മൂക്കുകയറില്ലാതെ മസ്ക്; കൂട്ടിൽ നിന്ന് പെട്ടിയിലേക്കോ ട്വിറ്റർ ?


അജ്മല്‍ എന്‍.എസ്

ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം വന്‍ മാറ്റങ്ങളായിരുന്നു ട്വിറ്ററില്‍ നടന്നത്. പുതിയ മേധാവിയുടെ കീഴില്‍ ജീവനക്കാര്‍ക്ക് മികച്ച അനുഭവമല്ല നേരിടേണ്ടി വന്നത്.

Photo: Gettyimages

ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് എങ്ങും നിറയുന്നത്. മസ്‌കിന്റെ പുത്തന്‍ ആശയങ്ങളും എടുത്തുചാട്ടങ്ങളും പ്രതികാരവുമെല്ലാം ലോകം കുറച്ചുനാളുകള്‍ കൊണ്ട് കണ്ടു. വിമര്‍ശനങ്ങളും കൈയടികളും കുമിഞ്ഞുകൂടി. സ്വേച്ഛാതിപതിയെന്നും വിഡ്ഢിയായ കോടീശ്വരന്‍ അഹങ്കാരിയെന്നും പലരും വിളിച്ചു. ഇതിലൊന്നും ഇലോണ്‍ മസ്‌ക് എന്ന മാസ്റ്റര്‍ മൈന്‍ഡ് കുലുങ്ങിയില്ല. തനിക്ക് ശരിയെന്ന് തോന്നുന്നതെല്ലാം അദ്ദേഹം ചെയ്തു. ഉപയോക്താക്കള്‍ക്ക് കൊടുത്ത വാക്കുകള്‍ പലതും പലതവണ മാറ്റിയ ആളാണ് മസ്‌ക് എന്നതും പ്രത്യേകം ഓര്‍ക്കണം.

ചില വിമര്‍ശനങ്ങള്‍ തീരുമാനം മാറ്റുന്നതിലേയ്ക്ക് നയിച്ചിട്ടുണ്ട്. പക്ഷേ, തന്ത്രപരമായിരുന്നു മസ്‌കിന്റെ നീക്കം. വിമര്‍ശനങ്ങള്‍ കൂടുമ്പോള്‍ ഒരു അഭിപ്രായ സര്‍വേ നടത്തുകയും പിന്നാലെ ആളുകളുടെ അഭിപ്രായം മാനിക്കുന്നു എന്നുകാട്ടി തീരുമാനം മാറ്റുകയും ചെയ്യുന്ന പതിവ് ഇലോണ്‍ മസ്‌ക് സ്വീകരിച്ചിരുന്നു.

ഇപ്പോഴിതാ ഏറ്റവുമൊടുവിലായി അഭിപ്രായ സര്‍വേ മാനിച്ച് കമ്പനിയിലെ സി.ഇ.ഒ സ്ഥാനം വരെ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് മസ്‌ക്. ഇതും ഇലോണ്‍ മസ്‌ക് എന്ന ബിസിനസ് തന്ത്രജ്ഞന്റെ പുതിയ വഴിയാകാം, കൃത്യമായ ഉത്തരം മസ്‌കിന് മാത്രം അറിയാം. എന്നാല്‍ താന്‍ രാജി വയ്ക്കണോ വേണ്ടയോ എന്ന നിര്‍ണായക അഭിപ്രായ സര്‍വേയിലേയ്ക്ക് മസ്‌ക് എത്തിച്ചേരാന്‍ ചില വസ്തുതകള്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട്. അതെന്തെല്ലാമെന്ന് പരിശോധിക്കാം.

'പക്ഷി'യെ മോചിപ്പിച്ച ശതകോടീശ്വരന്‍

ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരിക്കവെയാണ് ഇലോണ്‍ മസ്‌ക് മുന്‍നിര സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ ട്വിറ്റര്‍ സ്വന്തമാക്കുന്നത്. 'പക്ഷിയെ മോചിപ്പിച്ചു'! എന്നായിരുന്നു കമ്പനി ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തത്.

സംഭവബഹുലമായിരുന്നു ട്വിറ്റര്‍ വാങ്ങല്‍ ഇടപാട്. 2021 ഏപ്രിലിലാണ് ട്വിറ്ററിന് വിലയിട്ടുകൊണ്ട് ഇലോണ്‍ മസ്‌ക് രംഗത്തെത്തിയത്. 4,400 കോടി ഡോളറിന്റെതായിരുന്നു ഇടപാട്. ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നും തുടക്കത്തില്‍ വലിയ എതിര്‍പ്പുണ്ടായി.

എന്നാല്‍ ഒരു ഓഹരിക്ക് മികച്ച തുക വാഗ്ദാനം ചെയ്തുകൊണ്ടുള്ള മസ്‌കിന്റെ ഓഫര്‍ അംഗീകരിക്കാന്‍ ഓഹരി ഉടമകളില്‍നിന്നും വലിയ സമ്മര്‍ദ്ദം ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡിന് നേരിടേണ്ടി വന്നു. ഇതോടെ ട്വിറ്റര്‍ മസ്‌കിനോട് അടുത്തു. ഒടുവില്‍ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള കരാര്‍ ഇരു കമ്പനികളും ഒപ്പുവെച്ചു.

ട്വിറ്ററില്‍ സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നും വ്യക്തികളുടെ അഭിപ്രായപ്രകടനങ്ങളില്‍ ട്വിറ്ററിന് ഇടപെടാന്‍ അധികാരമില്ലെന്നുമുള്ള നിലപാട് മസ്‌ക് പരസ്യമായി വിളിച്ചുപറഞ്ഞു. യു.എസ്. കാപ്പിറ്റോള്‍ ആക്രമണത്തിന് പിന്നാലെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ടിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതുള്‍പ്പടെയുള്ള ട്വിറ്ററിന്റെ കണ്ടന്റ് മോഡറേഷന്‍ നയത്തെയും മസ്‌ക് വിമര്‍ശിച്ചു.

