തൃശ്ശൂര്‍: തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജിലെ രണ്ടാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ചിലര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ 'അടുത്തിരിക്കാന്‍' മോഹം. അവരുടെ അറിവുവെച്ചുള്ള സാങ്കേതിക സംവിധാനമൊരുക്കി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ അടുത്തിരുന്നു. അതു കഴിഞ്ഞപ്പോള്‍ ഇത്തിരി നേരം ടീച്ചര്‍ അറിയാതെ തമ്മില്‍ സംസാരിക്കണമെന്നായി. അതിനുള്ള വഴിയും അവര്‍ തന്നെ ഒരുക്കി.

വിദ്യാര്‍ഥികളുടെ കണ്ടുപിടിത്തത്തെ പ്രശംസിച്ച അസി. പ്രൊഫ. അജയ് ജെയിംസ് അവരോട് ചോദിച്ചു- നിങ്ങളുടെ പരസ്പര സംസാരം അധികം നീണ്ടാല്‍ ക്ലാസിനെ ബാധിക്കില്ലേ... പരിഹാരമുണ്ടാക്കണം. അതിനുമവര്‍ പരിഹാരമുണ്ടാക്കി. പരസ്പര സംസാരം രണ്ടു മിനിറ്റിലേറെ നീണ്ടാല്‍പ്പിന്നെ പറയുന്നതെല്ലാം ടീച്ചറും കേള്‍ക്കുമെന്ന സംവിധാനം അങ്ങനെ യാഥാര്‍ഥ്യമായി. ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ മുങ്ങലും ഉഴപ്പലും തടയാനും വഴി വേണമെന്ന അധ്യാപകന്റെ നിര്‍ദേശവും ഇവര്‍ നടപ്പാക്കി. ക്ലാസ് നടക്കുമ്പോള്‍ ഫുള്‍ സ്‌ക്രീന്‍ ലോക്ക് എന്ന സംവിധാനമാണ് തയ്യാറാക്കിയത്. ക്ലാസില്‍ ക്യാമറ പ്രവര്‍ത്തിപ്പിക്കാതെ ഇരിക്കുന്ന വിദ്യാര്‍ഥികളുടെ ക്യാമറ ടീച്ചര്‍ക്ക് സ്വയം ഓണാക്കാനുള്ള സംവിധാനവും വന്നു.

thrissur gov engineering collegeഇതിന്റെ ചെറിയ മാതൃക തയ്യാറാക്കിയപ്പോഴാണ് പാലക്കാട് ഐ.ഐ.ടി. എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്കുള്ള കോവിഡ് കാല ഹാക്കത്തോണായ 'കോവാക്കത്തോണ്‍' മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ ഇവര്‍ കേരളത്തില്‍ ഒന്നാംസ്ഥാനവും 84 ടീമുകളില്‍നിന്ന് രാജ്യത്ത് നാലാം സ്ഥാനവും നേടി. ഗൗതം ബൈജു, ഗോകുല്‍ ദിനേഷ്, അനിക്കത്ത് സുനില്‍ നായര്‍, നിരഞ്ജന്‍ നീലകണ്ഠന്‍  എന്നിവരാണ് ഐ.ഐ.ടി.യിലെത്തി പ്രോജക്ട് അവതരിപ്പിച്ചത്. അബില്‍ സാബിയോ, മരിയ ബിജി ജോര്‍ജ്, നവനീത് വാരിയര്‍, റിഷിക രവീന്ദ്രന്‍, അങ്കിത് വി. ഷാജി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Content Highlights: engineering students from kerala develops an online class solution