കാന്‍ബെറ: ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം ഓസ്‌ട്രേലിയന്‍ ഭരണകൂടെ പാസാക്കിയതിന് പിന്നാലെ മൂന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുമായി കരാറുണ്ടാക്കിയതായി ഫെയ്‌സ്ബുക്കിന്റെ പ്രഖ്യാപനം. 

പ്രൈവറ്റ് മീഡിയ, ഷ്വാര്‍ട്‌സ് മീഡിയ, സോള്‍സ്‌റ്റൈസ് മീഡിയ എന്നീ മാധ്യമ സ്ഥാപനങ്ങളുമായാണ് കരാര്‍. അടുത്ത 60 ദിവസങ്ങള്‍ക്കുള്ളിലാണ് സമ്പൂര്‍ണ കരാര്‍ ഒപ്പിടുക. 

അതേസമയം, ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല. ഫെയ്‌സ്ബുക്ക് നിര്‍ദേശിച്ച മാറ്റങ്ങളുള്‍പ്പെടുത്തിയാണ് നിയമം പാസാക്കിയത് എന്നാണ് വിവരം. 

ഫെയ്‌സ്ബുക്കിനെയും ഗൂഗിളിനേയും ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയയുടെ പുതിയ നിയമ നിര്‍മാണം. തുടക്കത്തില്‍ എതിര്‍ത്തിരുന്നുവെങ്കിലും ഗൂഗിള്‍ നേരത്തെ തന്നെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുമായി കരാറിലേര്‍പ്പെട്ടുതുടങ്ങിയിരുന്നു. റൂപെര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പ്, സെവെന്‍ വെസ്റ്റ് മീഡിയ പോലുള്ള വന്‍കിട മാധ്യമസ്ഥാപനങ്ങള്‍ അതില്‍ ചിലതാണ്. 

അതേസമയം, ഇത്തരം വന്‍കിട മാധ്യമസ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിയമമെന്ന് ഫെയ്‌സ്ബുക്ക് വിമര്‍ശനമുയര്‍ത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം മാധ്യമങ്ങളും ന്യൂസ് കോര്‍പ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഫെയ്‌സ്ബുക്കുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ന്യൂസ് കോര്‍പ്പ് പ്രതിനിധികള്‍ പറയുന്നത്.

Content Highlights: Facebook signs pay deals with three Australian news publishers