വ്യാജ വാര്‍ത്താ പ്രചാരണം തടയുന്നതിന് ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകള്‍ ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. ബോട്ട് അക്കൗണ്ടുകളും സ്പാം അക്കൗണ്ടുകളും നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച വേളയിലാണ് ട്വിറ്ററിലെ ആകെ അക്കൗണ്ടുകളില്‍ എത്രയെണ്ണം ഇത്തരം സ്പാം അക്കൗണ്ടുകള്‍ ആണെന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ മസ്‌ക് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ആകെ അക്കൗണ്ടുകളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകളെന്ന ട്വിറ്ററിന്റെ പ്രഖ്യാപനം ചെവിക്കൊള്ളാതിരുന്ന മസ്‌ക്, കൃത്യമായ എണ്ണം എത്രയാണെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യത്തോട് ട്വിറ്റര്‍ താല്‍പര്യം കാണിക്കാതെ വന്നതോടെ ഇടപാടില്‍ നിന്ന് പിന്‍മാറുകയാണെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചിരുന്നു.

എന്നാല്‍ മസ്‌കിനെ ട്വിറ്റര്‍ വിടാന്‍ ഒരുക്കമായിരുന്നില്ല. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ട് ട്വിറ്റര്‍ കോടതിയെ സമീപിച്ചു. മാസങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കിടെയാണ് വീണ്ടും ഏറ്റെടുക്കലിന് സമ്മതമറിയിച്ച് മസ്‌ക് വീണ്ടും രംഗത്തെത്തിയത്. ഒടുവില്‍ കോടതി നല്‍കിയ അവസാന തീയതിയില്‍ തന്നെ മസ്‌ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

തലപ്പത്തെ അഴിച്ചുപണിയോടെ തുടക്കം

ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ തലപ്പത്ത് അഴിച്ചുപണി നടത്തിയാണ് മസ്‌ക് തുടങ്ങിയത്. സി.ഇ.ഒ. പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെയുള്ള ട്വിറ്ററിന്റെ തലപ്പത്തുള്ള പ്രധാനപ്പെട്ട നാല് ഉദ്യോഗസ്ഥരെ ഇലോണ്‍ മസ്‌ക് ആദ്യം പുറത്താക്കി. ട്വിറ്റര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം മുതല്‍ മസ്‌കിനെ എതിര്‍ത്ത വ്യക്തികളില്‍ ഒരാളായിരുന്നു പരാഗ് അഗ്രവാള്‍. പരാഗിന് പുറമേ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നഡ് സെഗാള്‍, ലീഗല്‍ ഹെഡ് വിജയ ഗഡ്ഡെ എന്നിവരെയും 2012 മുതല്‍ ട്വിറ്ററിന്റെ ജനറല്‍ കൗണ്‍സിലായ സീന്‍ എഡ്ഗറ്റിനെയും പുറത്താക്കി. ട്വിറ്ററിന്റെ ഈ സെന്‍സര്‍ഷിപ്പ് നിലപാടുകള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു വിജയ ഗഡ്ഡേ.

പ്രതീക്ഷിച്ചിരുന്നപോലെ, തന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ നേതൃത്വം തന്റെ പരമാധികാരത്തിന്റെ കീഴിലാക്കാറുള്ള മസ്‌ക് ട്വിറ്ററിലും അതേ രീതി തന്നെയാണ് തുടര്‍ന്നത്. ഇതിനിടെ മസ്‌കിനെ എതിര്‍ത്തിരുന്ന ട്വിറ്ററിന്റെ തലപ്പത്തിരുന്ന പല ഉദ്യോഗസ്ഥരും നേരത്ത തന്നെ സ്ഥാനമൊഴിഞ്ഞ് പോയിരുന്നു.

ട്വിറ്ററിന്റെ സെന്‍സര്‍ഷിപ്പിന് വിരുദ്ധമായ നിലപാടാണ് ഇലോണ്‍ മസ്‌ക് സ്വീകരിച്ചിരുന്നത്. ട്വിറ്റര്‍ ഒരു ടൗണ്‍ സ്‌ക്വയര്‍ ആവണം എന്നും അവിടെ മാനവികതയുടെ ഭാവിയ്ക്ക് ഗുണകരമായ എല്ലാ വിധ ചര്‍ച്ചകളും നടക്കണം എന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.

'അഭിപ്രായ സ്വാതന്ത്ര്യം എന്നതുകൊണ്ട് ഞാന്‍ ലളിതമായി അര്‍ത്ഥമാക്കുന്നത് അത് നിയമത്തോട് യോജിക്കുന്നതായിരിക്കണം എന്നാണ്. നിയമം മറികടന്നുള്ള സെന്‍സര്‍ഷിപ്പിന് എതിരാണ് ഞാന്‍. പരിമിതമായ അഭിപ്രായ സ്വാതന്ത്ര്യമാണ് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നത് എങ്കില്‍ അവര്‍ ഭരണകൂടത്തോട് അതിന് വേണ്ടി നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെടും. അതുകൊണ്ട്, നിയമം മറികടക്കുന്നത് ജനഹിതത്തിന് വിരുദ്ധമാണ്.' എന്നായിരുന്നു ട്വിറ്ററിലെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച തന്റെ നിലപാട് മസ്‌ക് വിശദീകരിച്ചത്.

