ന്റര്‍നെറ്റ് ഉപയോഗ സംസ്‌കാരത്തിന് അടിമുടി മാറ്റമിടാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്റെ പുതിയ പകര്‍പ്പാവകാശ നിയമം. പകര്‍പ്പാവകാശമുള്ള ഉള്ളടക്കങ്ങള്‍ അപ് ലോഡ് ചെയ്യുന്നതില്‍ നിന്നു ഉപയോക്താക്കളെ വിലക്കുവാന്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള കമ്പനികളെ ശക്തമായി നിര്‍ദ്ദേശിക്കുന്ന പുതിയ പകര്‍പ്പാവകാശ നിയമത്തിനാണ് യൂറോപ്പ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഉള്ളടക്കത്തിന്റെ ഉടമകളായ എഴുത്തുകാര്‍ക്കും സംഗീതജ്ഞര്‍ക്കുമെല്ലാം ലാഭവിഹിതം നല്‍കണമെന്നും നിയമം പറയുന്നു.

ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള വന്‍കിട കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാണ് പുതിയ നിയമം. ഇതോടെ വ്യക്തിവിവരങ്ങളും ആക്ഷേപകരമായ ഉള്ളടക്കങ്ങളും കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ അധികൃതരുടെ കര്‍ശന നിരീക്ഷണം ഈ കമ്പനികള്‍ക്ക് മേല്‍ ഉണ്ടാവും. 

യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച ഈ നിയമത്തിന് യൂറോപ്യന്‍ കമ്മീഷന്റേയും യൂറോപ്യൻ യൂണിയന്‍ അംഗ രാജ്യങ്ങളുടേയും അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

എഴുത്തുകാര്‍, കലാകാരന്മാര്‍, പ്രസാധകര്‍ ഉള്‍പ്പടെയുള്ള ഉള്ളടക്ക ഉടമകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നിയമമാണിത്. ഒപ്പം ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് വന്‍ തുക ചിലവ് വന്നേക്കാവുന്നതുമാണ്.

എന്നാല്‍ ഈ നിയമം ഇന്റര്‍നെറ്റിലൂടെയുള്ള തമാശകള്‍ക്ക് അന്ത്യം കുറിക്കുമെന്നും ഗൂഗിള്‍ ന്യൂസ് പോലുള്ളവ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാക്കുമെന്നുമുള്ള വിമര്‍ശനവുമുണ്ട്. 

ട്രോളുകള്‍ക്ക് അന്ത്യം കുറിക്കും

യൂട്യൂബ് വീഡിയോകളടക്കം പകര്‍പ്പാവകാശനിയമത്തിന്റെ പരിധിയില്‍ വരും. ടെക്ക് കമ്പനികളെല്ലാം പകര്‍പ്പാവകാശമുള്ള ഉള്ളടക്കത്തെ വേര്‍തിരിക്കുന്നതിനായുള്ള ഫില്‍റ്ററുകള്‍ വികസിപ്പിക്കേണ്ടതായി വരും. 

ഇത്തരത്തിലുള്ള ഓട്ടോമാറ്റിക് ഫില്‍റ്ററുകളും പകര്‍പ്പാവകാശ ലംഘനം കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകുമെന്ന വിമര്‍ശനം ചിലര്‍ ഉയര്‍ത്തുന്നു.

നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന പോലെ എന്തും എപ്പോഴും അപ്‌ലോഡ് ചെയ്യാം എന്ന സ്ഥിതി മാറും. ഇന്റര്‍നെറ്റില്‍ എന്ത് അപ് ലോഡ് ചെയ്യുമ്പോഴും ഈ ഫില്‍റ്ററുകളുടെ അനുമതി ലഭിക്കേണ്ടിവരും. അതായത് മറ്റുള്ളവരുടെ വീഡിയോകളും ചിത്രങ്ങളും എല്ലാം ഉപയോഗിച്ചുള്ള പാരഡികളും ട്രോളുകളും എല്ലാം ഈ ഫില്‍റ്ററുകള്‍ തടയും എന്നര്‍ത്ഥം. 

ലിങ്കുകള്‍ കാണിക്കുന്നതിന് പണം നല്‍കണം

ഗൂഗിള്‍ ന്യൂസ് പോലുള്ള സേവനങ്ങള്‍ ഇന്റര്‍നെറ്റിലെ വാര്‍ത്താ തലക്കെട്ടുകളും ലിങ്കുകളും ആളുകളിലേക്കെത്തിക്കുന്നവയാണ്. ഇങ്ങനെ മറ്റ് പ്രസാധകരുടെ ലിങ്കുകള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഗൂഗിള്‍ ന്യൂസ് പോലുള്ള സേവനങ്ങള്‍ പ്രസ്തുത പ്രസാധകര്‍ക്ക് പണം നല്‍കേണ്ടതായി വരും. ഇന്റര്‍നെറ്റിന് അച്ചടക്കമുണ്ടാവുമെന്ന് വാദിക്കുന്നവര്‍ ഏറെയുണ്ടെങ്കിലും മുന്‍നിര ടെക്ക് കമ്പനികളെല്ലാം നിയമത്തിനെതിരെ കൈകോര്‍ക്കുന്നുണ്ടെന്നാണ് വിവരം.