സ്‌ട്രേലിയന്‍ ഉപയോക്താക്കളും മാധ്യമസ്ഥാപനങ്ങളും ഫെയ്‌സ്ബുക്കില്‍ വാര്‍ത്താ ലിങ്കുകള്‍ പങ്കുവെക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ വാര്‍ത്തകള്‍ കാണുന്നതിനും ഫെയ്‌സ്ബുക്ക് വിലക്കേര്‍പ്പെടുത്തി. മാധ്യമസ്ഥാപനങ്ങളുമായി വിലപേശി വാര്‍ത്തകള്‍ക്ക് പ്രതിഫലമുറപ്പിക്കാന്‍ നിര്‍ദേശിക്കുന്ന ഓസ്‌ട്രേലിയയുടെ പുതിയ നിയമനിര്‍മാണ നീക്കത്തിനോടുള്ള പ്രതികരണമായാണ് ഫെയ്‌സ്ബുക്കിന്റെ നടപടി. 

വാര്‍ത്താ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന പ്രസാധകരും തങ്ങളുടെ പ്ലാറ്റ്‌ഫോമും തമ്മിലുള്ള ബന്ധത്തെ തെറ്റായി മനസിലാക്കിക്കൊണ്ടാണ് നിര്‍ദ്ദിഷ്ട നിയമമെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു. 

"ഈ ബന്ധത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അവഗണിച്ചുകൊണ്ട് നിയമം അനുസരിക്കുക, ഓസ്‌ട്രേലിയയില്‍ ഞങ്ങളുടെ പ്ലാറ്റ് ഫോമില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ വിലക്കുക എന്നീ തീരുമാനങ്ങളാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. അതില്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കുകയാണ്." ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലെ ഫെയ്‌സ്ബുക്ക് മാനേജിങ് ഡയറക്ടര്‍ വില്യം ഈസ്റ്റണ്‍ പറഞ്ഞു.

ഗൂഗിളും ഫെയ്‌സ്ബുക്കും ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവരുടെ പ്ലാറ്റ്‌ഫോമില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അതാത് മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത തുക നല്‍കണം എന്ന് നിര്‍ദേശിക്കുന്ന നിയമനിര്‍മാണത്തിനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. ഈ തുക മാധ്യമസ്ഥാപനങ്ങളുമായി വില പേശി തീരുമാനിക്കണം. വിലയില്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ മധ്യസ്ഥന്റെ ഇടപെടലില്‍ തുക നിശ്ചയിക്കപ്പെടും. 

ചര്‍ച്ച നടത്തിയാലും മധ്യസ്ഥര്‍ ഇടപെട്ടാലും രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് അനുകൂലമായി വില നിശ്ചയിക്കുന്നതിന് കമ്പനികള്‍ നിര്‍ബന്ധിതരാവുമെന്നതാണ് ചൂണ്ടിക്കാണിക്കുന്ന ഒരു പ്രശ്‌നം. ഈ വിലപേശല്‍ നയത്തെയാണ് കമ്പനികള്‍ മുഖ്യമായും എതിര്‍ക്കുന്നത്. 

നേരത്തെ ഓസ്‌ട്രേലിയയില്‍ സെര്‍ച്ച് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയമത്തിന് അനുകൂലമായി കമ്പനി ഓസ്‌ട്രേലിയയിലെ ചെറുതും വലുതുമായ മാധ്യമസ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി കരാറുണ്ടാക്കിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി വാര്‍ത്തകള്‍ കാണിക്കുന്നതിനായി പ്രത്യേകം പ്ലാറ്റ്‌ഫോമും ഗൂഗില്‍ ഓസ്‌ട്രേലിയയില്‍ അവതരിപ്പിച്ചിട്ടുണ്ട്

Content Highlights: Facebook blocks Australian users, publishers from sharing news