ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ ഇന്ത്യ, ദക്ഷിണേഷ്യാ, മധേഷ്യാ പോളിസി ഡയറക്ടറായ അങ്കി ദാസ് സ്ഥാനം രാജിവെച്ചു. ഫെയ്‌സ്ബുക്കിലെ വിദ്വേഷ പ്രചാരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപിയോട് രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചുവെന്നതിന്റെ പേരില്‍ വിവാദത്തിലായ വ്യക്തിയാണ് അങ്കിദാസ്. എന്നാല്‍ സ്ഥാനം രാജിവെക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. 

ഫെയ്‌സ്ബുക്കിലെ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയ്ക്കുള്ളില്‍ നിന്നും സര്‍ക്കാര്‍ തലത്തില്‍ നിന്നും അങ്കിദാസിന്റെ ഇടപെടല്‍ ചോദ്യംചെയ്യപ്പെട്ടിരുന്നു. 

ഫെയ്‌സ്ബുക്കിലൂടെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കുന്നതിനെ അങ്കിദാസ് ഇടപെട്ട് തടഞ്ഞുവെന്ന വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

കഴിഞ്ഞയാഴ്ച അങ്കി ദാസ് ഒരു പാര്‍ലമെന്ററി പാനലിന് മുന്നില്‍ ഹാജരായിരുന്നു. ഫെയ്‌സ്ബുക്കിലെ സ്വകാര്യതയുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പാനല്‍ അങ്കിദാസുമായി കൂടിക്കാഴ്ച നടത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം അങ്കിദാസ് പാനലിന്റെ ചോദ്യങ്ങള്‍ നേരിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തിരഞ്ഞെടുപ്പ്, വ്യവസായം, പരസ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പാനല്‍ ഫെയ്സ്ബുക്കിനോട് പറഞ്ഞു.  

ഇന്ത്യയില്‍ 30 കോടി ഉപയോക്താക്കളുള്ള ഫെയ്സ്ബുക്കിന് എത്ര വരുമാനം ലഭിക്കുന്നുണ്ടെന്നും വിവര സംരക്ഷണത്തിനായി ഫെയ്സ്ബുക്കിന്റെ വരുമാനത്തിന്റെ എത്രശതമാനം ചെലവഴിക്കുന്നു, അതില്‍ എത്ര നികുതിയായി നല്‍കുന്നുണ്ടെന്നുമുള്ള ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടുവെന്നാണ് വിവരം. 

Content Highlights: facebook policy director ankhidas steps down