ന്ന് ലോകം വാര്‍ത്തകള്‍ അറിയുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. മുഖ്യമായും ഫെയ്‌സ്ബുക്കിലൂടെ. സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കാന്‍ തുടങ്ങിയ ഫെയ്‌സ്ബുക്ക് സേവനം ഇന്ന് വാര്‍ത്താവിതരണത്തിന്റെ പ്രധാന മാധ്യമമാണ്. 

എന്നാല്‍, ഓസ്‌ട്രേലിയയില്‍ ഇനിമുതല്‍ അങ്ങനെയല്ല. അവിടത്തെ ജനങ്ങളാരും ഫെയ്‌സ്ബുക്കില്‍ ഇനി വാര്‍ത്തകള്‍ കാണില്ല. വാര്‍ത്തകള്‍ പങ്കുവെക്കുന്നതില്‍നിന്നു ഫെയ്‌സ്ബുക്ക് ഓസ്‌ട്രേലിയന്‍ ജനങ്ങളേയും അവിടുത്തെ മാധ്യമസ്ഥാപനങ്ങളെയും വിലക്കിയിരിക്കുകയാണ്. മാധ്യമസ്ഥാപനങ്ങള്‍ പങ്കുവെക്കുന്ന വാര്‍ത്തകള്‍ക്ക് ഫെയ്‌സ്ബുക്ക് പണം നല്‍കണമെന്ന് നിര്‍ബന്ധിതമാക്കുന്ന ഓസ്‌ട്രേലിയയിലെ നിര്‍ദ്ദിഷ്ട നിയമത്തില്‍ പ്രതിഷേധിച്ചാണ് ഫെയ്‌സ്ബുക്കിന്റെ നടപടി. 

ഫെയ്‌സ്ബുക്കിന്റെ ഈ നീക്കത്തിനെ ഓസ്‌ട്രേലസിയയിലെ മാധ്യമസ്ഥാപനങ്ങളും രാഷ്ട്രീയക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും നിശിതമായാണ് വിമര്‍ശിക്കുന്നത്. കേവലം വാര്‍ത്തകള്‍ മാത്രമല്ല, അടിയന്തിര മുന്നറിയിപ്പുകള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍, ആരോഗ്യ മുന്നറിയിപ്പുകള്‍ എന്നിവ നല്‍കുന്ന പേജുകള്‍ക്കും വിലക്കുണ്ട്. 

ആരോഗ്യം, അടിയന്തര സേവനങ്ങള്‍ എന്നിവയില്‍ നിന്നുള്ള അവശ്യ വിവര കൈമാറ്റം തടയുന്ന ഫെയ്‌സ്ബുക്കിന്റെ നടപടി നിരാശാജനകമാണെന്നും ധിക്കാരപരമാണെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ പറഞ്ഞു. 

ഇത് വന്‍കിട ടെക്ക് കമ്പനികളുടെ പെരുമാറ്റം സബന്ധിച്ചുള്ള രാജ്യങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നും നിയമം തങ്ങളെ ബാധിക്കുന്നതല്ലെന്ന നിലപാടില്‍ ഭരണകൂടങ്ങള്‍ക്ക് മുകളിലാണെന്നാണ് അവര്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു. 

ഓസ്‌ട്രേലിയയിയിലെ നിര്‍ദ്ദിഷ്ട നിയമത്തിനെതിരെ ഇതുവരെ ഒന്നിച്ചു നിന്ന ഗൂഗിളുമായി ഫെയ്‌സ്ബുക്ക് തെറ്റിപ്പിരിഞ്ഞെന്നും ഈ തീരുമാനം വ്യക്തമാക്കുന്നു. നിയമം നടപ്പിലാക്കാനാണ് നീക്കമെങ്കില്‍ രാജ്യത്ത് ഗൂഗിള്‍ സെര്‍ച്ച് സേവനം നിര്‍ത്തിവെക്കുമെന്ന ഭീഷണി ഗൂഗിള്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് മാറി രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുമായി കരാറുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. 

നിരോധനം വന്നതോടെ ഓസ്‌ട്രേലിയയിലെ മാധ്യമസ്ഥാപനങ്ങള്‍ തങ്ങളുടെ പേജില്‍ പങ്കുവെച്ച പോസ്റ്റുകളെല്ലാം അപ്രത്യക്ഷമായി. രാജ്യത്ത് കോവിഡ്-19 വാക്‌സിനേഷന്‍ തുടങ്ങാന്‍ മൂന്ന് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രധാന ആശയവിനിമയ മാര്‍ഗങ്ങളിലൊന്നായ ഫെയ്‌സ്ബുക്ക് വാര്‍ത്താ വിതരണം വിലക്കിയത്. 

അതേസമയം ഉച്ചയോടെ ചില സര്‍ക്കാര്‍ നിയന്ത്രിത ഫെയ്‌സ്ബുക്ക് പേജുകള്‍ തിരികെയെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചാരിറ്റി പേജുകള്‍, ന്യൂയോര്‍ക്ക് ടൈംസ്, ബിബിസി, ന്യൂ കോര്‍പ്പിന്റെ വാള്‍സ്ട്രീറ്റ് ജേണല്‍, റോയിട്ടേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പേജുകള്‍ തിരികെയെത്തിയിട്ടുണ്ട്.

Content Highlights: facebook blocked news in australia wiped clean pages