ലോകത്ത് കോടിക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന വാട്‌സാപ്പില്‍ സ്വകാര്യതയില്ലെന്ന് കണ്ടെത്തല്‍. ഉപഭോക്താക്കള്‍ അയയ്ക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ ഫെയ്‌സ്ബുക്ക് വായിക്കുന്നില്ലെന്നാണ് ഇത്രയും നാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ പരിശോധിച്ച് മോഡറേറ്റ് ചെയ്യുന്നതിനായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഫെയ്‌സ്ബുക്ക് ഏർപ്പെടുത്തിയിരിക്കുന്ന കരാറുകാര്‍ക്ക് ഈ സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

ഓസ്റ്റിന്‍, ടെക്‌സസ്, സിങ്കപ്പുര്‍, ഡബ്ലിന്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ 1000 ത്തിലേറെ കരാര്‍ ജീവനക്കാര്‍ കമ്പനിയ്ക്കുണ്ട്. വാട്‌സാപ്പിലെ ലക്ഷക്കണക്കിന് ഉള്ളടക്കങ്ങളാണ് ഇവര്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നത്-  പുതിയ പ്രോ പബ്ലിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ വിഷയത്തില്‍ ഫെയ്‌സ്ബുക്ക് പറയുന്നത് ഇങ്ങനെയാണ്. വാട്‌സാപ്പില്‍ ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സന്ദേശങ്ങളും ഉള്ളടക്കങ്ങളും ഈ കരാറുകാരാണ് വിലയിരുത്തി നടപടി സ്വീകരിക്കുന്നത്. ഒരു ഉപഭോക്താവ് ഒരു മോശം സന്ദേശം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടയാള്‍ അയക്കുന്ന ഏറ്റവും പുതിയ സന്ദേശങ്ങളും മോഡറേറ്റര്‍മാര്‍ക്ക് അയക്കപ്പെടും.

എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ എന്നത് വാട്‌സാപ്പില്‍ എപ്പോഴും കൊട്ടിഘോഷിക്കപ്പെടുന്ന സുരക്ഷാ സംവിധാനമാണ്. അതായത് അയക്കുന്നയാളും സന്ദേശം ലഭിക്കുന്നയാളുമല്ലാതെ ഈ സന്ദേശം മറ്റാരും കാണുകയില്ല എന്നാണ് പറയുന്നത്. എന്നാല്‍ ഒരു ഉപഭോക്താവ് സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ സന്ദേശത്തിന്റെ പകര്‍പ്പ് വാട്‌സാപ്പിന്റെ മോഡറേഷന്‍ കരാറുകാരുടെ പക്കലേക്ക് അക്കപ്പെടുമെന്ന് പ്രോ പബ്ലിക്ക റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍ ഇന്റര്‍നെറ്റിലെ ദുരുപയോഗങ്ങള്‍ തടയുന്നതിന് ഈ സംവിധാനം അനിവാര്യമാമെന്നും എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനിലുടെ ദിവസേന 10000 കോടി സന്ദേശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നും വാട്‌സാപ്പ് പറയുന്നു.  അതേസമയം തന്നെ തട്ടിപ്പുകള്‍ തടയുക, ഭീഷണികള്‍ അന്വേഷിക്കുക, ദുരുപയോഗം ചെയ്യുന്നവരെ നിരോധിക്കുക എന്നിവ ചെയ്യുന്നതിനൊപ്പം തന്നെ ഉപഭോക്താക്കളില്‍ നിന്നും പരിമിതമായി മാത്രം വിവരങ്ങള്‍ ശേഖരിക്കും വിധമാണ് സേവനം നടത്തുന്നതെന്നും വാട്‌സാപ്പ് പറയുന്നു. 

അതേസമയം വാട്‌സാപ്പിലൂടെയുള്ള ഫോണ്‍വിളികള്‍ കേള്‍ക്കാന്‍ കരാറുകാര്‍ക്ക് സാധിക്കില്ല എന്നാണ് ഫെയ്‌സ്ബുക്ക് ആവര്‍ത്തിച്ചു പറയുന്നത്. 2014 ലാണ് ഫെയ്‌സ്ബുക്കിനെ വാട്‌സാപ്പ് സ്വന്തമാക്കുന്നത്. ഏറെ പ്രധാനപ്പെട്ട ആശയവിനിമയ സംവിധാനം എന്ന നിലയില്‍ വാട്‌സാപ്പിലെ സ്വകാര്യതയും സുരക്ഷയും സംബന്ധിത്ത വിവാദങ്ങള്‍ ഫെയ്‌സ്ബുക്കിനെ നിരന്തരം പ്രതിക്കൂട്ടിലാക്കുന്നുണ്ട്.