സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ആരംഭിച്ചത്. ആളുകള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ ആഗോള തലത്തില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍, കംപ്യൂട്ടിങ്, ഗെയിമിങ് ഉപകരണങ്ങളുടെ ആവശ്യമേറി. പിന്നീട് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങുകയും വ്യവസായ സ്ഥാപനങ്ങളെല്ലാം ഒന്നിച്ച് ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. ഇത് ചിപ്പ് നിര്‍മാണ രംഗത്തെ പ്രതിസന്ധിയ്ക്കിടയാക്കി. 

ലോക്ക്ഡൗണ്‍ കാലത്ത് ഫാക്ടറികള്‍ അടച്ചുപൂട്ടിയ ജനറല്‍ മോട്ടോര്‍സ്, ടൊയോട്ട, ഫോര്‍ഡ് ഉള്‍പ്പടെയുള്ള വന്‍കിട വാഹനനിര്‍മാതാക്കളെല്ലാം ഫാക്ടറികള്‍ ഒന്നിച്ച് തുറക്കുകയും ചെയ്ത് ആവശ്യക്കാര്‍ കുത്തനെ വര്‍ധിക്കുന്നതിനിടയാക്കി. 

കഴിഞ്ഞയാഴ്ച ക്വാല്‍കോമിന്റെ പ്രധാന ഉപയോക്താക്കളില്‍ ഒന്നായ ആപ്പിള്‍ ചില ഘടകഭാഗങ്ങളുടെ ലഭ്യത കുറഞ്ഞതിനാല്‍ ഐഫോണ്‍ 12 ന്റെ വില്‍പന കുറച്ചതായി അറിയിച്ചിരുന്നു. 

മീഡിയാ ടെക്ക്, ഇൻറൽ, എൻവിഡിയ തുടങ്ങിയ കമ്പനികളും വലിയ രീതിയിൽ സെമികണ്ടക്ടർ വിതരണത്തിൽ പ്രതിസന്ധി നേരിടുന്നതായി അറിയിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിന് മുമ്പ് ഇത് സാധാരണ ഗതിയിലാവാനിടയില്ലെന്നും പറയപ്പെടുന്നു. 

വാഹനനിര്‍മാതാക്കളേക്കാള്‍ വലിയ വിലയില്‍ ചിപ്പ് വാങ്ങാന്‍ തയ്യാറാണെന്ന് ആപ്പിള്‍ പോലുള്ള കമ്പനികള്‍ അറിയിച്ചു കഴിഞ്ഞു. എങ്കിലും സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളെ ഈ പ്രശ്‌നം ഇതുവരെ കാര്യമായി ബാധിച്ച് തുടങ്ങിയിട്ടില്ല. 

എന്നാല്‍ പല വാഹന നിര്‍മാണ കമ്പനികളുടെ അവസ്ഥ അങ്ങനെയ്ല്ല.  ചിപ്പുകളുടെ ലഭ്യത കുറഞ്ഞതിനാല്‍ ഫോര്‍ഡ്, ഫിയറ്റ് തുടങ്ങിയ ഉല്‍പാദന പ്രക്രിയ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ചിപ്പുകളുടെ അഭാവം ഓട്ടോ മൊബൈല്‍ വ്യവസായത്തിന് ഈ വര്‍ഷം കനത്ത നഷ്ടമുണ്ടാക്കാനിടയുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

Content Highlights:global chip shortage affects smartphone automobile industry