വെല്ലിങ്ടണ്‍: ഒരു ദിവസത്തിനുള്ളില്‍ ഫെയ്‌സ്ബുക്ക് ഒഴിവാക്കിയത് ന്യൂസിലന്‍ഡ് വെടിവെപ്പിന്റെ 15 ലക്ഷം ദൃശ്യങ്ങള്‍. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളിലാണ് 50 പേരുടെ മരണത്തിന് കാരണമായ വെടിവെപ്പ് നടന്നത്. ബ്രെന്ററണ്‍ ടാരന്റ് എന്ന കൊലയാളി വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുവഴി തത്സമയം നല്‍കിയിരുന്നു.

ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളിലാണ് ഇത്രയും വലിയ തോതില്‍ വീഡിയോ അപ്‌ലോഡ് ചെയ്തത്. 15 ലക്ഷം വീഡിയോകളില്‍ 12 ലക്ഷവും അപ്‌ലോഡ് ചെയ്തയുടന്‍ നീക്കുകയായിരുന്നുവെന്ന് ന്യൂസിലന്‍ഡിലെ ഫെയ്‌സ്ബുക്ക് വക്താവ് മിയ ഗാര്‍ലിക് വ്യക്തമാക്കി. 

ആക്രമണം നടത്തിയ ബ്രെന്ററണ്‍ ടാരന്റ് നെറ്റിയില്‍ ഘടിപ്പിച്ച ക്യാമറ വഴിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി 'ലൈവാ'യി ഫെയ്‌സ്ബുക്കില്‍ നല്‍കിയത്. ഒരു വീഡിയോ ഗെയിം പോലെ തോന്നിക്കുന്ന വീഡിയോ ആയിരുന്നു അത്. സംഭവം ലോകം അറിഞ്ഞ ഉടന്‍ തന്നെ ഇയാളുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കിയിരുന്നു. 

ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പ്രചരിക്കുന്നതടക്കമുള്ള പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടി വരുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. 

സംഭവത്തില്‍ പ്രതിയുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാണ് വീഡിയോ ആദ്യം കാണുന്നത്. പ്രതി പിടിയിലായിട്ടും വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് മറ്റുള്ളവര്‍ യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഷെയര്‍ ചെയ്യുകയായിരുന്നു.  വെള്ളിയാഴ്ച രാവിലെയാണ് ലോകത്തെ നടുക്കിയ വെടിവെപ്പ് നടന്നത്.

ഓഡിയോ ടെക്‌നോളജി ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ആക്രമണ വീഡിയോ കണ്ടെത്തി നീക്കിക്കൊണ്ടിരിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

Content highlights: Facebook Removed 15 lakh Videos of the New Zealand Mosque Attack Within 24 Hours