ഫെയ്‌സ്ബുക്കിനെതിരെ യു.എസ്. ഫെഡറല്‍ ട്രേഡ് കമ്മിഷനും വിവിധ യു.എസ്. സ്റ്റേറ്റുകളും നല്‍കിയ കേസിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്കിന് അതിന്റെ പ്രധാന സഹസ്ഥാപനങ്ങളായ വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും വില്‍ക്കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്.
ചെറുകിട കമ്പനികളെ ഒഴിവാക്കുന്നതിനും മുഖ്യ എതിരാളികളെ കീഴടക്കുന്നതിനും 'വാങ്ങുക അല്ലെങ്കില്‍ നശിപ്പിക്കുക' എന്ന നയമാണ് സോഷ്യല്‍ മീഡിയ കമ്പനിയായ ഫെയ്‌സ്ബുക്ക് സ്വീകരിച്ചിരുന്നത് എന്നാരോപിച്ചാണ് കേസ്.
ഗൂഗിളിന് ശേഷം ഏറ്റവും വലിയ നിയമ വെല്ലുവിളി നേരിടുന്ന ഏറ്റവും വലിയ രണ്ടാമത്തെ സാങ്കേതികവിദ്യ സ്ഥാപനമാണ് ഫെയ്‌സ്ബുക്ക്. എതിരാളികളെ വരുതിയിലാക്കാന്‍ വിപണിയിലെ മേധാവിത്വം ഉപയോഗിച്ചുവെന്നാരോപിച്ച് യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട് മെന്റ് ഗൂഗിളിനെതിരെ പരാതി നല്‍കിയിരുന്നു.
2012-ല്‍ 100 കോടി ഡോളറിന് ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനേയും 2014-ല്‍ 1900 കോടി ഡോളറിന് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിനേയും ഫെയ്‌സ്ബുക്ക് ഏറ്റെടുത്തിരുന്നു. എതിരാളികളായ രണ്ട് സേവനങ്ങളെ വാങ്ങാനുള്ള ഈ നീക്കം വിപണി മേധാവിത്വം നേടാനായിരുന്നുവെന്നാണ് കേസ് ആരോപിക്കുന്നത്.
ഇത്തരം ഏറ്റെടുക്കലുകള്‍ കുറ്റമറ്റതായിരിക്കണമെന്ന് ഫെഡറല്‍ സ്റ്റേറ്റ് റെഗുലേറ്റര്‍മാര്‍ പറഞ്ഞു. ഇതുവഴി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഇടപാടുകള്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ പിന്‍വലിക്കാനും സാധ്യതയുണ്ട്. ഇതുവഴി ഏറ്റെടുത്ത രണ്ട് സേവനങ്ങളേയും ഫെയ്‌സ്ബുക്കിന് കയ്യൊഴിയേണ്ടി വന്നേക്കാം.
ചെറിയ എതിരാളികളെ നശിപ്പിക്കാനും മത്സരമില്ലാതാക്കാനും ഒരു ദശാബ്ദക്കാലത്തോളം ഫെയ്‌സ്ബുക്ക് അതിന്റെ മേധാവിത്വവും കുത്തകാധികാരവും ഉപയോഗിച്ചു. എല്ലാം ദൈനംദിന ഉപയോക്താക്കളുടെ ചെലവില്‍. എതിരാളികള്‍ കമ്പനിയുടെ മേധാവിത്വത്തിന് ഭീഷണിയാവും മുമ്പ് കമ്പനി അവയെ ഏറ്റെടുക്കുകയായിരുന്നു. കേസില്‍ കക്ഷിചേര്‍ന്ന 46 സ്റ്റേറ്റുകളെ പ്രതിനിധീകരിച്ച് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജറല്‍ ലെറ്റിഷ്യ ജെയിംസ് പറഞ്ഞു.
അതേസമയം, രാജ്യത്തെ ആന്റിട്രസ്റ്റ് നിയമങ്ങള്‍ വിജയകരമായ കമ്പനികളെ ശിക്ഷിക്കുന്നതിന് വേണ്ടിയല്ലെന്ന് ഫെയ്‌സ്ബുക്കിന്റെ അഭിഭാഷക ജെനിഫര്‍ ന്യൂസ്റ്റെഡ് പറഞ്ഞു. വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും വിജകരമായത് ഫെയ്‌സ്ബുക്ക് കോടികള്‍ നിക്ഷേപിച്ചതിന് ശേഷമാണെന്നും ഒരു വില്‍പനയും അന്തിമമല്ലെന്ന മുന്നറിയിപ്പ് നല്‍കാനാണ് ഭരണകൂടം ഇപ്പോള്‍ ആഗ്രഹിക്കുന്നത് എന്നും അവര്‍ പറഞ്ഞു.
Content Highlights: Facebook faces US lawsuits by U.S. Federal Trade Commis that could force sale of Instagram WhatsApp