ഫിയര്‍ലെസ് ആന്റ് യുണൈറ്റഡ് ഗാര്‍ഡ്‌സ് അഥവാ ഫൗജി ഗെയിം ഗൂഗിള്‍ പ്ലേ സ്റ്റോറിലെത്തി. റിപ്പബ്ലിക് ദിനത്തിലാണ് ഗെയിം പുറത്തിറക്കിയത്. 10 ലക്ഷത്തോളം പേര്‍ ആപ്പിനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍കോര്‍ ഗെയിംസ് ആണ് ഫൗജി പുറത്തിറക്കിയത്. 

ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടങ്ങളെ ആസ്പദമാക്കിയുള്ള പ്രമേയമാണ് ഗെയിമില്‍. ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയിലുണ്ടായ സൈനിക നീക്കത്തെ ആസ്പദമാക്കിയാണ് ഫൗജിയുടെ ആദ്യ എപ്പിസോഡ്. മറ്റ് ആക്ഷന്‍ ഗെയിമുകളില്‍നിന്ന് ഫൗജി എന്ന് എന്‍കോര്‍ ഗെയിംസ് സിഇഒ വിശാല്‍ ഗൊണ്ടാല്‍ പറഞ്ഞു. 

പബ്ജിയെ പോലെയുള്ള ബാറ്റില്‍ റോയേല്‍ ഗെയിം അല്ല ഫൗജി. ഇത് ഒരു പ്രമേയം അടിസ്ഥാനമാക്കിയുള്ള ഗെയിം ആണ്. അതായത് ഒരു പ്രത്യേക തിരക്കഥയുടെ അടിസ്ഥാനത്തിലായിരിക്കും ഗെയിം കളിക്കുക. കാര്‍ഗില്‍ യുദ്ധം, 2016-ലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ മറ്റ് പോരാട്ടങ്ങളും ഫൗജി ഗെയിമില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ബാറ്റില്‍ റോയേല്‍ മോഡ് മാസങ്ങള്‍ക്കുള്ളില്‍

ഫൗജിയെ പബ്ജിയുമായി ഏറെ താരതമ്യം ചെയ്ത് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പബ്ജി മൊബൈലിന്റെ നിരോധനത്തിന് പിന്നാലെയുള്ള ഫൗജിയുടെ പ്രഖ്യാപനവും പേരിലുള്ള സാമ്യതയും അതിന് കാരണമായി. നിലവില്‍ ഫൗജി ഒരു ബാറ്റില്‍ റൊയേല്‍ ഗെയിം അല്ല എങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ഫൗജിയില്‍ ബാറ്റില്‍ റൊയേല്‍ മോഡ് അവതരിപ്പിക്കുമെന്നാണ് ഗൊണ്ടാലിന്റെ പ്രഖ്യാപനം. 

ഗെയിമിന്റെ 20 ശതമാനം വരുമാനം ഇന്ത്യന്‍ സൈന്യത്തിന് നല്‍കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഫൗജി ആപ്പിനുള്ളില്‍ ഉപയോക്താക്കള്‍ നടത്തുന്ന പണമിടപാടുകളില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്ക് 'ഭാരത് കെ വീര്‍' ഫൗണ്ടേന് സംഭാവനയായി നല്‍കും. 

ഗെയിം എല്ലാവര്‍ക്കും സൗജന്യമായി കളിക്കാമെങ്കിലും. ഉപയോക്താക്കള്‍ക്ക് അവരുടെ പ്ലെയര്‍ അവതാറുകള്‍, സ്‌കിന്‍ പോലുള്ള മറ്റ് ഫീച്ചറുകള്‍ ഇഷ്ടാനുസരണം പണം നല്‍കി വാങ്ങാന്‍ സാധിക്കും. ടി ഷര്‍ട്ടുകള്‍, ഹൂഡീസ് പോലെ ഫൗജിയുടെ പേരിലുള്ള മറ്റ് ഉല്‍പ്പന്നങ്ങളും ഉപയോക്താക്കള്‍ക്ക് വാങ്ങാന്‍ സാധിക്കും.

Content Highlights: FAUG action game launched in google playstore