സ്‌പേസ് എക്‌സിന്റെ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ ലിങ്കിലൂടെ ഈ വര്‍ഷം ഇരട്ടിവേഗത്തില്‍ ഇന്റര്‍നെറ്റ് എത്തിക്കാനാവുമെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. സ്റ്റാര്‍ ലിങ്ക് ഇന്റര്‍നെറ്റ് വേഗം സെക്കന്റില്‍ 130 എംബി വരെ ലഭിച്ചെന്ന ഒരാളുടെ ട്വീറ്റിന് മറുപടിയെന്നോണമാണ് ഈ വര്‍ഷം അവസാനത്തോടെ 300 എംബിപിഎസിലേക്ക് വേഗം വര്‍ധിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. 

ഇന്ന് നമ്മള്‍ക്കാര്‍ക്കും ലഭിക്കാത്ത അത്രയും വേഗമാണ് മസ്‌ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ നഗര പ്രദേശങ്ങളില്‍ എപ്പോഴും സെല്ലുലാര്‍ നെറ്റ് വര്‍ക്കിനായിരിക്കും മുന്‍തൂക്കം ഉണ്ടാവുകയെന്നും ജനത്തിരക്ക് കുറഞ്ഞ മേഖലകളിലാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് ഫലപ്രദമാവുകയെന്നും മസ്‌ക് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. 

നിലവില്‍ 50 മുതല്‍ 150 എംബിപിഎസ് വരെയാണ് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന വേഗം. ഇപ്പോള്‍ നല്‍കുന്ന പരമാവധി വേഗത്തിന്റെ ഇരട്ടിയാണ് മസ്‌ക് ഇവാഗ്ദാനം ചെയ്യുന്നത്. 

സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന്റെ ലേറ്റന്‍സി 20 മില്ലി സെക്കന്റിലേക്ക് കുറയ്ക്കാനാവുമെന്നും മസ്‌ക് പറഞ്ഞു. ഉപയോക്താവ് പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍ 34 മില്ലിസെക്കന്റ്, 44 മില്ലി സെക്കന്റ് എന്നിങ്ങനെയാണ് കാണിക്കുന്നത്. ബീറ്റാ കിറ്റിൽ 20 മില്ലി സെക്കന്റ് മുതല്‍ 40 മില്ലി സെക്കന്റ് വരെ പ്രതീക്ഷിക്കാമെന്നാണ് കമ്പനി പറയുന്നത്. 

നൂറ് ഡോളര്‍ ചെലവിട്ട് സ്റ്റാര്‍ലിങ്ക് ബുക്ക് ചെയ്യുന്ന ഉപയോക്താവിനെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനമാണ് മസ്ക് നടത്തിയത് എങ്കിലും പറഞ്ഞ സമയത്തിനുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമാവുമോ എന്ന് കണ്ടറിയണം. അതേസമയം, സ്റ്റാര്‍ലിങ്ക് പദ്ധതി കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തുന്നുണ്ടെന്ന് ഈ പ്രഖ്യാപനം വ്യക്തമാക്കുന്നു. സ്റ്റാര്‍ ലിങ്കിന് വേണ്ടിയുള്ള ഉപഗ്രഹങ്ങള്‍ കമ്പനി തുടരെ തുടരെ വിക്ഷേപിച്ചു വരികയാണ്. 

ഉപഗ്രഹങ്ങളില്‍നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല എത്തിച്ചേരാത്ത ഒറ്റപ്പെട്ട ഇടങ്ങളിലുള്‍പ്പടെ അതിവേഗ ഇന്റര്‍നെറ്റ് സേവനമെത്താന്‍ ഈ പദ്ധതി സഹായിക്കും.

Content Highlights: Elon Musk says Starlink internet speeds will double this year