കാലിഫോർണിയ: ഭീഷണിപ്പെടുത്തുന്നതും ഉപദ്രവകരവുമായ ഉള്ളടക്കങ്ങളുടെ പ്രചാരം സംബന്ധിച്ച കണക്കുകള്‍ ആദ്യമായി ഫെയ്‌സ്ബുക്ക് പുറത്തുവിട്ടു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൈറ്റിലുണ്ടായ ഓരോ 10,000 വ്യൂസിലും (Views) 14 ഉം 15 ഉം തവണയാണ് ഇത്തരം ഉള്ളടക്കങ്ങള്‍ കാണുന്നത് എന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഇത് 10000 ല്‍ അഞ്ചും ആറും തവണയാണെന്നും മെറ്റായുടെ ത്രൈമാസ കണ്ടന്റ് മോഡറേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

92 ലക്ഷം ഉള്ളടക്കങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ ബുള്ളിയിങ്, ഹരാസ്‌മെന്റ് നിയമത്തിന് കീഴില്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു. 

വിസില്‍ ബ്ലോവറായ ഫ്രാന്‍സിസ് ഹൂഗന്റെ വെളിപ്പെടുത്തല്‍ സൃഷ്ടിച്ച വിവാദങ്ങള്‍ക്കിടെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. കൗമാരക്കാരുടെയും പെണ്‍കുട്ടികളുടേയും മാനസികാരോഗ്യത്തെ ഇന്‍സ്റ്റാഗ്രാമിലെ ഉള്ളടക്കങ്ങള്‍ സാരമായി ബാധിക്കുന്നുണ്ടെന്ന് ഹൂഗന്‍ വെളിപ്പെടുത്തിയിരുന്നു. ഫെയ്‌സ്ബുക്കിന്റെ തന്നെ ഗവേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഹൂഗന്റെ വെളിപ്പെടുത്തല്‍. 

ഉപഭോക്താവിന്റെ സുരക്ഷയേക്കാളും ലാഭത്തിനാണ് കമ്പനി പ്രാധാന്യം നല്‍കുന്നത് എന്നാണ് ഹൂഗന്‍ പറയുന്നത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഹൂഗന്‍ പുറത്തുവിട്ട രേഖകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights:Facebook gives estimate of bullying, harassment on its platforms for first time