ഇടതില്‍നിന്ന് വലതിലേയ്ക്ക്

ട്രംപ് ഉള്‍പ്പടെയുള്ള ആളുകളെ തിരികെ കൊണ്ടുവരാന്‍ മസ്‌ക് തയാറായിരുന്നു. ഇവരെ അനുവദിക്കുന്നതുവഴി വിദ്വേഷ പ്രചാരണം ഉള്‍പ്പെടുന്ന പ്രശ്നകാരികളായ ഉള്ളടക്കങ്ങളുയിരുന്നു മസ്‌കിന് മുന്‍പ് ട്വിറ്റര്‍ സ്വീകരിച്ചുവന്നിരുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയെ തള്ളിപ്പറയുകയും ട്വിറ്ററിന്റെ ഇടത് മനോഭാവം എതിര്‍ക്കുകയും ചെയ്ത മസ്‌ക്, യാഥാസ്ഥിതിക പക്ഷക്കാരായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടുള്ള ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ഇക്കാരണം കൊണ്ടുതന്നെ യു.എസിലെ മീഡിയ മാറ്റേഴ്സ് ഫോര്‍ അമേരിക്ക, ഫെയര്‍ വോട്ട് യു.കെ. തുടങ്ങിയ ഇടതുപക്ഷ കൂട്ടായ്മകള്‍ ഈ ഇടപാടിനെതിരെ രംഗത്തുവന്നിരുന്നു. മസ്‌ക് അരാജകത്വത്തിനായി ദാഹിക്കുന്നുവെന്ന് ഇവര്‍ വിമര്‍ശിച്ചിരുന്നു. ദ്ദേഹത്തിന്റെ പദ്ധതികള്‍ ട്വിറ്ററിനെ കൂടുതല്‍ വിദ്വേഷം നിറഞ്ഞ ഒരു മാലിന്യക്കൂമ്പാരമാക്കി മാറ്റുമെന്നും ഇത് യഥാര്‍ത്ഥ ലോകത്തിന് പരിഹരിക്കാനാകാത്ത പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ഇവര്‍ ആരോപിച്ചിരുന്നു.

മസ്‌കും ട്രംപും കൈ കൊടുക്കുമ്പോള്‍

ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍നിന്ന് നീക്കം ചെയ്ത നടപടിയെ എതിര്‍ത്ത് രംഗത്തുവന്ന വക്തിയാണ് മസ്‌ക്. മസ്‌കിനോടുള്ള ഈ പ്രതിപത്തി വാക്കുകളിലൂടെ ട്രംപ് പ്രകടമാക്കിയിരുന്നു. ട്വിറ്റര്‍ ഇപ്പോള്‍ വിവേകമുള്ള കൈകളില്‍ എത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇനി ട്വിറ്ററിലേക്ക് തിരിച്ചുവരില്ലെന്ന് പ്രഖ്യാപിച്ച ട്രംപ്, തന്റെ സ്വന്തം സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിനോടുള്ള സ്നേഹവും പ്രകടിപ്പിച്ചു.

ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ടംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മസ്‌ക് പുനഃസ്ഥാപിച്ചിരുന്നു. ട്രംപിന്റെ അക്കൗണ്ട് തിരികെ കൊണ്ടുവരേണ്ടതുണ്ടോ എന്ന് ചോദിച്ച് ഒരു അഭിപ്രായ സര്‍വേ സംഘടിപ്പിച്ചതിന് പിന്നാലെയാണ് മസ്‌ക് തീരുമാനം വ്യക്തമാക്കിയത്. വേണമെന്നും വേണ്ട എന്നും അഭിപ്രായപ്പെട്ടവര്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. 51.8 ശതമാനം പേര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കണം എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 48.2 ശതമാനം പേര്‍ ട്രംപിന്റെ വരവിനെ എതിര്‍ത്തു.

2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലെ വിലക്ക് നീങ്ങിയിരിക്കുന്നത്. 2021-ല്‍ യുഎസ് കാപ്പിറ്റോള്‍ ഹില്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയത്. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ അക്രമകാരികള്‍ക്ക് പ്രചോദനമായെന്ന് കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി. ട്രൂത്ത് സോഷ്യല്‍ കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്ന ട്രംപ് ട്വിറ്ററിലേയ്ക്ക് മടങ്ങിയെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്.

മാറ്റങ്ങളുടെ മാസങ്ങള്‍, മസ്‌കിന്റെ ട്വിറ്റര്‍ 2.0

ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം വന്‍ മാറ്റങ്ങളായിരുന്നു ട്വിറ്ററില്‍ നടന്നത്. പുതിയ മേധാവിയുടെ കീഴില്‍ ജീവനക്കാര്‍ക്ക് മികച്ച അനുഭവമല്ല നേരിടേണ്ടി വന്നത്. പുതിയ വര്‍ക്ക് കള്‍ച്ചറും പിരിച്ചുവിടലും ഒക്കെയായി ജീവനക്കാര്‍ സമ്മര്‍ദത്തലായിരുന്നു. കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ നിരവധി ജീവനക്കാരാണ് സ്വമേധയാ കമ്പനിയില്‍ നിന്നും പിരിഞ്ഞുപോയത്.

ഒടുവില്‍ ട്വിറ്ററിനെതിരെ പരാതിയുമായി ജീവനക്കാര്‍ തന്നെ രംഗത്തെത്തി. മസ്‌കിന്റെ നയങ്ങളില്‍ ഈ ജീവനക്കാര്‍ തൃപ്തരല്ലായിരുന്നു.
'മസ്‌കിന്റെ ട്വിറ്ററില്‍ നിന്നും മാറി നില്‍ക്കൂ' എന്ന ഉപദേശമാണ് പുതിയ ആളുകള്‍ക്ക് ജീവനക്കാര്‍ നല്‍കിയത്. 'ബ്ലൈന്റ് ആപ്പി'ലൂടെ ജീവനക്കാര്‍ ട്വിറ്റര്‍ 2.0 യെപ്പറ്റി അജ്ഞാത സന്ദേശങ്ങളും അയച്ചു.

ജീവനക്കാര്‍ ട്വിറ്ററിന് റേറ്റിങ് കുറച്ച് നല്‍കാന്‍ ആരംഭിച്ചു. മുന്‍പ് ട്വിറ്ററില്‍ ജോലി ചെയ്യാന്‍ മികച്ച ഇടമായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അങ്ങനെയല്ലെന്നും ജീവനക്കാര്‍ 'ബ്ലൈന്റ് ആപ്പി'ല്‍ കുറിച്ചു.

നേരത്തെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ ഇലോണ്‍ മസ്‌ക് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് കമ്പനിയില്‍ കൂട്ടരാജികളുണ്ടായത്.
'കഠിനാധ്വാനം ചെയ്യുക അല്ലെങ്കില്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റില്‍ നിന്ന് പിരിഞ്ഞ് പോവുക' എന്നതായിരുന്നു മസ്‌കിന്റെ ആഹ്വാനം. മൂന്ന് മാസത്തെ വേര്‍പിരിയല്‍ വേതനത്തോടെ രാജിവെച്ച് പുറത്തുപോകാം എന്നായിരുന്നു മസ്‌ക് തൊഴിലാളികളോട് പറഞ്ഞത്. രാജിവയ്ക്കാതെ തുടര്‍ന്നവരില്‍ നിന്നുമാണ് പരാതികള്‍ ഉയര്‍ന്നത്.

'ട്വിറ്റര്‍ 2.0- എവരിതിങ് ആപ്പ്' എന്ന പ്രഖ്യാപനത്തോടെ ആപ്പിന്റെ പുതിയ ലുക്ക് ഇലോണ്‍ മസ്‌ക് അവതരിപ്പിച്ചിരുന്നു. ട്വിറ്റര്‍ 2.0 വീഡിയോയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മസ്‌ക് അറിയിച്ചിരുന്നു. പിന്നാലെ ട്വിറ്ററിലെ ക്യാരക്ടറുകളുടെ പരിധി ഉയര്‍ത്താന്‍ മസ്‌ക് തയാറെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. 280 ക്യാരക്ടറുകളാണ് നിലവില്‍ ട്വീറ്റില്‍ ഉപയോഗിക്കാനാവുക. മുന്‍പിത് 140 ആയിരുന്നു. ഇത് 4000 ആയി ഉയര്‍ത്താന്‍ മസ്‌ക് ഒരുങ്ങുന്നുവെന്നായിരുന്നു വിവരങ്ങള്‍.

ക്യാരക്ടറിന്റെ പരിധി 280 ല്‍ നിന്നും 4000 ആയി ഉയര്‍ത്തുമോ എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് 'അതെ' എന്ന് മസ്‌ക് മറുപടി നല്‍കുകയായിരുന്നു. എന്നാല്‍ ഇങ്ങനെ ചെയ്യരുതെന്ന് നിരവധിയാളുകള്‍ അഭിപ്രായപ്പെട്ടു. ട്വീറ്റ് എപ്പോഴും ചെറുതായിരിക്കും നല്ലതെന്നായിരുന്നു ഇവരുടെ അഭിപ്രായം.

പണമടച്ചാല്‍ 'ട്വിറ്റര്‍ ബ്ലൂ'

ഇലോണ്‍ മസ്‌ക് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ തീരുമാനമായിരുന്നു ബ്ലൂ ടിക്ക് വേരിഫിക്കേഷനില്‍ വരുത്തിയ മാറ്റം. യഥാര്‍ത്ഥ അക്കൗണ്ടുകള്‍ക്ക് കൃത്യമായ വെരിഫിക്കേഷന്‍ പ്രക്രിയയിലൂടെ ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന വേരിഫൈഡ് ബാഡ്ജിലാണ് മസ്‌ക് മാറ്റം വരുത്തിയത്.

എട്ട് ഡോളര്‍ നല്‍കുന്ന ആര്‍ക്കും ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ നല്‍കാന്‍ ട്വിറ്റര്‍ തുടങ്ങി. ഇതോടെ വ്യാജ വെരിഫൈഡ് അക്കൗണ്ടുകള്‍ പെരുകി. സ്ഥിതി മോശമായതോടെ വെരിഫൈഡ് ബാഡ്ജ് നല്‍കാനുള്ള തീരുമാനം താത്കാലികമായി ട്വിറ്റര്‍ റദ്ദാക്കുകയും ചെയ്തു. പണം നല്‍കുന്ന ആര്‍ക്കും ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ എന്ന രീതി ദുരുപയോഗം ചെയ്യപ്പെടുമെന്ന് പല പ്രമുഖരും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് ഗൗനിക്കാതെയായിരുന്നു മസ്‌ക് മുന്നോട്ട് പോയത്. ഒടുവില്‍ വെരിഫൈഡ് വ്യാജ അക്കൗണ്ടുകള്‍ പെരുകിയതോടെയാണ് വെരിഫിക്കേഷന്‍ പ്രക്രിയ താത്കാലികമായി ട്വിറ്റര്‍ നിര്‍ത്തിവെച്ചത്.


അധികം വൈകാതെ വെരിഫൈഡ് ബാഡ്ജ് തിരികെയെത്തുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. വ്യക്തികള്‍ക്ക് നല്‍കിവന്നിരുന്ന ബ്ലൂ ടിക്ക് അതേപടി തന്നെ തുടരുകയും കമ്പനികള്‍ക്ക് ഗോള്‍ഡ് ടിക്ക് നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.

ഒടുവില്‍ മസ്‌ക് 'ട്വിറ്റര്‍ ബ്ലൂ' സബ്‌സ്‌ക്രിപ്ഷന്‍ വീണ്ടും കൊണ്ടുവന്നു. ഒട്ടേറെ പുതിയ ഫീച്ചറുകളോടെയാണ് 'ട്വിറ്റര്‍ ബ്ലൂ' എത്തിയത്. 'ട്വിറ്റര്‍ ബ്ലൂ' സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് ബ്ലൂ ടിക്കിന് പുറമെ ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള അവസരവും നല്‍കി. 1080 പിക്സല്‍ വീഡിയോ പോസ്റ്റ് ചെയ്യാനും സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് സാധിക്കും. ഇതിന് പുറമെ വേറെയും പ്രീമിയം ഫീച്ചറുകള്‍ ട്വിറ്റര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

'ട്വിറ്റര്‍ ബ്ലൂ' വീണ്ടുമെത്തിയപ്പോള്‍ നിരക്കിലും മാറ്റം വന്നു. പ്രതിമാസം എട്ട് ഡോളര്‍ വെബ് യൂസേര്‍സ് നല്‍കേണ്ടി വരുമ്പോള്‍ ഐ.ഒ.എസ് ഉപഭോക്താക്കള്‍ നല്‍കേണ്ടത് 11 ഡോളറാണ്. സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവരുടെ അക്കൗണ്ട് കൃത്യമായി വെരിഫിക്കേഷന്‍ പ്രക്രിയയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു. നിലവില്‍ ബ്ലൂ ടിക്ക് ഉള്ളവരും അത് നിലനിര്‍ത്താനായി സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ട അവസ്ഥയും വന്നു.
സബ്‌സ്‌ക്രിപ്ഷനിലൂടെ വലിയൊരു വരുമാന നേട്ടവും ഇലോണ്‍ മസ്‌ക് സ്വപ്‌നം കണ്ടിരിക്കണം.

