Photo: Facebook
ഹ്രസ്വമായ വീഡിയോ ഉള്ളടക്കങ്ങളിലൂടെ തരംഗമായി മാറിയ ടിക് ടോക്കിനെ നേരിടുന്നതിനാണ് 2020 ല്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന വീഡിയോ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. യുഎസില്‍ 2021 സെപ്റ്റംബറില്‍ ഫെയ്സ്ബുക്ക് ആപ്പിലും റീല്‍സ് അവതരിപ്പിച്ചു.
ആഗോള തലത്തില്‍ ഈ രംഗത്ത് ഇപ്പോഴും മുന്നിട്ട് നില്‍ക്കുന്നത് ടിക് ടോക്ക് ആണ്. ടിക് ടോക്കിന് നിരോധനമുള്ളതിനാല്‍ ഇന്ത്യയില്‍ മാത്രമാണ് റീല്‍സിന് ആധിപത്യമുള്ളത്.
ഇപ്പോഴിതാ ടിക് ടോക്കിനെ നേരിടാന്‍ റീല്‍സില്‍ വലിയ ചില മാറ്റങ്ങള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മെറ്റ എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഫീച്ചറുകളും അല്‍ഗൊരിതത്തിലുള്ള മാറ്റങ്ങളും ഇതിന്റെ ഭാഗമായുണ്ടാവും.
ഉപഭോക്താക്കള്‍ക്കിണങ്ങുന്ന വീഡിയോകളെ ഫലപ്രദമായി അവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയാണ് ഈ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യം.
ദി വെര്‍ജ് പ്രസിദ്ധീകരിച്ച ഫേസ്ബുക്കിന്റെ ഒരു കുറിപ്പ് അനുസരിച്ച് ടിക് ടോക്കിലെ 'ഫോര്‍ യു' ഫീഡിന് സമാനമായി ഉപഭോക്താക്കളുടെ വ്യക്തിഗത താല്പര്യം അനുസരിച്ചുള്ള വീഡിയോകള്‍ മാത്രം കാണിക്കുന്ന ഒരു 'ഡിസ്കവറി എഞ്ചിന്' റീല്‍സില്‍ അവതരിപ്പിക്കും. ഇതോടൊപ്പം സമാന സ്വഭാവമുള്ള വീഡിയോകള്‍ മാത്രം കാണുന്നതിന് പകരം വ്യത്യസ്ത സ്വഭാവമുള്ള ഉള്ളടക്കങ്ങള്‍ റീല്‍സ് ഉപഭോക്താക്കള്‍ക്ക് നിര്‍ദേശിക്കും.
ട്രെന്‍ഡിങ് കണ്ടന്റ്, ഒറിജനില്‍ ക്രിയേറ്റേഴ്സ് തുടങ്ങിയ വിഭാഗങ്ങളായും വീഡിയോകള്‍ ക്രമീകരിക്കും. ഇതിനായി 'മോഡേണ്‍ റെക്കമന്റേഷന് സിസ്റ്റംസ്' സംരംഭത്തിനായി വലിയ നിക്ഷേപമാണ് കമ്പനി നടത്തിവരുന്നത്.
ഫെയ്സ്ബുക്ക് ആപ്പിലേക്ക് മെസഞ്ചറിനെ തിരികെ കൊണ്ടുവരാനും വീഡിയോകള്‍ പങ്കുവെക്കുന്നതിന് സൗകര്യമൊരുക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
സാധാരണ വൈറലായ ഉള്ളടക്കങ്ങള്‍ക്ക് ഫീഡില്‍ പ്രാധാന്യം നല്കുന്ന പ്ലാറ്റ്ഫോം ആണ് ഫെയ്സ്ബുക്ക്. ഇക്കാരണം കൊണ്ടു തന്നെ ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ ഒരിക്കല്‍ കണ്ട ഉള്ളടക്കം തന്നെ വീണ്ടും വീണ്ടും കാണുന്ന അവസ്ഥ വരാറുണ്ട്. ഒപ്പം കണ്ടവരെ തന്നെ എപ്പോഴും കാണുന്ന സ്ഥിതിയും ഉണ്ടാവുന്നു. പുതിയ ക്രിയേറ്റര്‍മാരെ കണ്ടെത്താനും അറിയാനും സാധിക്കാത്ത സ്ഥിതിയുമുണ്ട്.
ഫെയ്സ്ബുക്കിന്റെ നിലവിലെ അല്‍ഗൊരിതം കോവിഡ് സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കാന്‍ ഇത് ഇടയാക്കിയിരുന്നു. കോവിഡിനെ കുറിച്ച് എല്ലാവരും അന്വേഷിച്ചപ്പോള്‍ അത് സംബന്ധിച്ച ഉള്ളടക്കങ്ങളാണ് ഫെയ്സ്ബുക്ക് നിര്‍ദേശിച്ചത്. ഇക്കൂട്ടത്തില്‍ വാക്സിന്‍വിരുദ്ധ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിച്ചു. യുഎസ് കാപിറ്റോള്‍ അക്രമത്തിന് വഴിവെച്ച കാരണങ്ങളിലൊന്നും വൈറല്‍ ഉള്ളടക്കങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന ഫെയ്സ്ബുക്കിന്റെ അല്‍ഗൊരിതമാണ്.
വിപണിയില്‍ ഫെയ്സ്ബുക്കിന് കനത്ത നഷ്ടം സൃഷ്ടിച്ച എതിരാളിയാണ് ടിക് ടോക്ക്. ഫെയ്സ്ബുക്കിന് ലഭിക്കേണ്ടിയിരുന്ന പുതുതലമുറ യുവാക്കളെ ഒന്നടങ്കം ആകര്‍ഷിക്കാനും പിടിച്ച് നിര്‍ത്താനും ടിക് ടോക്കിന് സാധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..