ഫ്ളോറിഡ: ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു. എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് ആണ് ഈ ഭീമന്‍ റോക്കറ്റ് വിക്ഷേപിച്ചത്. അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്. എലന്‍ മസ്‌കിന്റെ ഇലക്ട്രിക് കാറായ ടെസ്‌ല റോഡ്സ്റ്ററും വഹിച്ചാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. 

ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററില്‍ നടന്ന വിക്ഷേപണം കാണാന്‍ ആയിരക്കണക്കിനാളുകളെത്തിയിരുന്നു. ഇതോടെ 2004 ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫോര്‍ ഹെവി റോക്കറ്റിന്റെ റെക്കോര്‍ഡ് ഫാല്‍ക്കണ്‍ മറികടന്നു.

2500 ടണ്‍ ഊര്‍ജമാണ് വിക്ഷേപണത്തിനായി കത്തിയമര്‍ന്നത്. 63,500 കിലോഗ്രാം ചരക്ക് ഭൂമിക്ക് പുറത്തെത്തിക്കാനുള്ള ശേഷി ഫാല്‍ക്കണ്‍ ഹെവിയ്ക്കുണ്ട്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ അയക്കാനുള്ള ശ്രമങ്ങള്‍ക്ക് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിന്റെ ഈ വിജയകരമായ വിക്ഷേപണം പ്രതീക്ഷ നല്‍കുന്നു. പരീക്ഷണം വിജയകരമായാല്‍ അത് അനന്ത സാധ്യതകളാണ് സൃഷ്ടിക്കുകയെന്ന് മസ്‌ക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഫാല്‍ക്കണ്‍ ഹെവിയുടെ സാധ്യതകള്‍

  • അമേരിക്കന്‍ രഹസ്യാന്വേഷണ സൈനിക ആവശ്യങ്ങള്‍ക്കായുള്ള വലിയ ഉപഗ്രങ്ങളുടെ വിക്ഷേപണം. നിലവിലുള്ള പരിമിതികള്‍ കാരണം ഉപഗ്രഹങ്ങളുടെ ഭാരം കുറച്ചിരിക്കുകയാണ്,
  • ഒരുപാട് ഉപഗ്രങ്ങള്‍ ഒന്നിച്ച് ഭ്രമണ പഥത്തിലെത്തിക്കാം. 
  • വലുതും കൂടുതല്‍ കഴിവുള്ളതുമായ റോബോട്ടുകള്‍ ചൊവ്വയിലെത്തിക്കാം. അല്ലെങ്കില്‍ വ്യാഴം, ശനി, പോലുള്ള ഗ്രഹങ്ങളിലേക്കും.
  • ഭാരമേറിയ ദൂരദര്‍ശിനികള്‍ ബഹിരാകാശത്തെിത്തിക്കാനും ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിന്റെ ശേഷി പ്രയോജനപ്പെടുത്താം. 
  • റോക്കറ്റ് ബൂസ്റ്ററുകള്‍ തിരികെയെത്തിക്കാന്‍ സാധിക്കുന്നതിനാല്‍ ചെലവ് വലിയ അളവില്‍ കുറയ്ക്കാനും സാധിക്കമെന്ന് കമ്പനി അവകാശപ്പെടുന്നു. 

27 എഞ്ചിനുകളാണ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലുണ്ടായിരുന്നത്. ഫാല്‍ക്കണ്‍ ഹെവിയില്‍ ഘടിപ്പിച്ചിരുന്ന മൂന്ന് റോക്കറ്റ് ബൂസ്റ്ററുകള്‍ ഭൂമിയില്‍ തിരിച്ചിറക്കാനുള്ള ശ്രമം പൂര്‍ണമായും വിജയമായില്ല. 

രണ്ട് റോക്കറ്റ് ബൂസ്റ്ററുകള്‍ ഫ്‌ലോറിഡ തീരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഒരേ സമയം വന്നിറങ്ങിയപ്പോള്‍ കടലില്‍ തയ്യാറാക്കിയ ഡ്രോണ്‍ ഷിപ്പില്‍ ഇറക്കാന്‍ പദ്ധതിയിട്ട് മൂന്നാമത്തെ ബൂസ്റ്റര്‍ കടലില്‍ വീണു തകരുകയായിരുന്നു.