എൻ.പി. നിഖിൽ, എം.കെ. വിമൽ ഗോവിന്ദ്, കെ. റാഷിദ്, അരുൺ ജോർജ് എന്നിവർ.. | Photo: Genrobotics
തിരുവനന്തപുരം: ഫോര്‍ബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ പട്ടികയില്‍ ഇടം പിടിച്ച് മലയാളി സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ജെന്‍ റോബോട്ടിക്‌സ് സ്ഥാപകർ. ഈ വര്‍ഷത്തിലെ ഏഷ്യയിലെ കഴിവുറ്റ യുവാക്കളുടെ പട്ടികയിലാണ് ജെന്‍ റോബോട്ടിക്‌സ് സ്ഥാപകരായ എം.കെ. വിമല്‍ ഗോവിന്ദ്, അരുണ്‍ ജോര്‍ജ്, റാഷിദ് കെ, നിഖില്‍ എന്‍.പി എന്നിവരുടെ പേരുകള്‍ ഇടം പിടിച്ചത്. സാങ്കേതിക വിദ്യയിലൂടെ രാജ്യത്തെ ശുചിത്വ മേഖലക്ക് നല്‍കിയ സംഭാവനകള്‍ക്കാണ് ഈ നേട്ടം.
ധനകാര്യം, സാങ്കേതികവിദ്യ, സമാഹാരം, വിനോദം, സ്‌പോര്‍ട്‌സ് എന്നിങ്ങനെ വിവിധ മേഖലകളിലുള്ള യുവാക്കളെയും സംരംഭകരെയും ഉള്‍പ്പെടുത്തിയാണ് 2023-ലെ ഫോര്‍ബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ പട്ടിക ഒരുക്കിയിരിക്കുന്നത്. ഫോര്‍ബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ പട്ടികയില്‍ വ്യവസായം, ഉല്‍പ്പാദനം, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ പട്ടികയിലാണ് ജെന്‍ റോബോട്ടിക്‌സിന്റെ സഹസ്ഥാപകര്‍ ഉള്‍പ്പെടുന്നത്.
ഞങ്ങളുടെ ഇന്നോവേഷനെ ലോകം അംഗീകരിക്കുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നും 'ഫോര്‍ബ്‌സ് 30 അണ്ടര്‍ 30' ഏഷ്യ പട്ടികയില്‍ ഞങ്ങള്‍ക്ക് ഇടം നേടാനായത് അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണെന്നും ജെന്‍ റോബോട്ടിക്‌സ് ഇന്നോവേഷന്‍ സി.ഇ.ഒ. എം.കെ.വിമല്‍ ഗോവിന്ദ് പറഞ്ഞു. ഇത് യുവാക്കള്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാനും സാങ്കേതിക വിദ്യയിലൂടെ സമൂഹത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും പ്രചോദനമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'2018 ല്‍ കേരള ഗവണ്‍മെന്റിന്റെ സഹകരണത്തോടുകൂടി തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പ് ആയ ജെന്‍ റോബോട്ടിക് ഇന്നോവേഷന്‍ ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക് കമ്പനികളില്‍ ഒന്നാണ്. ഇത്തരമൊരു ആശയവുമായി എത്തിയ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുകയും കമ്പനി തുടങ്ങാനുള്ള സ്ഥലവും വര്‍ക്ക് ഷോപ്പിനുള്ള സ്ഥലവും ടെക്‌നോപാര്‍ക്കില്‍ നല്‍കുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ ഈ നേട്ടം നാടിന്റെ അഭിമാനമായിട്ടാണ് ഞങ്ങള്‍ കാണുന്നത്.' വ്യവസായ മന്ത്രി പി രാജീവ് ജെന്‍ റോബോട്ടിക്‌സിനെ അഭിനന്ദിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടുകൂടി 2018 ല്‍ തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പ് ആണ് ജെന്‍ റോബോട്ടിക്‌സ്. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനായി ജെന്‍ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത 'ബാന്‍ഡിക്കൂട്ട്' എന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്‌കാവെന്‍ജര്‍ ഇന്ന് ഇന്ത്യയിലെ 18-ഓളം സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ആസിയന്‍ മേഖലയിലും ഉപയോഗത്തിലുണ്ട്. ഇതുകൂടാതെ ജെന്‍ റോബോട്ടിക്‌സിന്റെ മിഷന്‍ റോബോ ഹോള്‍ പദ്ധതിയിലൂടെ 3000 ൽ അധികം ശുചീകരണ തൊഴിലാളികളുടെ ജീവിതം മാറ്റിമറിക്കുകയും പരിശീലനത്തിലൂടെ അവരെ റോബോട്ടിക് ഓപ്പറേറ്റര്‍മാരായി മാറ്റുകയും ചെയ്തു.
ബാന്‍ഡിക്കൂട്ടിനെ കൂടാതെ പക്ഷാഘാത രോഗികളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ട രീതിയിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന ജി -ഗെയ്റ്റര്‍ എന്ന സാങ്കേതിക വിദ്യയും ജെന്‍ റോബോട്ടിക്‌സിന്റേതായുണ്ട്. ഇങ്ങനെ, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി എന്ന നിലയിലാണ് ജെന്‍ റോബോട്ടിക്‌സ് ഫോര്‍ബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ ലിസ്റ്റില്‍ തിരഞ്ഞെടുത്തത്. ഇതിന് മുന്‍പ് 'ഫോര്‍ബ്‌സ് ഇന്ത്യ 30 അണ്ടര്‍ 30' പട്ടികയിലും ജെന്‍ റോബോട്ടിക്‌സ് സ്ഥാപകര്‍ ഇടം നേടിയിരുന്നു.
ജെന്‍ റോബോട്ടിക്‌സ് സ്ഥാപകരെ കൂടാതെ ഇന്ത്യയില്‍ നിന്ന് ഒളിമ്പിക്‌സ് സ്റ്റാര്‍ നീരജ് ചോപ്ര, അഭിനേതാവായ സിദ്ധാന്ത് ചാതുര്‍വേദി, സംഗീതജ്ഞയും മോഡലുമായ അംബിക നായിക് തുടങ്ങിയവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 2022-ല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് പ്രൈഡ് ഓഫ് കേരള അവാര്‍ഡും ജെന്‍ റോബോട്ടിക്‌സിനു ലഭിച്ചിരുന്നു.
Content Highlights: genrobotics founders in forbes 30 under 30 asia list
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..