ദുബായ്: ലോകത്തിലെ ഏറ്റവുംവലിയ വിവരസാങ്കേതികപ്രദര്‍ശനമായ ജൈറ്റക്സ് ഗ്ലോബലിന്റെ 41-ാമത് പതിപ്പിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഞായറാഴ്ച തുടക്കമായി.

ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഉദ്ഘാടനം ചെയ്തു. ആഗോളസാങ്കേതികസമൂഹത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത യു.എ.ഇ. തുടരുമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. ദുബായ് മീഡിയാ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പം അദ്ദേഹം ജൈറ്റക്സ് വേദികളില്‍ പര്യടനം നടത്തി. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ അതോറിറ്റി, ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിങ് പ്രതിനിധികളും അദ്ദേഹത്തെ അനുഗമിച്ചു.

ജൈറ്റക്സ് പ്രദര്‍ശനത്തില്‍ ലോകത്തെ ഏറ്റവും വലിയ ഐ.ടി കമ്പനികളടക്കം 60 രാജ്യങ്ങളില്‍ നിന്നുള്ള 700-ലേറെ കമ്പനികള്‍ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കും. ഇന്ത്യന്‍ ഐ.ടി. വിഭാഗം ഇത്തവണ സജീവമായി രംഗത്തുണ്ട്. യുവ ടെക് കമ്പനികള്‍ക്കായുള്ള സംരംഭകത്വം, നവീകരണം, നേതൃത്വ പരിപാടി എന്നിവയുള്‍പ്പെടുന്ന ജൈറ്റക്സ് യൂത്ത് എക്സ് യൂണിപ്രണര്‍ 2021 ആദ്യമായി അരങ്ങേറും. ശില്പശാല, സംവാദം, സമ്മേളനം തുടങ്ങിയവയാണ് മറ്റുപരിപാടികള്‍.

ഇന്ത്യന്‍കമ്പനികളും ഇന്ത്യയില്‍നിന്നുള്ള ഐ.ടി. വിദഗ്ധരും പങ്കെടുക്കുകയും പ്രഭാഷണം നടത്തുകയും ചെയ്യും. 50-ലേറെ ഇന്ത്യന്‍കമ്പനികളാണ് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളുമായി ജൈറ്റക്സിലുള്ളത്. നിര്‍മിതബുദ്ധി, 5ജി, ക്ലൗഡ്, ബ്ലോക്ക് ചെയിന്‍, സൈബര്‍സുരക്ഷ, ബിഗ് ഡാറ്റ, ക്വാണ്ടം കംപ്യൂട്ടിങ്, ഇമ്മേഴ്സീവ് ടെക്നോളജീസ്, ഫിനാന്‍സ്, മറ്റ് പുതിയ സാങ്കേതികവിദ്യകള്‍ എന്നിവയ്ക്കും പ്രാധാന്യം നല്‍കിയുള്ളതാണ് ജൈറ്റക്സ്.

ടൈവുമണ്‍ പിച്ച് മത്സരത്തിന്റെ ആഗോളഫൈനല്‍ ഇവിടെ നടക്കും. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ്, ദുബായ് എയര്‍പോര്‍ട്ട്, റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ഫോറിനേഴ്സ് അഫയേഴ്സ് തുടങ്ങി പൊതുമേഖലാസ്ഥാപനങ്ങളും ഈ മാസം 21 വരെ നടക്കുന്ന മേളയില്‍ പങ്കെടുക്കും. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി.