ലണ്ടന്‍: ഫെയ്‌സ്ബുക്കിനെ ഓണ്‍ലൈന്‍ ലോകത്തെ ഗുണ്ടാസംഘമെന്ന് വിളിച്ച് ബ്രിട്ടിഷ് പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട്. വിവര സ്വകാര്യതാ, ആന്റി-കോമ്പറ്റീഷന്‍ നിയമങ്ങള്‍ ഫെയ്‌സ്ബുക്ക് അറിഞ്ഞുകൊണ്ട് ലംഘിക്കുകയായിരുന്നുവെന്നും പാര്‍ലമെന്ററി കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

തെറ്റായ വിവരങ്ങള്‍, വ്യാജവാര്‍ത്ത എന്നിവയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലെ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയാ ആന്റ് സ്‌പോര്‍ട്ട് (ഡി.സി.എം.എസ്.) സെലക്റ്റ് കമ്മിറ്റി 18 മാസത്തെ അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഫെയ്‌സ്ബുക്കിനെതിരെ ഗുരുതരമായ ആക്ഷേപങ്ങളുള്ളത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഫെയ്‌സ്ബുക്കിനുമേല്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

ദിവസേന നമ്മള്‍ ഉപയോഗിക്കുന്ന മുന്‍നിര സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും അജ്ഞാത ഉറവിടങ്ങളില്‍ നിന്നും ഓരോരുത്തരേയും ലക്ഷ്യമിട്ടുവരുന്ന പരസ്യങ്ങളും ജനാധിപത്യത്തെ ഭീഷണിയിലാഴ്ത്തുകയാണ് എന്ന് ഡി.സി.എം.എസ്. കമ്മിറ്റി ചെയര്‍മാന്‍ ഡാമിയന്‍ കൊളിന്‍സ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചുനാളുകളായി ഫെയ്‌സ്ബുക്ക് നേരിട്ട വിവര ചോര്‍ച്ചാ സംഭവങ്ങളും സിക്‌സ് 4 ത്രി എന്ന അമേരിക്കന്‍ സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്ത രേഖകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാവുന്ന ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കൂടുതല്‍ പണം നല്‍കാന്‍ ഫെയ്‌സ്ബുക്ക് തയ്യാറായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സിക്‌സ് 4 ത്രി എന്ന സ്ഥാപനത്തിന്റെ ആപ്ലിക്കേഷനുകളില്‍ നിന്നും ഫെയ്‌സ്ബുക്ക് ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി കമ്മറ്റിയ്ക്ക് മുന്നില്‍ ഹാജരാവാതിരുന്ന ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്. കമ്മറ്റിയ്ക്ക് മുന്നില്‍ ഹാജരാവാതിരിക്കുകയും ഞങ്ങളുടെ അന്വേഷണങ്ങളോട് വ്യക്തിപരമായി പ്രതികരിക്കാനും തയ്യാറാവാതിരുന്നതിലൂടെ ബ്രിട്ടീഷ് പാര്‍ലമെന്റിനേയും ഒമ്പത് ലോകരാജ്യങ്ങളിലെ പ്രതിനിധികളടങ്ങുന്ന ഇന്റര്‍നാഷണല്‍ ഗ്രാന്റ് കമ്മറ്റിയേയും മാര്‍ക്ക് സക്കര്‍ബര്‍ഗ് അപമാനിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലോകത്തിന്റെ മുന്‍നിര കമ്പനികളിലൊന്നിന്റെ തലപ്പത്തിരിക്കുന്ന ഒരാളെന്ന നിലയില്‍ പ്രതീക്ഷിക്കുന്ന വ്യക്തിപരമായ ഉത്തരവാദിത്വവും നേതൃത്വത്തിന്റെ നിലവാരവും പ്രകടിപ്പിക്കുന്നതില്‍ സക്കര്‍ബര്‍ഗ് പരാജപ്പെട്ടുവെന്ന് കൊളിന്‍സ് പറഞ്ഞു.

2017 ല്‍ ആരംഭിച്ച കമ്മറ്റിയുടെ അന്വേഷണം കേബ്രിജ് അനലറ്റിക്ക വിവാദത്തോടെയാണ് ശക്തമായത്. സ്വകാര്യതയിലുള്ള ഉപയോക്താക്കളുടെ അവകാശത്തേക്കാള്‍ നിക്ഷേപകരുടെ ലാഭത്തിനാണ് ഫെയ്‌സ്ബുക്ക് പ്രാധാന്യം നല്‍കുന്നതെന്ന് 108 പേജുകളിലുള്ള റിപ്പോര്‍ട്ടില്‍ ബ്രിട്ടിഷ് ഭരണകര്‍ത്താക്കള്‍ കുറ്റപ്പെടുത്തി. 

Content Highlights: Facebook behaving like digital gangsters UK parliamentary report