ങ്ങനെയൊരു സ്റ്റിങ് ഓപ്പറേഷന്‍ മുമ്പ് കേട്ടിട്ടുണ്ടാവില്ല. കുറ്റവാളികള്‍ക്കിടയില്‍ രഹസ്യമായി എന്‍ക്രിപ്റ്റഡ് ഫോണുകള്‍ വിതരണം ചെയ്യുക, പിന്നീടങ്ങോട്ട് നാട്ടിലെ സകല കുറ്റവാളികളുടേയും ആശയവിനിമയങ്ങള്‍ നിരന്തരം നിരീക്ഷിക്കുക, കുറ്റകൃത്യങ്ങളുടെ വ്യക്തമായ വിവരമറിഞ്ഞ് നടപടി സ്വീകരിക്കുക, കുറ്റവാളികളെ ഓരോരുത്തരായി പിടികൂടുക. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അഥവാ എഫ്ബിഐ ആണ് അത്യപൂര്‍വമായൊരു സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയത്.

നമ്മുടെ നാട്ടിലേത് പോലല്ല, അമേരിക്കന്‍ നാടുകളിലെ കള്ളക്കടത്ത് സംഘങ്ങളും മയക്കുമരുന്നു മാഫിയയുമെല്ലാം ഹൈടെക്കായിട്ട് കുറേ കാലമായി. വിവരങ്ങള്‍ കൈമാറാന്‍ അവര്‍ എന്‍ക്രിപ്റ്റഡ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. 2018-ല്‍ കുറ്റവാളികള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗത്തിലിരുന്ന ഫാന്റം സെക്വര്‍ എന്ന എന്‍ക്രിപ്റ്റഡ് ഫോണ്‍ ശൃംഖലയെ പോലീസ് തകര്‍ത്തതോടെയാണ് ഈ പുതിയ സ്റ്റിങ് ഓപ്പറേഷന് വഴിയൊരുങ്ങിയത്.

നിയമക്കുരുക്കിലായ ഫാന്റം സെക്വര്‍ ഫോണിന്റെ നിര്‍മാതാക്കള്‍ തങ്ങള്‍  അനോം (Anom) എന്ന പേരില്‍ മറ്റൊരു പുതിയ എന്‍ക്രിപ്റ്റഡ് ഉപകരണം നിര്‍മിക്കുന്നുണ്ടെന്ന് പോലീസിനെ അറിയിച്ചു. ഈ സംവിധാനത്തിന്റെ സേവനം എഫ്ബിഐയ്ക്കും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലിസിനും അവര്‍ വാഗ്ദാനം ചെയ്തു. തങ്ങള്‍ക്കുമേല്‍ ചുമത്തിയ ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കി കിട്ടുന്നതിനാണ് ഇങ്ങനെ ഒരു ഓഫര്‍ അവര്‍ മുന്നോട്ടുവെച്ചത്.

ഇതോടെ പുതിയ അനോം ഫോണ്‍ നിലവിലുള്ള വിതരണ ശൃംഖലയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ഫാന്റം ഫോണിന്റെ ഉപയോക്താക്കളായിരുന്ന സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആളുകള്‍ പുതിയതും കൂടുതല്‍ സുരക്ഷയും വാഗ്ദാനം ചെയ്‌തെത്തിയ അനോം ഫോണുകള്‍ സ്വന്തമാക്കി. എന്‍ക്രിപ്റ്റഡ് സേവനം വാഗ്ദാനം ചെയ്യുന്നവയായിരുന്നുവെങ്കിലും എന്‍ക്രിപ്ഷന്‍ പൊളിക്കാനുള്ള താക്കോല്‍ കമ്പനി പോലീസിന് കൈമാറിയുന്ന കാര്യം ഫോണുകള്‍ വാങ്ങിയ ആരും തന്നെ അറിഞ്ഞില്ല.

അനോം ഫോണ്‍ ഉപയോഗിച്ചുള്ള വിവര കൈമാറ്റങ്ങളെ ഡിക്രിപ്റ്റ് ചെയ്യാനുള്ള മാസ്റ്റര്‍ കീ എഫ്ബിഐയുടേയും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസിന്റെയും കയ്യിലുണ്ടായിരുന്നു. പിന്നീടങ്ങോട്ട് നാട്ടിലെ കുറ്റവാളികളില്‍ വലിയൊരു വിഭാഗം പോലീസിന്റെ വലയിലായി. കൊക്കേയ്ന്‍ പോലുള്ള മയക്കുമരുന്നുകളുടെ ചിത്രങ്ങളും അത് എങ്ങനെയാണ് കള്ളക്കടത്ത് നടത്തുന്നത് എന്ന വിവരങ്ങളും ഇതുവഴി കൈമാറ്റം ചെയ്യപ്പെട്ടു. എല്ലാം പോലീസ് അറിയുകയും ചെയ്തു.

അനോം ഉപയോക്താക്കളില്‍ ഭൂരിഭാഗവും ഓസ്‌ട്രേലിയക്കാരായിരുന്നു. എന്നാല്‍ ജര്‍മനി, നെതര്‍ലാന്‍ഡ്, സ്‌പെയ്ന്‍, സെര്‍ബിയ ഉള്‍പ്പടെ 90 രാജ്യങ്ങളില്‍ അനോം ഉപയോക്താക്കള്‍ ഉണ്ടായിരുന്നു. അതിനിടെ, 2021-ല്‍ സ്‌കൈ ഗ്ലോബല്‍ എന്ന മറ്റൊരു എന്‍ക്രിപ്റ്റഡ് ആശയവിനിമയ സംവിധാനം കൂടി പോലീസ് അടച്ചുപൂട്ടിയതോടെ കൂടുതല്‍ ആളുകള്‍ അനോം നെറ്റ്വര്‍ക്കിലേക്ക് കടന്നുവന്നു.

300 ക്രിമിനല്‍ സിന്‍ഡിക്കേറ്റുകള്‍ അനോം ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അനോം ഡാറ്റ ഉപയോഗിച്ചുള്ള നേരിട്ടുള്ള നടപടികളേക്കാളുപരി, ഇത്തരം എന്‍ക്രിപ്റ്റഡ് ആശയവിനിമയ സംവിധാനങ്ങള്‍ക്ക് മേല്‍ കുറ്റവാളി സംഘങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന അമിതവിശ്വാസത്തില്‍ വിള്ളലേല്‍പ്പിക്കാന്‍ ഈ ഓപ്പറേഷനിലൂടെ സാധിച്ചുവെന്നും അവര്‍ പറഞ്ഞു.

Content Highlights: fbi, afp sting operation with anom encrypted devices