ന്‍സ്റ്റാഗ്രാം ഉപയോക്താക്കളെ ഫെയ്‌സ്ബുക്ക് രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന് പരാതി. ഫോണ്‍ ക്യാമറ അനുവാദമില്ലാതെ ഇതിനായി ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ഫെയ്‌സ്ബുക്ക് നിഷേധിച്ചു. കേവലം സാങ്കേതിക പ്രശ്‌നം മാത്രമാണിതെന്നും അത് തങ്ങള്‍ പരിഹരിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് പറയുന്നു. 

എന്നാല്‍ ഉപയോക്താവറിയാതെ ആപ്ലിക്കേഷന്‍ ക്യാമറ ഉപയോഗിക്കുന്നത് മനപ്പൂര്‍വമാണെന്നും  ലാഭകരവും മൂല്യവത്തായതുമായ ഉപഭോക്തൃ ഡാറ്റ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്നും സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയില്‍ വ്യാഴാഴ്ച സമര്‍പ്പിച്ച പരാതിയില്‍, ന്യൂജേഴ്സി സ്വദേശിയായ ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ബ്രിട്ടനി കോണ്ടിറ്റി ആരോപിക്കുന്നു. 

സ്വന്തം വീടുകളുടെ സ്വകാര്യത ഉള്‍പ്പടെയുള്ള ഉപയോക്താക്കളുമായി ഏറെ അടുത്തുനില്‍ക്കുന്നതും അവരുടെ സ്വകാര്യവുമായ ഡാറ്റ സ്വന്തമാക്കുന്നതിലൂടെ ഇന്‍സ്റ്റാഗ്രാമിനും ഫെയ്‌സ്ബുക്കിനും വിലയേറിയ സ്ഥിതിവിവരക്കണക്കുകള്‍ ലഭിക്കുമെന്നും അതുവഴി വിപണി ഗവേഷണം സാധ്യമാണെന്നും ബ്രിട്ടനി കോണ്ടിറ്റി പരാതിയില്‍ പറഞ്ഞു.

കഴിഞ്ഞമാസം സമര്‍പ്പിക്കപ്പെട്ട ഒരു പരാതിയില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോടിക്കണക്കിന് ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളില്‍ നിന്നുള്ള ബയോമെട്രിക് വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് ശേഖരിക്കുന്നുണ്ടെന്ന ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ഈ ആരോപണം നിഷേധിച്ച ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റാഗ്രാം ഫെയ്‌സ് റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നില്ലെന്നും പറഞ്ഞു. 

Content Highlights: facebook accused of watching instagram users through camera