ബേസിക് പ്ലാനിന് പുറമെ മറ്റൊരു 'ട്വിറ്റര്‍ ബ്ലൂ' പ്ലാന്‍ കൂടി പുറത്തിറക്കുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചിട്ടുണ്ട്. യാതൊരു പരസ്യങ്ങളുമില്ലാത്ത 'ട്വിറ്റര്‍ ബ്ലൂ' സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ ആയിരിക്കുമിതെന്നാണ് വിവരങ്ങള്‍. അടുത്ത വര്‍ഷം പുതിയ പ്ലാന്‍ എത്തുമെന്ന് പറഞ്ഞുവെങ്കിലും കൃത്യമായ തീയതി അറിയിച്ചിട്ടില്ല.

നഷ്ടമായ ഒന്നാം സ്ഥാനം

ലോകത്തിലെ ഏറ്റവും സമ്പന്നന്‍ എന്ന ഖ്യാതിയോടെ ട്വിറ്ററിന്റെ മേധാവിയായി തുടര്‍ന്ന ഇലോണ്‍ മസ്‌കിനേറ്റ തിരിച്ചടിയായിരുന്നു വരുമാനത്തിലെ ഇടിവ്. പിന്നാലെ ലോകത്തിലെ ഏറ്റവും സമ്പന്നന്‍ എന്ന ഖ്യാതിയും നഷ്ടമായി. ടെസ്ലയുടെ ഓഹരിമൂല്യത്തിലുണ്ടായ ഇടിവാണ് ഇലോണ്‍ മസ്‌കിന് തിരിച്ചടിയായത്.

ഫോബ്സ് റിപ്പോര്‍ട്ട് പ്രകാരം ഫ്രഞ്ച് ബിസിനസുകാരനും ഫാഷന്‍ രംഗത്തെ പ്രമുഖരായ എല്‍.വി.എം.എച്ചിന്റെ ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍ണോള്‍ട്ട് ആണ് ഇപ്പോഴത്തെ ഏറ്റവും സമ്പന്നന്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 176.8 ബില്യണ്‍ ഡോളര്‍ ആണ് ഇലോണ്‍ മസ്‌കിന്റെ ആസ്തി. ഒന്നാമതുള്ള ബെര്‍ണാഡുമായി 11.8 ബില്യണിന്റെ വ്യത്യാസമാണ് മസ്‌കിനുള്ളത്. 188.2 ബില്യണ്‍ ആണ് ബെര്‍ണാഡ് അര്‍ണോള്‍ട്ടിന്റെ ആസ്തി.

ഇലോണ്‍ മസ്‌ക്, ബെര്‍ണാഡ് അര്‍ണോള്‍ട്ട് | photo: getty images

ഇലോണ്‍ മസ്‌കിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് ടെസ്ലയിലെ നിക്ഷേപം പിന്‍വലിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ട്വിറ്ററിന്റെ മേധാവിയായി സ്ഥാനം ഏറ്റെടുത്ത ശേഷം മസ്‌കിന് മറ്റ് ബിസിനസുകളിലെ താത്പര്യം കുറഞ്ഞുവെന്നും ട്വിറ്ററില്‍ മാത്രമാണ് ശ്രദ്ധയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

മസ്‌ക് ക്ഷീണിച്ചെങ്കിലും ബെര്‍ണാഡ് അര്‍ണോള്‍ട്ടിന്റെ ആസ്തിയില്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഏഴുപതോളം കമ്പനികളാണ് ബെര്‍ണാഡ് അര്‍ണോള്‍ട്ടും കുടുംബവും സ്വന്തമാക്കിയിട്ടുള്ളത്. മാര്‍ക്ക് ജേക്കബ്സ്, ലോറോ പിയാന ഉള്‍പ്പടെയുള്ള പ്രമുഖ ഫാഷന്‍ കമ്പനികള്‍ ഇതിലുള്‍പ്പെടും.

നേരത്തെയും അര്‍ണോള്‍ട്ട് മസ്‌കിനെ മറികടന്ന് സമ്പന്നന്മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയെങ്കിലും നേരിയ വ്യത്യാസമേ ആസ്തിയില്‍ ഉണ്ടായിരുന്നുള്ളു. കുറഞ്ഞ സമയത്തിനുള്ളില്‍ മസ്‌ക് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മിലുള്ള ആസ്തിയില്‍ സാരമായ വ്യത്യാസമുണ്ട്. ഇക്കാരണം കൊണ്ടുതന്നെ കുറച്ചുനാള്‍ അര്‍ണോള്‍ട്ടിന്റെ ഒന്നാം സ്ഥാനത്തിന് മസ്‌കിന്റെ വെല്ലുവിളിയുണ്ടാകാന്‍ സാധ്യതയില്ല.

വിമര്‍ശകര്‍ക്കെതിരെ നിരോധനം

വിമര്‍ശിക്കുന്നവരെ നിരോധിക്കുക എന്ന നയം മസ്‌ക് സ്വീകരിച്ചത് ഉപയോക്താക്കളെ ചൊടിപ്പിച്ചിരുന്നു. പോളിസി വയലേഷന്‍ എന്ന പേരും പറഞ്ഞായിരുന്നു ഭൂരിഭാഗം നിരോധനവും. വാഷിങ്ടണ്‍ പോസ്റ്റിലേയും ന്യൂയോര്‍ക്ക് ടൈംസിലേയും ഉള്‍പ്പടെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് ഈയടുത്ത് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത്. അടുത്തകാലത്തായി ഇലോണ്‍ മസ്‌കിനെ കുറിച്ചും അദ്ദേഹം ട്വിറ്റര്‍ വാങ്ങിയതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ചുമെല്ലാം എഴുതിയ മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് പൂട്ടിയതില്‍ ഏറെയും.

