ഇലോൺ മസ്ക് | Photo/AP
വാഷിങ്ടണ്‍: സാമൂഹികമാധ്യമമായ ട്വിറ്റര്‍ രാഷ്ട്രീയ സ്വാധീനത്താല്‍ വിവരങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സ്ഥാപനത്തിന്റെ പുതിയ ഉടമ ഇലോണ്‍ മസ്ക്. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ മകന് ഹണ്ടര്‍ ബൈഡന്റെ രഹസ്യ ഇ-മെയിലുകള്‍ 2020-ല്‍ ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് മൂടിവെക്കാന്‍ ട്വിറ്റര്‍ അസാധാരണ നടപടികള്‍ സ്വീകരിച്ചതിന്റെ വിശദാംശങ്ങളാണ് 'ട്വിറ്റര്‍ ഫയല്‍സ്' എന്ന പേരില്‍ പുറത്തുവന്നത്.
മാറ്റ് തയ്ബീബി എന്ന സ്വതന്ത്രമാധ്യമ പ്രവര്ത്തകന് തയ്യാറാക്കിയ ട്വിറ്റര്‍ ഫയല്‍സിന്റെ ആദ്യഭാഗത്തേക്കുള്ള ലിങ്ക് ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തു. ഹണ്ടര്‍ ബൈഡനെതിരായ വാര്‍ത്തയുടെ ലിങ്കുകള്‍ നീക്കംചെയ്യുകയും ഉള്ളടക്കം സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് നല്കുകയുംചെയ്തു. നേരിട്ടുള്ള സന്ദേശമായി വാര്‍ത്ത പങ്കുവെക്കുന്നതും വിലക്കി. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്ക്ക് മാത്രമാണ് സാധാരണ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുള്ളത്.
മുന്‍ സി.ഇ.ഒ. ജാക്ക് ഡോഴ്സിക്ക് ഇതേക്കുറിച്ച് അറിവുണ്ടായില്ലെന്നും മുന്‍ നിയമ, നയകാര്യ മേധാവി വിജയ ഗഡ്ഡെ ഉള്‍പ്പെടെയുള്ള ഉന്നതര്‍ ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും മാറ്റ് തയ്ബീബി പറയുന്നു. ഹണ്ടര്‍ ബൈഡനെതിരായ റിപ്പോര്‍ട്ട് ട്വിറ്റര്‍ പൂഴ്ത്താന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത ഏക ഡെമോക്രാറ്റ് എം.പി. ഇന്ത്യന്‍ വംശജനായ റോ ഖന്നയെന്നും ട്വിറ്റര്‍ ഫയല്‍സില്‍ പറയുന്നു. സിലിക്കണ്‍വാലി ഉള്‍പ്പെടുന്ന കാലിഫോര്‍ണിയയില്‍നിന്നുള്ള പ്രതിനിധിയാണ് റോ ഖന്ന.
സെന്‍സര്‍ഷിപ്പിനെ വിമര്‍ശിച്ച് ഖന്ന വിജയ ഗഡ്ഡെക്ക് ഇ-മെയില്‍ അയച്ചു. എന്നാല്‍ ഗഡ്ഡെ ട്വിറ്ററിന്റെ നിലപാടിനെ ന്യായീകരിക്കുകയാണ്ചെയ്തത്. റോ ഖന്ന വലിയ മനുഷ്യനാണെന്ന് ഇലോണ്‍ മസ്ക് ട്വീറ്റു ചെയ്തു. മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ വിജയ ഗഡ്ഡെയെ ചുമതലയില്‍നിന്ന് നീക്കിയിരുന്നു. ഹണ്ടര്‍ ബൈഡന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും സ്വതന്ത്രമായ വിവരകൈമാറ്റത്തിന് ട്വിറ്ററില്‍ എന്തുസംഭവിച്ചെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും മസ്ക് പറഞ്ഞു.
Content Highlights: Elon Musk shares sensitive old Twitter's employees conversation
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..