അരിസോണ: ആഗോള സോഷ്യല്‍ മീഡിയാ ഭീമനായ ഫെയ്‌സ്ബുക്കിന്റെ പേര് മാറ്റം പക്ഷെ അരിസോണയില്‍ കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ഗെയിമിങ് സോഫ്റ്റ് വെയറുമെല്ലാം വിറ്റിരുന്ന ഒരു ചെറിയ കമ്പനിയെ ഞെട്ടിച്ചു. മെറ്റാ പിസി(Meta PCs) എന്നാണ് ആ കമ്പനിയുടെ പേര്. ഭാഗ്യമെന്ന് പറയട്ടെ മാസങ്ങള്‍ക്ക് മുമ്പാണ് മെറ്റാ പിസി തങ്ങളുടെ പേര് ട്രേഡ്മാര്‍ക്ക് ചെയ്തത്. 

ഫെയ്‌സ്ബുക്ക് 'മെറ്റ' എന്ന പേര് സ്വീകരിക്കുമെന്ന് തങ്ങള്‍ക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല എന്ന് മെറ്റാ പീസിയുടെ സഹസ്ഥാപകനായ സാക്ക് ഷട്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. 

ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഈ പേര് സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍ രണ്ട് കോടി ഡോളറില്‍ താഴെ തുകയ്ക്ക് പേര് വില്‍ക്കില്ലെന്ന് മെറ്റാ പിസി സ്ഥാപകരായ സാക്ക് ഷട്ടും ജോ ഡാര്‍ജറും പറഞ്ഞു. 

Metaഎന്നാല്‍ പേരില്‍ അവകാശം സ്വന്തമാക്കുന്നതില്‍ ഫെയ്‌സ്ബുക്കിന് വലിയ ആശങ്കയൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മെറ്റാ പിസി ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ആ പേര് സ്വന്തമാക്കാന്‍ ഫെയ്‌സ്ബുക്കിന് മുന്നില്‍ പഴുതുകള്‍ ഏറെയുണ്ടെന്നാണ് നിയമവിദഗ്ദനായ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. മാര്‍ക്ക് പി. മക് കെന്നയെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇത്തരം സാഹചര്യങ്ങളില്‍ വന്‍കിട കമ്പനികള്‍ സ്വീകരിച്ചുവരുന്ന നിരവധി കുറുക്കുവഴികള്‍ ഫെയ്‌സ്ബുക്കിനും ചെയ്യാവുന്നതേയുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

മാത്രവുമല്ല ഈ വടംവലിയില്‍ കേവലം 25 ജീവനക്കാര്‍ മാത്രമുള്ള മെറ്റാ പിസി എന്ന കമ്പനിയ്ക്ക് ഫെയ്‌സ്ബുക്കിനെതിരെ എത്രത്തോളം പിടിച്ചുനില്‍ക്കാനാവുമെന്നും പറയാനാവില്ല. 

ഏറെ കഷ്ടപ്പെട്ടാണ് തങ്ങള്‍ കമ്പനി കെട്ടിപ്പടുത്തതെന്നും ഫെയ്‌സ്ബുക്ക് അതേ പേര് തന്നെ സ്വീകരിച്ചപ്പോള്‍ തങ്ങള്‍ ഏറെ കഷ്ടപ്പെട്ട് നിര്‍മിച്ചെടുത്ത സ്വാഭാവിക സ്വീകാര്യത നഷ്ടപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും ഷട്ട് പറയുന്നു. ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിങിനും ബ്രാന്‍ഡഡ് കണ്ടന്റുകള്‍ക്കും വേണ്ടി മെറ്റാ പിസി കമ്പനി പണം ചെലവാക്കുന്നുണ്ട്.