ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ ശക്തമായിരിക്കെ സോഷ്യല്‍ മീഡിയ ദുരുപയോഗം സംബന്ധിച്ച ചര്‍ച്ചയ്ക്കായി ഫെയ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍ ബുധനാഴ്ച പാര്‍ലമെന്ററി പാനലിന് മുന്നില്‍ ഹാജരായി. പാര്‍ലമെന്ററി പാനലാണ് ഫെയ്‌സ്ബുക്ക് പ്രതിനിധിയെ ചര്‍ച്ചയ്ക്കായി വിളിച്ചുവരുത്തിയത്.
പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സോഷ്യല്‍ / ഓണ്‍ലൈന്‍ ന്യൂസ് മീഡിയ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയുക എന്നീ വിഷയങ്ങളിലുള്ള കമ്പനിയുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അറിയുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അധ്യക്ഷനായ ഐടി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി ഫെയ്‌സ്ബുക്ക് പ്രതിനിധിയെ വിളിച്ചുവരുത്തിയത്.
ബുധനാഴ്ച ഉച്ചയോടെ അജിത് മോഹന്‍ കമ്മറ്റിയ്ക്ക് മുന്നില്‍ ഹാജരായി. അദ്ദേഹത്തെ കൂടാതെ ഇലക്ട്രോണിക്‌സ്/ ഐടി മന്ത്രാലയത്തിന്റെ പ്രതിനിധികളേയും ഡിജിറ്റല്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലരേയും കമ്മറ്റി ചര്‍ച്ചയ്ക്കായി വിളിച്ചിരുന്നു. ചെയര്‍മാന്‍ ഉള്‍പ്പടെ കമ്മറ്റിയിലെ 18 അംഗങ്ങളും ഹാജരായിരുന്നുവെന്നാണ് വിവരം.
In response to overwhelming media interest in the meeting of the ParliamentaryStandingCommittee on InformationTechnology that just adjourned, this is all I can say: we met for some three&a half hours & unanimously agreed to resume the discussion later, incl w/ reps of @Facebook.
— Shashi Tharoor (@ShashiTharoor) September 2, 2020
വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ഫെയ്‌സ്ബുക്ക് അധികൃതരോട് ചോദിക്കുമെന്ന് തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ചര്‍ച്ച പൂര്‍ത്തിയാകാതെ പിരിയുകയായിരുന്നുവെന്ന് ശശി തരൂരിന്റെ ട്വീറ്റ് വ്യക്തമാക്കുന്നു. പിന്നീട് വീണ്ടും യോഗം ചേരുമെന്ന് തരൂര്‍ പറഞ്ഞു.
Content Highlights: Facebook India chief Ajith Mohan appeared before parliamentary panel headed by shashi tharoor