വാഷിങ്ടണ്‍: അമേരിക്കയുടെ നിയമപാലന ഏജന്‍സിയായ എഫ്ബിഐയ്ക്ക് നേരെ ഗുരുതരമായ സൈബറാക്രമണം. എഫ്ബിഐയുടെ ഇമെയില്‍ സെര്‍വറുകള്‍ കയ്യടക്കിയ ഹാക്കര്‍ ആയിരക്കണക്കിനാളുകള്‍ക്ക് ഇമെയിലുകള്‍ അയക്കുകയായിരുന്നു. 'നിങ്ങള്‍ ഒരു സൈബറാക്രമണത്തിന് ഇരയായിരിക്കുന്നു' എന്ന് അറിയിച്ചുകൊണ്ടുള്ളതായിരുന്നു ആ ഇമെയിലുകള്‍. ഒരു ഔദ്യോഗിക പ്രസ്താവനയിലാണ് എഫ്ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. 

ഒരു ലക്ഷത്തോളം ഇമെയില്‍ ഐഡികളിലേക്ക് വ്യാജ ഇമെയില്‍ സന്ദേശം അയക്കപ്പെട്ടിട്ടുണ്ടെന്ന് ദി സ്പാംഹോസ് പ്രൊജക്ട് എന്ന എൻ.ജി.ഒ പറയുന്നു. എഫ്ബിഐയുടെ നിയമപരമായ ഇമെയില്‍ സംവിധാനങ്ങളാണ് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്തത്. അമേരിക്കന്‍ രജിസ്ട്രി ഫോര്‍ ഇന്റര്‍നെറ്റ് നമ്പേഴ്‌സില്‍ നിന്നെടുത്ത ഇമെയില്‍ ഐഡികളിലേക്കാണ് സന്ദേശങ്ങള്‍ പോയത്. 

എന്നാല്‍ ഇമെയിലുകളില്‍ അപകടകരമായ ലിങ്കുകളൊന്നും ചേര്‍ത്ത് അയക്കാനുള്ള ഉദ്ദേശം ഹാക്കര്‍മാര്‍ക്ക് ഉണ്ടായിരുന്നില്ല എന്നും ആളുകളെ ഭയപ്പെടുത്താന്‍ വേണ്ടിയുള്ള ശ്രമമായിരിക്കാം ഇതെന്നും സ്പാംഹോസ് സീനിയര്‍ ത്രെട്ട് അനലിസ്റ്റ് അലെക്‌സ് ഗ്രോസ്ജീന്‍ പറഞ്ഞു. 

സൈബറാക്രമണത്തിന് പിന്നില്‍ പോംപോംപുരിന്‍ എന്ന പേരിലുള്ളയാളാണെന്ന് ക്രെബ്‌സ് ഓണ്‍ സെക്യൂരിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമെയിലുകള്‍ അയച്ചതിന് ശേഷം ഹാക്കര്‍ ക്രെബ്‌സ് ഓണ്‍ സെക്യൂരിറ്റിയെ ബന്ധപ്പെട്ടിരുന്നു. എഫ്ബിഐയുടെ ഇമെയില്‍ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഇത് ചെയ്തത് എന്ന് അയാള്‍ പറഞ്ഞതായും ക്രെബ്‌സ് ഓണ്‍ സെക്യൂരിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.

സോഫ്റ്റ് വെയറിലെ പ്രശ്‌നം മൂലം ഹാക്കര്‍ക്ക് താല്‍കാലികമായി ലോ എന്‍ഫോഴ്‌സ്‌മെന്റ് എന്റര്‍പ്രൈസ് പോര്‍ട്ടലില്‍ (ലീപ്പ്) പ്രവേശിക്കാന്‍ സാധിച്ചുവെന്ന് എഫ്ബിഐ പ്രസ്താവനയില്‍ പറഞ്ഞു. പ്രാദേശിക നിയമ പരിപാലന ഏജന്‍സികളുമായും സംസ്ഥാനങ്ങളുമായും ബന്ധപ്പെടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സംവിധാനമാണിത്. 

ലീപ്പിന് വേണ്ടിയുള്ള സെര്‍വറിലാണ് ഹാക്കര്‍ നുഴഞ്ഞുകയറിയത്. എഫ്ബിഐയുടെ കോര്‍പ്പറേറ്റ് ഇമെയില്‍ സേവനത്തിന്റെ ഭാഗമല്ല അത്. എഫ്ബിഐ നെറ്റ് വര്‍ക്കിലെ വിവരങ്ങള്‍ കൈക്കലാക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അറിഞ്ഞ ഉടനെ പ്രശ്‌നം പരിഹരിക്കുകയും വ്യജ സന്ദേശങ്ങള്‍ ലഭിച്ചവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നും എഫ്ബിഐ പറഞ്ഞു.