മുംബൈ: പബ്ജി ഗെയിം കളിക്കുന്നതിനുവേണ്ടി പുതിയ ഫോണ്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് 18 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ കുര്‍ള നെഹ്‌റു നഗറിലാണ് സംഭവം. 

പബ്ജി ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനായി 37,000 രൂപ വിലയുള്ള സ്മാര്‍ട്‌ഫോണ്‍ വാങ്ങി നല്‍കണം എന്നായിരുന്നു കുട്ടിയുടെ ആവശ്യം. എന്നാല്‍ ഇത്രയും വലിയുള്ള ഫോണ്‍ വാങ്ങിനല്‍കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. എന്നാല്‍ 20000 രൂപയ്ക്ക് താഴെ വിലയുള്ള ഫോണ്‍ വാങ്ങിയാല്‍ മതിയെന്ന് അവര്‍ കുട്ടിയോട് ആവശ്യപ്പെട്ടു. ഇതിലുണ്ടായ വിഷമത്തില്‍ കുട്ടി വീട്ടിലെ അടുക്കളയിലുള്ള ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. 

അപകടമരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്. 

ആഗോള തലത്തില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച സ്മാര്‍ട്‌ഫോണ്‍ ഗെയിം ആണ് പ്ലെയര്‍ അണ്‍നൗണ്‍ ബാറ്റില്‍ ഗ്രൗണ്ട്‌സ് അഥവ പബ്ജി മൊബൈല്‍. ബാറ്റില്‍ റൊയേല്‍ വിഭാഗത്തില്‍ പെടുന്ന ഈ ഗെയിമില്‍ നൂറ് കളിക്കാരാണുണ്ടാവുക. ഇവരെല്ലാവരേയും നേരിട്ട് ഏറ്റവും ഒടുവില്‍ അതിജീവിക്കുന്നവരാണ് വിജയികള്‍.

ഗെയിമിനെതിരെ ഇതിനോടകം വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. പബ്ജി മയക്കുമരുന്നുപോലെ ആസക്തിയുള്ളതാണെന്നും, കുട്ടികളുടെ പഠനത്തേയും യുവാക്കളുടെ മാനസികാരോഗ്യത്തേയും ഇത് ബാധിക്കുന്നുണ്ടെന്ന വിമര്‍ശനമുണ്ട്. ഗുജറാത്തിലെ സ്‌കൂളുകളില്‍ ഗെയിമിന് ഔദ്യോഗിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

News Source: Hindustan Times

Content Highlights: family denied new mobile to play PUBG Mumbai teenager commit suicide