കൊച്ചി: ഡിജിറ്റല്‍ ധനകാര്യ സേവനദാതാക്കളായ ഫ്രീചാര്‍ജിന്റെ നിയോ ബാങ്കിങ് പ്ലാറ്റ്‌ഫോം ബീറ്റാ പതിപ്പ് അവതരിപ്പിച്ചു. ഇതുവഴി പുതിയ പ്ലാറ്റ്‌ഫോമിന്റെ നിര്‍മിതിയില്‍ ഉപഭോക്താക്കള്‍ക്കും പങ്കാളികളാകാം. സൈന്‍ അപ്പ് പ്രക്രിയ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ നിലവിലുള്ള ഉപഭോക്താക്കളില്‍ നിന്ന് 18,000 പ്രതികരണങ്ങള്‍ ലഭിച്ചു. കൂടുതല്‍ പ്രതികരണങ്ങള്‍ ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
 
നൂതനമായ ബാങ്കിങ് അനുഭവം സൃഷ്ടിക്കുന്നതിനായി ഫ്രീചാര്‍ജിന്റെ നിയോ ബാങ്കിങ് പ്ലാറ്റ്‌ഫോം ബീറ്റ ഉപയോക്താക്കള്‍ക്ക് അതിലെ ടൂളുകളും സവിശേഷതകളും ഉപയോഗിച്ച് ആവശ്യമായ ഫീഡ് ബാക്ക് നല്‍കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. പുതുതലമുറയ്ക്ക് അവരുടെ സമ്പാദ്യത്തിനും വായ്പാ ആവശ്യങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ ടൂളുകളുള്ള ഒരു ബാങ്കിങ് പ്ലാറ്റ്‌ഫോം സൃഷ്ടിച്ചെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 

ഒറ്റ പ്ലാറ്റ്‌ഫോമില്‍ സൗകര്യപ്രദവും വ്യക്തിഗതവും വിവിധ ബാങ്കിങ് പേയ്‌മെന്റുകള്‍, നിക്ഷേപം, ക്രെഡിറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന പുതിയ സംവിധാനമാണ് നിയോ ബാങ്കുകളെന്നും ബീറ്റാ പതിപ്പില്‍ പങ്കാളികളാകുന്ന ഡിജിറ്റല്‍ വിദഗ്ദ്ധരായ ഉപഭോക്താക്കള്‍ അവരുടെ ആവശ്യകതകളെക്കുറിച്ച് നന്നായി മനസിലാക്കാന്‍ തങ്ങളെ സഹായിക്കുമെന്നും ഫ്രീചാര്‍ജ് എംഡിയും സിഇഒയുമായ സിദ്ധാര്‍ഥ് മേത്ത പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് സമ്പത്ത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ നിയോ ബാങ്ക് സജ്ജരാക്കുമെന്നും പ്രായോഗികമായ ഒരു ബാങ്കിംഗ് അനുഭവം സൃഷ്ടിക്കുമെന്നും ഫ്രീച്ചാര്‍ജ് ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.  

കെവൈസി സേവിങ്‌സ് അക്കൗണ്ട്, ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, ആവര്‍ത്തന നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, വ്യക്തിഗത വായ്പകള്‍, ഇപ്പോള്‍ വാങ്ങുക പിന്നീട് പണം നല്‍കുക, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പ്ലാറ്റ്‌ഫോമിന്റെ ഫൈനല്‍ പതിപ്പില്‍ ലഭിക്കും.

Content Highlights: Neo Banking Platform, Freecharge, Online Bussiness, Online payment, Online banking