Photo: AFP
ഓസ്ട്രേലിയന്‍ ഉപയോക്താക്കള്‍ക്ക് വാര്‍ത്താ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുന്നതും ഫെയ്സ്ബുക്കില്‍ വാര്‍ത്തകള്‍ പങ്കുവെക്കുന്നതും ഫെയ്സ്ബുക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ആഗോള തലത്തില്‍ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള് ഓസ്ട്രേലിയന്‍ മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന നിയമത്തിനെതിരെയുള്ള പ്രതിഷേധമെന്നോണമായിരുന്നു ഫെയ്സ്ബുക്കിന്റെ നടപടി.
എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഈ നടപടി പിന്‍വലിക്കുകയും ചെയ്തു. സര്‍ക്കാര്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടുണ്ടെന്ന് ഫെയ്സ്ബുക്ക് പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുകയാണ് ഫെയ്സ്ബുക്ക് ഇപ്പോള്‍.
പ്രശ്നങ്ങള്‍ക്കെല്ലാമുള്ള അടിസ്ഥാന കാരണം ഫെയ്സ്ബുക്കും വാര്‍ത്താ പ്രസാധകരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള തെറ്റിദ്ധാരണയാണെന്ന് ഫെയ്സ് ബുക്ക് പറയുന്നു.
സമൂഹ മാധ്യമങ്ങളിൽ സ്വന്തം വാര്‍ത്തകള്‍ പങ്കുവെക്കണമെന്നും മറ്റുള്ളവരെ കൊണ്ട് ഷെയര്‍ ചെയ്യിക്കണമെന്നും പ്രസാധകര് സ്വയം തീരുമാനിക്കുന്നതാണ്. കാരണം അങ്ങനെ ചെയ്യുന്നതിന്റെ മൂല്യം അവര്‍ക്ക് കിട്ടുന്നുണ്ട്. അതുകൊണ്ടാണ് അവ പങ്കുവെക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബട്ടനുകള്‍ അവരുടെ സൈറ്റുകളില്‍ നല്‍കിയിരിക്കുന്നത്. ഫെയ്സ്ബുക്ക് ഗ്ലോബല്‍ അഫയേഴ്സ് വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ്ഗ് പറഞ്ഞു.
ഭീമമായ തുക നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഉള്ളടക്കങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുകയോ എടുക്കുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല ഫെയ്സ്ബുക്കില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളില്‍ വളരെ ചെറിയൊരു ഭാഗം മാത്രമാണ് വാര്‍ത്താ ലിങ്കുകള്‍ എന്നും അദ്ദേഹം പറയുന്നു.
ചെറുകിട മാധ്യമങ്ങളെ മാത്രമായി സഹായിക്കാന്‍ അനുവദിക്കാതെ ഒരു വിലപേശല്‍ സംവിധാനത്തിലൂടെ മാധ്യമ ഭീമന്മാര്ക്ക് പരിധിയില്ലാത്ത വിധം പണം നല്കാന് പുതിയ നിയമം ഫെയ്സ്ബുക്കിനെ നിര്‍ബന്ധിതരാക്കുമായിരുന്നു. ഒന്നുകില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പറയും പോലെ പ്രതിഫലം നല്‍കുക, അല്ലെങ്കില്‍ ഓസ്ട്രേലിയയിലെ ഫെയ്സ്ബുക്ക് സൈറ്റില്‍ നിന്നും വാര്‍ത്തകള്‍ നീക്കം ചെയ്യുക എന്നീ രണ്ട് മാര്‍ഗങ്ങളാണ് ഫെയ്സ്ബുക്കിന് മുന്നിലുണ്ടായിരുന്നത്. എന്തായാലും കൂടുതല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ക്ക് സമ്മതിച്ചിരിക്കുകയാണെന്ന് ക്ലെഗ് പറഞ്ഞു.
അതേസമയം വാര്‍ത്ത തടയാനുള്ള തീരുമാനം നിസ്സാരമായി എടുത്ത തീരുമാനമായിരുന്നില്ലെന്ന് ഫെയ്സ്ബുക്ക് സമ്മതിച്ചു. അങ്ങനെ ചെയ്തപ്പോള്‍ പല ഉള്ളടക്കങ്ങളും മനഃപ്പൂര്മവല്ലാതെ ഒഴിവാക്കപ്പെട്ടു.
ഇന്റര്‍നെറ്റിന് പുതിയ നിയമങ്ങള്‍ ആവശ്യമാണ്. എന്നാല്‍ വന്‍കിട മാധ്യമ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന നിയമമാണ് വേണ്ടത്. കൂടുതല്‍ ആളുള്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ പുതിയ നിയമങ്ങള്‍ പ്രാവര്ത്തിക്കമാവൂ. അല്ലാതെ കുറച്ച് പേരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചാലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..