ന്യൂഡല്‍ഹി: 13 ലക്ഷം വിലമതിക്കുന്ന 2000-ല്‍ അധികം വ്യാജ ഷാവോമി ഉല്‍പന്നങ്ങള്‍ പോലീസ് പിടികൂടി. ഡല്‍ഹിയിലെ ഗാഫര്‍ മാര്‍ക്കറ്റില്‍ നിന്നാണ് മുന്‍നിര ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
ഷാവോമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ്. ഷാവോമിയുടെ ഇന്ത്യന്‍ സംഘവും പോലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ നാല് വില്‍പനക്കാരും പോലീസ് പിടിയിലായി.
ഐംഐ പവര്‍ബാങ്കുകള്‍, എംഐ നെക്ക് ബാന്‍ഡുകള്‍, എംഐ ട്രാവല്‍ അഡാപ്റ്ററുകള്‍, എംഐ ഇയര്‍ഫോണ്‍ ബേസിക് വിത്ത് മൈക്ക്, എംഐ വയര്‍ലെസ് ഹെഡ്‌സെറ്റ്, എംഐ എയര്‍ ഡോട്ട്‌സ്, എംഐ 2 ഇന്‍ വണ്‍ യുഎസ്ബി കേബിള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ പിടികൂടിയ വ്യാജ ഉല്‍പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതില്‍ റഡ്മി എയര്‍ ഡോട്‌സ് ഷാവോമി ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല.
വ്യാജ ഷാവോമി ഉല്‍പന്നങ്ങള്‍ എങ്ങനെ തിരിച്ചറിയാം
പവര്‍ബാങ്ക് പോലുള്ള ഷാവോമിയുടെ ചില ഉല്‍പ്പന്നങ്ങളില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വെരിഫൈ ചെയ്യാനാവുന്ന സെക്യൂരിറ്റി നമ്പര്‍ ഉണ്ടാവും. ഇത് ഉപയോഗിച്ച് ഉല്‍പ്പന്നങ്ങളുടെ ആധികാരികത ഉറപ്പുവരുത്താവുന്നതാണ്.
ഷാവോമിയുടെ യഥാര്‍ഥ ഉല്‍പ്പന്നങ്ങളുടേയും വ്യാജ ഉല്‍പന്നങ്ങളുടെയും പാക്കേജിങില്‍ വ്യത്യാസമുണ്ടാവാറുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ യഥാര്‍ഥ പാക്കേജുകള്‍ തിരിച്ചറിയാനാവും.
എംഐ ബാന്‍ഡ് പോലുള്ള ഷാവോമിയുടെ ഫിറ്റ്‌നസ് ഉല്‍പ്പന്നങ്ങളെല്ലാം എംഐ ഫിറ്റ് ആപ്പുമായി ബന്ധിപ്പിക്കാനാവും. ഇതിന് സാധിച്ചില്ലെങ്കില്‍ ഒരു എംഐ സര്‍വീസ് സെന്റര്‍ സന്ദര്‍ശിച്ച് വ്യാജ ഉല്‍പന്നങ്ങള്‍ തിരിച്ചറിയാം.
ഷാവോമി ഉല്‍പന്നങ്ങളുടെ ബാറ്ററിയില്‍ ' Li-Poly' എന്നാണുണ്ടാവുക. 'Li-ion' എന്നാണ് ബാറ്ററിയില്‍ ഉള്ളത് എങ്കില്‍ അത് യഥാര്‍ഥ ഷാവോമി ഉല്‍പ്പന്നമല്ല.
ഷാവോമിയുടെ പേരിലുള്ള വ്യാജ യുഎസ്ബി കേബിളുകള്‍ ദുര്‍ബലമായിരിക്കും. ഇത് പെട്ടെന്ന് പൊട്ടുന്നതായിരിക്കുമെന്ന് കമ്പനി പറയുന്നു. വ്യാജ കേബിളുകള്‍ ഫോണ്‍ കേടുവരുത്തുമെന്നും കമ്പനി പറയുന്നു.
ഉല്‍പ്പന്നത്തോടൊപ്പം നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വ്യക്തമായി പരിശോധിച്ചുവേണം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍. ഷാവോമിയുടേത് മാത്രമല്ല. മറ്റ് മുന്‍ നിര ബ്രാന്റുകളുടേയും വ്യാജ പതിപ്പുകള്‍ വിപണിയിലുണ്ട്. കൃത്യമായ പരിശോധന നടത്തി വേണം ഇവ വാങ്ങാന്‍.
Content Highlights: Fake Xiaomi products seized in Delhi how to identify fake products