റങ്കൂണ്‍: മ്യാന്‍മര്‍ സൈന്യത്തിന്റെ പ്രധാന പേജ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു. അക്രമണത്തിന് പ്രേരിപ്പിക്കുന്നത് തടയുന്നതിനായുള്ള കമ്പനി ചട്ടത്തെ അടിസ്ഥാനമാക്കിയാണ് നടപടി. രണ്ട് ദിവസം മുമ്പ് മ്യാന്‍മറിലെ സൈനിക അട്ടിമറിയ്‌ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

"ഞങ്ങളുടെ ആഗോളനയങ്ങള്‍ക്ക് അനുസൃതമായി, ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിന് ടാറ്റ്മാഡോ ട്രൂ ന്യൂസ് ഇന്‍ഫര്‍മേഷന്‍ ടീം പേജ് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു." ഫെയ്‌സ്ബുക്ക് പ്രതിനിധി ഒരു പ്രസ്താവനയില്‍ പറഞ്ഞു. 

ടാറ്റ്മാഡോ എന്ന പേരിലാണ് മ്യാന്‍മര്‍ സൈന്യം അറിയപ്പെടുന്നത്. ട്രൂ ന്യൂസ് പേജ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ലഭ്യമല്ല. 

പ്രസിഡന്റ് വിന്‍ മിന്റ്, ഭരണകക്ഷിയായ നാഷമല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ നേതാവും നൊബേല്‍ പുരസ്‌കാര ജേതാവുമായ ആങ് സാന്‍ സ്യൂചി അടക്കമുള്ളവരെ തടവിലാക്കിയാണ് മ്യാന്‍മറില്‍ സൈന്യം അധികാരം പിടിച്ചെടുത്ത് ഒരു വര്‍ഷത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. 

മ്യാന്‍മറിന്റെ അധികാരമേറ്റെടുത്ത സൈനികമേധാവി ജനറല്‍ മിന്‍ ആങ് ഹേലിങിന്റെയും 19 സൈനിക ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകള്‍ 2018-ല്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്തിരുന്നു. നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സൈന്യത്തിന്റെ 70 വ്യാജ അക്കൗണ്ടുകളും ഫെയ്‌സ്ബുക്ക് നീക്കം ചെയ്തിരുന്നു.

Content Highlights: Facebook deleted main page of Myanmar military