കേംബ്രിജ് അനലറ്റിക്ക വിവാദത്തില്‍ യുകെ സര്‍ക്കാര്‍ വിധിച്ച അഞ്ച് ലക്ഷം പൗണ്ട് (45 ലക്ഷത്തിലധികം രൂപ) പിഴ അടയ്ക്കാന്‍ ഫെയ്‌സ്ബുക്ക് സമ്മതിച്ചതായി ബ്രിട്ടിഷ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍  രാഷ്ട്രീയ വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക അനധികൃതമായി കൈവശം വെച്ച് ഉപയോഗിച്ച സംഭവത്തിലാണ് ഫെയ്‌സ്ബുക്ക് നിയമനടപടി നേരിട്ടത്. സംഭവത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ജനപ്രതിനിധികളും അമേരിക്കന്‍ ജനപ്രതിനിധികളും ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ചോദ്യം ചെയ്തിരുന്നു. 

കേംബ്രിജ് അനലിറ്റിക്ക അനധികൃതമായി കയ്യടക്കുകയും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്ത വിവരങ്ങളില്‍ കുറഞ്ഞത് 10 ലക്ഷം വിവരങ്ങള്‍ ബ്രിട്ടീഷ് ഉപയോക്താക്കളില്‍ നിന്നുള്ളതാണ്. ഇതേ തുടര്‍ന്നാണ് ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ചെറുതും പ്രതീകാത്മകവുമായ പിഴ ശിക്ഷ കമ്പനിയ്ക്ക് വിധിച്ചത്. 

പിഴയ്‌ക്കെതിരെ നല്‍കിയ അപ്പീല്‍ ഫെയ്‌സ്ബുക്ക് പിന്‍വലിക്കുകയായിരുന്നു. ബ്രിട്ടീഷ് പൗരന്മാരുടെ വിവരങ്ങള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വിധേയമാവുമോ എന്നായിരുന്നു തങ്ങളുടെ ആശങ്കയെന്നും വ്യക്തിഗത വിവരങ്ങളും സ്വകാര്യതയും പരിരക്ഷിക്കുന്നതിനാണ് അടിസ്ഥാനപ്രാധാന്യം നല്‍കുന്നത് എന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ജെയിംസ് ഡിപ്പിള്‍-ജോണ്‍സ്‌റ്റോണ്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും വിവരസംരക്ഷണത്തിനായുള്ള അടിസ്ഥാന തത്വങ്ങള്‍ പാലിക്കുന്നതിനുള്ള സുപ്രധാന നടപടികള്‍ സ്വീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Facebook agrees to pay fine over Cambridge Analytica scandal in UK