ലവിധ കാരണങ്ങള്‍ക്കൊണ്ട് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ലോക്ക് ആയി നിയന്ത്രണം നഷ്ടപ്പെട്ട ക്രിയേറ്റര്‍മാര്‍ ഉള്‍പ്പടെയുള്ള  ഇംഗ്ലീഷ് സംസാരിക്കുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടി ലൈവ് ചാറ്റ് സൗകര്യം അവതരിപ്പിച്ച് മെറ്റ. നഷ്ടപ്പെട്ട അക്കൗണ്ട് എങ്ങനെ തിരികെ ലഭിക്കണം എന്നും അതിന് ആരെ എങ്ങനെ ബന്ധപ്പെടണമെന്നും അറിയാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഈ സംവിധാനം. നിലവില്‍ ക്രിയേറ്റര്‍മാര്‍ക്കിടയില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 

അക്കൗണ്ടില്‍ അസാധാരണ പ്രവര്‍ത്തനങ്ങള്‍ (Unusual Activities) ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നും കമ്മ്യൂണിറ്റി സ്റ്റാന്റേര്‍ഡ് ലംഘിച്ചതിന്റെ പേരിലും അക്കൗണ്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ലൈവ് ചാറ്റ് ഫീച്ചര്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഫെയ്‌സ്ബുക്ക് ആപ്പിലാണ് ഇത് ലഭിക്കുക. അക്കൗണ്ട് ലോക്ക് ആയ ഉപഭോക്താക്കള്‍ക്ക് വേണ്ടി തത്സമയം സഹായം വാഗ്ദാനം ചെയ്യുന്ന ഫീച്ചര്‍ ഇത് ആദ്യമായാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്നത്. 

അക്കൗണ്ടിലേക്കുള്ള നിയന്ത്രണം നഷ്ടപ്പെട്ട് ലോഗിന്‍ ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ ലൈവ് ചാറ്റ് ചെയ്യാനുള്ള നിര്‍ദേശം പോപ്പ് അപ്പ് ആയി കാണിക്കും. ഉപഭോക്താവിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഒരു സപ്പോര്‍ട്ട് ഏജന്റിനോട് സംസാരിക്കാം എന്ന സന്ദേശമാണ് പോപ്പ് അപ്പിലുണ്ടാവുക. 

FACEBOOKഅതിലെ 'ചാറ്റ് റ്റു അസ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ചാറ്റ് വിന്‍ഡോ തുറക്കും. അതുവഴി നിങ്ങള്‍ക്ക് ഒരു കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവുമായി സംസാരിക്കാം. അക്കൗണ്ട് തിരികെ ലഭിക്കാനുള്ള സഹായം ഇവര്‍ നല്‍കും. റിലേഷന്‍ഷിപ്പ് മാനേജറെ ഏര്‍പ്പെടുത്തിയിട്ടില്ലാത്ത യുഎസിലെ ക്രിയേറ്റര്‍മാര്‍ക്ക് ലൈവ് ചാറ്റ് സപ്പോര്‍ട്ടിലൂടെ ഫെയ്‌സ്ബുക്കുമായി ബന്ധപ്പെടാം. 

നിലവില്‍ ഇത് പരീക്ഷണഘട്ടത്തിലാണ്. ഇതിനായി തിരഞ്ഞെടുക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇത് സംബന്ധിച്ച ക്ഷണം ലഭിക്കും. 

ഇതോടൊപ്പം ക്രിയേറ്റര്‍മാര്‍ക്ക് വേണ്ടി അശ്ലീല കീവേഡുകള്‍ ബ്ലോക്ക് ചെയ്യുന്ന ടൂളുകള്‍, സസ്‌പെന്റിങ്/ ബാനിങ് കണ്‍ട്രോളുകള്‍, സ്‌ട്രോങര്‍ കമന്റ് കണ്‍ട്രോള്‍ ഉള്‍പ്പടെ വിവിധ കമന്റ് മോഡറേഷന്‍ ടൂളുകളും അവതരിപ്പിച്ചുവെന്ന് ഫെയ്‌സ്ബുക്ക് ഒരു ബ്ലോഗില്‍ പറഞ്ഞു.

Content Highlights: Facebook live chat support for people who lose access to their accounts