ട്വിറ്ററിന്റെ ഡോക്സിങ് റൂള്‍ മറ്റെല്ലാവരെയും പോലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണ് എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ഒരു ട്വീറ്റിന് ഇലോണ്‍ മസ്‌ക് മറുപടി നല്‍കിയത്. മറ്റുള്ളവരുടെ വ്യക്തിവിവരങ്ങള്‍ പൊതുമധ്യത്തില്‍ പങ്കുവെക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ് ട്വിറ്ററിന്റെ ഡോക്സിങ് റൂള്‍.

ഇതിനും മുന്‍പ് മസ്‌കിന്റെ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ യാത്ര തത്സമയം പിന്തുടര്‍ന്ന് വിവരങ്ങള്‍ പങ്കുവെച്ചിരുന്ന അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡോക്സിങ് റൂള്‍ അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവര്‍ത്തകരുടേയും അക്കൗണ്ടുകള്‍ പൂട്ടിയത് എന്നായിരുന്നു വിവരങ്ങള്‍.

എല്ലാ ദിവസവും എന്നെ വിമര്‍ശിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഞാന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ തത്സമയ വിവരം പങ്കുവെക്കുന്നതും കുടുംബത്തെ അപകടത്തിലാക്കുന്നതും അങ്ങനെയല്ല. മറ്റൊരു ട്വീറ്റില്‍ മസ്‌ക് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം നടപ്പിലാക്കുമെന്ന് കൊട്ടിഘോഷിച്ച ആളായിരുന്നു ഇലോണ്‍ മസ്‌ക് എന്ന് പലരും ആരോപിച്ചു. പക്ഷെ, അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ അക്കൗണ്ട് നിരോധിക്കില്ല എന്ന് അര്‍ത്ഥമാക്കുന്നില്ലെന്നാണ് മസ്‌ക് ഇപ്പോള്‍ പറയുന്നത്.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ റയാന്‍ മാക്ക്, വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ ഡ്ര്യൂ ഹാര്‍വെല്‍, സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ഡോണി ഒ സള്ളിവന്‍, മാഷബിള്‍ റിപ്പോര്‍ട്ടര്‍ മാറ്റ് ബൈന്റര്‍, എന്നവര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ചിലരാണ്. യുഎസിന്റെ നയങ്ങളും രാഷ്ട്രീയവും റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ആരോണ്‍ റുപാറിന്റെ അക്കൗണ്ടും സസ്പെന്‍ഡ് ചെയ്തു.

പക്ഷേ വിമര്‍ശനങ്ങള്‍ ഏറിയതോടെ മാധ്യമ പ്രവര്‍ത്തകരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മസ്‌ക് തയാറായി. ഒരു അഭിപ്രായ സര്‍വേ നടത്തിയ ശേഷമാണ് മസ്‌ക് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ഭൂരിഭാഗം പേരും നിരോധനം എത്രയും പെട്ടെന്ന് ഒഴിവാക്കാനാണ് ആവശ്യപ്പെട്ടത്.

നേരത്തെ ഇലോണ്‍ മസ്‌കിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവന്നിരുന്ന അക്കൗണ്ട് ട്വിറ്റര്‍ നിരോധിച്ചിരുന്നു. 'ഇലോണ്‍ജെറ്റ്' എന്ന അക്കൗണ്ടാണ് ട്വിറ്റര്‍ നിരോധിച്ചത്. ഈ അക്കൗണ്ട് നിരോധിക്കില്ലെന്ന് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് മുന്‍പ് അറിയിച്ചിരുന്നതാണ്.

ജാക്ക് സ്വീനി എന്നയാളാണ് ഇലോണ്‍ജെറ്റ് (@ElonJet) എന്ന അക്കൗണ്ടിന്റെ ഉടമ. സെന്‍ട്രല്‍ ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് 20 കാരനായ ജാക്ക് സ്വീനി. ഒരു ലക്ഷത്തിലധികം ഫോളേവേഴ്സാണ് അക്കൗണ്ടിന് ഉണ്ടായിരുന്നത്. ജാക്ക് സ്വീനിയുടെ പ്രൈവറ്റ് അക്കൗണ്ടും ട്വിറ്റര്‍ നിരോധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മസ്‌ക് തന്റെ പ്രൈവറ്റ് ജെറ്റില്‍ എവിടെയെല്ലാം പോവുന്നുവെന്ന് 20 കാരന്‍ നിരീക്ഷിക്കും. സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു ബോട്ട് (BOT) ഉപയോഗിച്ചാണ് മസ്‌കിന്റെ വിമാനയാത്രകള്‍ ജാക്ക് പിന്തുടര്‍ന്നിരുന്നത്. മസ്‌കിന്റെ വിമാനം എവിടെ നിന്ന് എപ്പോള്‍ പുറപ്പെട്ടുവെന്നും എവിടെ ലാന്‍ഡ് ചെയ്തുവെന്നും എത്രനേരം യാത്ര ചെയ്തുവെന്നുമുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ ട്വീറ്റ് ചെയ്യുമായിരുന്നു.

മസ്‌കിനെ മാത്രമല്ല, മറ്റ് പ്രമുഖരേയും ജാക്ക് പിന്തുടര്‍ന്നിരുന്നു. ഇത്തരത്തില്‍ പ്രമുഖ വ്യക്തികളുടെ വിമാന യാത്രകള്‍ പിന്തുടരുന്നതിനായി ഒരു ഡസനോളം ഫ്ളൈറ്റ് ബോട്ട് അക്കൗണ്ടുകള്‍ ജാക്ക് വികസിപ്പിച്ചിട്ടുണ്ട്. ബില്‍ ഗേറ്റിസിനെയും ജെഫ് ബെസോസിനേയുമെല്ലാം ജാക്ക് നിരീക്ഷിച്ചിരുന്നു.

ഇത് സുരക്ഷാ ഭീഷണിയാണെന്നും അക്കൗണ്ട് പിന്‍വലിക്കാമോ എന്നും ചോദിച്ച് മസ്‌ക് ജാക്ക് സ്വീനിയ്ക്ക് സന്ദേശം അയച്ചിരുന്നു. തന്റെ യാത്രകളെ സ്ഥിരമായി പിന്തുടരുന്ന ഈ അക്കൗണ്ട് നീക്കം ചെയ്യാന്‍ മസ്‌ക് 5000 ഡോളര്‍ ജാക്കിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദാനം ജാക്ക് സ്വീനി സ്വീകരിച്ചിരുന്നില്ല.

