വെയറബിള്‍ ഉപകരണ നിര്‍മാതാക്കളായ ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കാന്‍ ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്റെ അനുമതി താമസിയാതെ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. 210 കോടിയുടെ ഇടപാടാണിത്. ഇതുവഴി ആപ്പിള്‍, സാംസങ് പോലുള്ള ബ്രാന്‍ഡുകളെ വെയറബിള്‍ ഉപകരണ വിപണന രംഗത്ത് നേരിടാന്‍ ഗൂഗിളിന് സാധിക്കും.

ഫിറ്റ്‌നസ് ട്രാക്കര്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫിറ്റ്ബിറ്റിന്റെ വിവര ശേഖരം ഗൂഗിള്‍ പരസ്യ വിതരണത്തിനായി ഉപയോഗപ്പെടുത്തിയേക്കുമെന്നും വിപണി മത്സരത്തിനായി ദുരുപയോഗം ചെയ്‌തേക്കുമെന്നുമുള്ള ആശങ്ക യൂറോപ്യന്‍യൂണിയന്‍ ഉയര്‍ത്തിയതോടെയാണ് ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിന് കാലതാമസം നേരിട്ടത്. 

ഫിറ്റ്ബിറ്റ് ഡാറ്റ പരസ്യ വിതരണത്തിന് ഉപയോഗിക്കുന്ന നിയന്ത്രിക്കുമെന്നും ഈ പ്രക്രിയ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ഗൂഗിള്‍ വാഗ്ദാനം നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ സമാനമായ വാഗ്ദാന യൂറോപ്യന്‍ കമ്മീഷന്‍ നിഷേധിച്ചിരുന്നു.

ഈ ഇടപാടില്‍ ഡിസംബര്‍ 23 നാണ് യൂറോപ്യന്‍ കമ്മീഷന്‍ തീരുമാനം പ്രഖ്യാപിക്കുക. എങ്കിലു ഈ തീയതിക്ക് മുമ്പ് തന്നെ തീരുമാനം പ്രഖ്യാപിച്ചേക്കും.

അതിന് മുമ്പ് ഡാറ്റാ ഉപയോഗവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ നല്‍കിയ ഇളവുകളും മുന്നോട്ടുവെച്ച ആവശ്യങ്ങളും സംബന്ധിച്ച് വിപണിയിലെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ഉപയോക്താക്കളില്‍ നിന്നും അഭിപ്രായമാരായുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.