ലിസ്ബണ്‍:  മാര്‍ക്ക് സക്കര്‍ബര്‍ഗ് സിഇഒ സ്ഥാനം ഒഴിഞ്ഞാലേ ഫെയ്‌സ്ബുക്ക് നന്നാവുകയുള്ളൂ എന്ന് കമ്പനിയിലെ പ്രൊഡക്റ്റ് എഞ്ചിനീയറായിരുന്ന ഫ്രാന്‍സിസ് ഹൂഗന്‍. അദ്ദേഹം സിഇഒ സ്ഥാനത്ത് തുടര്‍ന്നാല്‍ കമ്പനിയില്‍ ഒരു മാറ്റവുമുണ്ടാവാന്‍ സാധ്യതയില്ല. പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ നടന്ന വെബ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് ഹൂഗന്‍. 

ഫെയ്‌സ്ബുക്കിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി രേഖകള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് ഫ്രാന്‍സിസ് ഹൂഗന്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് മേല്‍ കമ്പനി ലാഭത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വ്യാജവാര്‍ത്താ പ്രചാരണം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കമ്പനി കാര്യമായി  ഒന്നും ചെയ്തിരുന്നില്ലെന്നും വ്യക്തമാക്കുന്ന തെളിവുകളാണ് ഫ്രാന്‍സിസ് ഹൂഗന്‍ വെളിപ്പെടുത്തിയത്. 

ഈ വിവാദങ്ങള്‍ക്കിടെയാണ് മെറ്റാവേഴ്‌സ് നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കമ്പനി മെറ്റ എന്ന് പേര് മാറ്റിയത്. എന്നാല്‍ ഈ പേര് മാറ്റം ഇപ്പോഴുള്ള നാണക്കേടില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണ് എന്ന് മെറ്റാവേഴ്‌സ് വെര്‍ച്വല്‍ ലോകത്തിനായി ഫെയ്‌സ്ബുക്കിനും മുമ്പേ തന്നെ പ്രവര്‍ത്തിച്ച് തുടങ്ങുകയും മുന്നേറുകയും ചെയ്ത സ്ഥാപനങ്ങള്‍ ആരോപിക്കുന്നുണ്ട്. 

എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ ശ്രമിക്കാതെയുള്ള ഈ പേര് മാറ്റം യുക്തിയ്ക്ക് നിരയ്ക്കുന്നല്ലെന്ന് ഹൂഗന്‍ പറഞ്ഞു. കമ്പനിയുടെ വികസനമാണ് ഫെയ്‌സ്ബുക്ക് വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നത്. അവര്‍ പറയുന്നു.

2019 ല്‍ ഫെയ്‌സ്ബുക്കിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ താഴെയിറക്കാന്‍ കമ്പനിയിലെ ഓഹരി ഉടമകള്‍ ശ്രമിച്ചിരുന്നു. കേംബ്രിജ് അനലിറ്റിക്ക ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ കമ്പനിയെ ബാധിച്ചതോടെയാണ് സക്കര്‍ബര്‍ഗ് സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ഡയറക്ടര്‍മാര്‍ രംഗത്തെത്തിയത്. എന്നാല്‍ കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിങില്‍ നടന്ന വോട്ടെടുപ്പ് സക്കര്‍ബര്‍ഗ് അതിജീവിക്കുകയായിരുന്നു.

Content Highlights: Facebook Whistleblower frances hougen Urges Mark Zuckerberg To Step Down