കോവിഡ് മഹാമാരിയില്‍ അടച്ചിടപ്പെട്ട ജനങ്ങള്‍ ഫെയ്‌സ്ബുക്കില്‍ അഭയം തേടിയതോടെ കമ്പനിയുടെ വരുമാനത്തില്‍ വന്‍കുതിപ്പുണ്ടായതായി ഫെയ്‌സ്ബുക്ക് അറിയിച്ചു. ജൂണില്‍ അവസാനിച്ച പാദത്തില്‍ ഫെയ്‌സ്ബുക്കിന്റെ വരുമാനം 56 ശതമാനം ഉയര്‍ന്ന് 2,15,376 കോടി രൂപയിലെത്തി. ലാഭം 101 ശതമാനം ഉയര്‍ന്ന് 74,562 കോടിയായി.

വരുമാനത്തിന്റെ സിംഹഭാഗവും പരസ്യത്തിലൂടെയാണ് ലഭിച്ചിട്ടുള്ളതെന്നാണ് സൂചന. 2,12,376 കോടി രൂപയാണ് പരസ്യവരുമാനമായി എത്തിയത്. ഇതും മുന്‍കാലങ്ങളെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വര്‍ധനയുണ്ട്‌. പ്രതിമാസം 351 കോടി ആളുകളാണ് ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. ഉപയോക്താക്കളിലും 12 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ 18 മാസമായി മികച്ച വളര്‍ച്ചയാണ് ഫെയ്‌സ്ബുക്കിനുണ്ടായിട്ടുള്ളത്. കോവിഡ് മഹാമാരിയേയും ലോക്ഡൗണിനെയും തുടര്‍ന്ന് ആളുകള്‍ കൂടുതല്‍ സമയം ഫെയ്‌സ്ബുക്കില്‍ ചെലവഴിക്കുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍. കംപ്യൂട്ടര്‍ ഉപയോഗിച്ചും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ കൂടുതല്‍ ആളുകള്‍ ഈ പ്ലാറ്റ്‌ഫോമിലെത്തുന്നുണ്ട്.

ജീവനക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 63,000 ആളുകളാണ് ഫെയ്‌സ്ബുക്കിനായി ജോലി ചെയ്യുന്നത്. മികച്ച സേവനം ഉറപ്പാക്കുന്നതിനായി ഡാറ്റാ സെന്ററുകള്‍ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഫെയ്‌സ്ബുക്ക് നിക്ഷേപം നടത്തുന്നുണ്ട്. 

ഫെയ്‌സ്ബുക്ക് ആപ്പിന്റെയും ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മറ്റ് ആപ്പുകളുടെയും വരുമാനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് കമ്പനിയുടെ വളര്‍ച്ചയ്ക്കായി കൂടുതല്‍ പദ്ധതികള്‍ ഒരുക്കുന്നുണ്ട്. വെര്‍ച്വല്‍ റിയാലിറ്റി, നെക്സ്റ്റ് ജനറേഷന്‍ കംപ്യൂട്ടിങ്ങ് പ്ലാറ്റ്‌ഫോമായ മെറ്റാവെര്‍സ് തുടങ്ങിയ പദ്ധതികളിലായിരിക്കും ഫെയ്‌സ്ബുക്ക് ഇനി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുകയെന്നുമാണ് റിപ്പോര്‍ട്ട്.

Source: The New York Times

Content Highlights: Facebook’s profit surges 101 percent on strong ad sales