നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള 2017ലെ ഉത്തരവ് മാറ്റമില്ലാതെ തുടരാന്‍ യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ തീരുമാനിച്ചു. ഉത്തരവിലെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന കോടതി നിര്‍ദേശം നിലനില്‍ക്കെ രണ്ടിനെതിരെ മൂന്ന് വോട്ടുകള്‍ക്ക് ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ തുടരാന്‍ തീരുമാനിച്ചത്.

2019 ഒക്ടോബറില്‍ കൊളംബിയ അപ്പീല്‍ കോടതി 2015 ലെ നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള എഫ്‌സിസിയുടെ തീരുമാനം ശരിവെച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേറ്റ് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സ്വന്തം നിയമങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള തീരുമാനത്തെ കോടതി വിമര്‍ശിച്ചു. എന്നാല്‍ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നും നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍ സംബന്ധിച്ച സംവാദങ്ങള്‍ തുടരുമെന്നും കോടതി പറഞ്ഞു. 

അമേരിക്കയിലെ കേബിള്‍, വയര്‍ലെസ്, ബ്രോഡ്ബാന്റ് സേവനദാതാക്കള്‍ വെബ്സൈറ്റുകള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും ടെലികോം നെറ്റ് വര്‍ക്കില്‍ വിലക്കേര്‍പ്പെടുത്തുന്നതും നെറ്റ്ഫ്ളിക്സ് പോലുള്ള വീഡിയോ സേവനങ്ങള്‍ ഉപയോക്താക്കളിലേക്ക് വേഗതയില്‍ എത്തണമെങ്കില്‍ അധികചാര്‍ജ് ഈടാക്കുന്നതും വിലക്കുന്നതാണ് 2015 ല്‍ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് അവതരിപ്പിച്ച ഇന്റര്‍നെറ്റ് സമത്വ നിയമം.

എന്നാല്‍ പിന്നീട് വന്ന ട്രംപ് ഭരണ കൂടം നിയമിച്ച ഇന്ത്യന്‍ വംശജനായ അജിത് പൈയുടെ നേതൃത്വത്തിലുള്ള  അമേരിക്കന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ ഈ നിയമങ്ങള്‍ അസാധുവാക്കി. 2017 ഡിസംബര്‍ 14 ന്  എഫ്‌സിസി മുന്നോട്ട് വെച്ച നിര്‍ദ്ദേശം 3-2 വോട്ടുകള്‍ക്കാണ് വൈറ്റ് ഹൗസ് പാസാക്കിയത്. 

ഡെമോക്രാറ്റുകള്‍, ഹോളിവുഡ്, ഗൂഗിള്‍ ഫെയ്സ്ബുക്ക് പോലുള്ള കമ്പനികള്‍ ഒബാമ ഭരണകൂടത്തിന്റെ നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍ നിലനിര്‍ത്തണമെന്ന പക്ഷക്കാരാണ്. 

Content Highlights: FCC majority votes to leave 2017 net neutrality repeal unchanged