50,000 ഡോളര്‍ വേണമെന്നാണ് ജാക്ക് പറഞ്ഞത്. ഈ പണം തനിക്ക് കോളേജ് പഠനത്തിനും ഒരു ടെസ്ല കാര്‍ മോഡല്‍ 3 വാങ്ങാനുമാണെന്നും ജാക്ക് പറഞ്ഞിരുന്നു. എന്നാല്‍ ഈ വിലപേശലില്‍ നിന്നുകൊടുക്കാന്‍ തയ്യാറല്ലെന്ന നിലപാടായിരുന്നു മസ്‌ക് സ്വീകരിച്ചത്. ഈ അക്കൗണ്ട് അടച്ചുപൂട്ടാന്‍ പണം നല്‍കുന്നത് ശരിയല്ലെന്നാണ് തനിക്ക് തോന്നുന്നത് എന്ന് മസ്‌ക് പറഞ്ഞിരുന്നു.

പ്രതിഫലം അല്ലെങ്കില്‍ ഇന്റേണ്‍ഷിപ്പ് പോലുള്ള ഓപ്ഷനുകളും ജാക്ക് സ്വീനി മുമ്പോട്ട് വെച്ചു. എന്നാല്‍ മസ്‌ക് ഇതിനും മറുപിടി നല്‍കിയിരുന്നില്ല. 2018 ലെ ആദ്യ ഫാല്‍ക്കണ്‍ ഹെവി വിക്ഷേപണം തൊട്ട് സ്പേസ് എക്സിന്റെ കടുത്ത ആരാധകനാണ് ജാക്ക് സ്വീനി. ജാക്കിന്റെ അച്ഛന്‍ ഒരു എയര്‍ലൈന്‍സിലാണ് ജോലി ചെയ്തിരുന്നത്. അങ്ങനെയാണ് വ്യോമയാന രംഗത്തോടുള്ള താല്‍പര്യം.

വിമാനയാത്രകള്‍ പിന്തുടരാതിരിക്കാന്‍ വേണമെങ്കില്‍ ബ്ലോക്കിങ് പ്രോഗ്രാമുകള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശം സ്വീനി മസ്‌കിന് നല്‍കിയിരുന്നു. ഈ നിര്‍ദേശം മസ്‌ക് സ്വീകരിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ജാക്ക് അറിയിച്ചിരുന്നു.തനിക്കിപ്പോഴും മസ്‌കിന്റെ യാത്രകള്‍ പിന്തുടരാനാവുമെന്നും അത് അല്‍പ്പം സങ്കീര്‍ണമായിട്ടുണ്ടെന്ന് മാത്രമേയുള്ളൂ എന്നും ജാക്ക് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

വ്യക്തികളുടെ തത്സമയ ലൊക്കേഷന്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകള്‍ നിരോധിക്കുമെന്ന് മസ്‌ക് അറിയിച്ചിരുന്നു. സ്വീനിയ്ക്കെതിരെ മസ്‌ക് നിയമനടപടി സ്വീകരിച്ചുവെന്നും വിവരങ്ങളുണ്ട്. മറ്റുള്ളവരുടെ ലൈവ് ലൊക്കേഷന്‍ പങ്കുവയ്ക്കുന്നത് തടയുന്നതിനായി 'പ്രൈവറ്റ് ഇന്‍ഫര്‍മേഷന്‍ പോളിസി'യില്‍ ട്വിറ്റര്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ സ്വന്തം ലൊക്കേഷന്‍ പങ്കുവയ്ക്കുന്നതില്‍ തടസമില്ലെന്ന് ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. പൊതുപരിപാടികളുടെ ലൊക്കേഷന്‍ പങ്കുവയ്ക്കാനും അനുമതിയുണ്ട്.

അതേസമയം, ജാക്കിന്റെ അക്കൗണ്ട് നിരോധിച്ച സംഭവത്തില്‍ ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിയാളുകള്‍ എത്തുന്നുണ്ട്. മസ്‌ക് തന്റെ വാക്കില്‍ ഉറച്ചുനിന്നില്ലെന്നും വിശ്വസിക്കാന്‍ കൊള്ളാത്ത ആളാണെന്നും ഒരുകൂട്ടര്‍ വിമര്‍ശിക്കുന്നുണ്ട്. മസ്‌ക് ചെയ്തതില്‍ തെറ്റൊന്നും ഇല്ലെന്നാണ് അനുകൂലികളുടെ വാദം.

എതിരാളികളായ 'കൂ'വിന്റെ ഒരു ട്വിറ്റര്‍ ഹാന്‍ഡിലും മസ്‌ക് നിരോധിച്ചിരുന്നു. ട്വിറ്ററിന് എതിരായി അവതരിപ്പിച്ച ഇന്ത്യന്‍ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമാണ് കൂ. ഇലോണ്‍ മസ്‌ക് മേധാവിയായ ട്വിറ്റര്‍ പ്രതിസന്ധി നേരിട്ട സമയങ്ങളില്‍ വന്‍പ്രചാരണം നടത്തിക്കൊണ്ട് കൂ മുന്നേറിയിരുന്നു. ഉപയോക്താക്കള്‍ക്ക് സംശയനിവാരണം നടത്താനായി ഉപയോഗിച്ചിരുന്ന @kooeminence എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് സസ്പെന്‍ഡ് ചെയ്തത്.

പിന്നാലെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മാസ്റ്റഡോണ്‍ തുടങ്ങി മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ ട്വിറ്ററിലൂടെ പ്രമോട്ട് ചെയ്യുന്ന അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചുവെന്നാണ് വിവരങ്ങള്‍. ഒരു ട്വീറ്റിലൂടെയായിരുന്നു ട്വിറ്ററിന്റെ പ്രഖ്യാപനം. പക്ഷേ പോളിസിയില്‍ വരുത്തിയ മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനി ട്വീറ്റ് പിന്‍വലിച്ചു. ട്വീറ്റ് നീക്കം ചെയ്തുവെങ്കിലും ഉപയോക്താക്കള്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിച്ചു.

മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ പ്രമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തോടെ മാത്രം ഉണ്ടാക്കിയ അക്കൗണ്ടുകള്‍ക്കാണ് പ്രശ്നം ഉണ്ടാവുകയെന്നായിരുന്നു വിവരങ്ങള്‍. ഇത്തരം അക്കൗണ്ട് സ്ഥിരമായി നിരോധിക്കുകയോ പ്രമോഷണല്‍ കണ്ടന്റ് നീക്കം ചെയ്യുകയോ ചെയ്യുമെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കിയത്. അതേസമയം, മറ്റ് പ്ലാറ്റ്ഫോമിലുള്ള കണ്ടന്റുകളുടെ ലിങ്ക് പോസ്റ്റ് ചെയ്യാന്‍ ട്വിറ്റര്‍ അനുവദിക്കുന്നുണ്ട്.

അഭിപ്രായ സര്‍വേയോട് പ്രിയം, രാജിക്കായും പോള്‍

ഇലോണ്‍ മസ്‌ക് ചുമതലയേറ്റ ശേഷം ട്വിറ്ററില്‍ വരുത്തുന്ന മാറ്റങ്ങള്‍ പലതും പ്രവചനാതീതമാണ്. ട്വിറ്ററിനെ മറ്റൊരു തലത്തിലേയ്ക്ക് എത്തിക്കുന്നതിനായി ഇലോണ്‍ മസ്‌ക് കൊണ്ടുവരുന്ന മാറ്റങ്ങള്‍ പലതും ധാരാളം വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. കമ്പനിയുടെ പോളിസിയില്‍ ഉള്‍പ്പടെ നിരവധി പരിഷ്‌കാരങ്ങള്‍ മസ്‌ക് വരുത്തിയിരിക്കുകയാണ്.

പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് അല്ലെങ്കില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ തീരുമാനങ്ങള്‍ പിന്‍വലിക്കാനായി അഭിപ്രായ സര്‍വേ നടത്താന്‍ മസ്‌ക് ഇഷ്ടപ്പെടുന്നു. മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തത് വിവാദമായപ്പോഴും ഇതേ രീതി ഉപയോഗിച്ചു.

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനും യു.എസ്. രഹസ്യാന്വേഷണവിഭാഗത്തിലെ മുന്‍കരാറുകാരന്‍ എഡ്വേര്‍ഡ് സ്നോഡനും ചാരവൃത്തിക്കേസില്‍ യു.എസ്. സര്‍ക്കാര്‍ മാപ്പുനല്‍കണോ എന്നുള്ള ചോദ്യങ്ങള്‍ അടക്കം അഭിപ്രായ സര്‍വേയില്‍ മസ്‌ക് ഉള്‍പ്പെടുത്താറുണ്ട്.

ഒടുവില്‍ തന്റെ സി.ഇ.ഒ സ്ഥാനവും മസ്‌ക് തുലാസില്‍ വച്ചു. ട്വിറ്ററിന്റെ മേധാവിയായി തുടരണോ വേണ്ടയോ? എന്ന ചോദ്യമാണ് മുന്നോട്ട് വെച്ചത്. നിങ്ങള്‍ക്ക് എന്നെ വേണ്ടെങ്കില്‍ ഞാന്‍ തുടരില്ലെന്നും പറഞ്ഞു. മസ്‌ക് തുടരേണ്ടാ എന്നാണ് ഭൂരിഭാഗവും ആവശ്യപ്പെട്ടത്. ട്വിറ്ററിലെ 12 കോടിയിലധികം വരുന്ന ഫോളോവേഴ്സിന് തന്റെ ഭാവി തീരുമാനിക്കാന്‍ മസ്‌ക് അവസരംനല്‍കിയപ്പോള്‍ 1.7 കോടി പേരാണ് വോട്ടുചെയ്തത്. അതില്‍ 57.5 ശതമാനം മസ്‌ക് തുടരേണ്ടെന്ന് അഭിപ്രായപ്പെട്ടു.

'നിങ്ങളുടെ പരിഷ്‌കാരങ്ങളില്‍ അസംതൃപ്തരായ വലിയവിഭാഗം ആളുകളെ എനിക്കറിയാം, ദയവുചെയ്ത് സ്ഥാനമൊഴിയണം'- ഐസ്ലന്‍ഡ് ജനപ്രതിനിധി സഭാംഗമായ ഡേവിഡ് മോറല്‍ പ്രതികരിച്ചു. എന്നാല്‍ മസ്‌ക് ഏര്‍പ്പെടുത്തിയ 'ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍' ട്വിറ്ററിന് ഏറെ അനിവാര്യമാണെന്നാണ് അമേരിക്കന്‍ വിമര്‍ശകന്‍ ലിസ് വീലര്‍ പറഞ്ഞത്.

കാത്തിരിപ്പിനൊടുവില്‍ മസ്‌കിന്റെ പ്രഖ്യാപനം എത്തി. സി.ഇ.ഒ സ്ഥാനം രാജിവെക്കുന്നു, പക്ഷേ ഒരു നിബന്ധനയുണ്ടെന്ന് മാത്രം.
സി.ഇ.ഒ സ്ഥാനം ഏറ്റെടുക്കാന്‍ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ സി.ഇ.ഒ സ്ഥാനം രാജിവയ്ക്കുമെന്നാണ് മസ്‌ക് പറഞ്ഞത്. അതിനുശേഷം സോഫ്റ്റ് വെയര്‍, സെര്‍വര്‍ ടീമുകളെ നയിക്കുമെന്നും ട്വിറ്ററില്‍ കുറിച്ചു. ട്വിറ്റര്‍ സമീപഭാവിയില്‍ കൊണ്ടുവരാനാഗ്രഹിക്കുന്ന നയങ്ങളെ സംബന്ധിച്ച് വോട്ടെടുപ്പ് ഉടന്‍ ഉണ്ടാകുമെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. ഇനി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സ്ഥാനം രാജിവെച്ചാലും ട്വിറ്ററിന്റെ ഉടമയായി മസ്‌ക് തുടരും.

ഉപയോക്താക്കളും ജീവനക്കാരും കൂടുമാറുന്നു

ട്വിറ്ററിന്റെ നയങ്ങളില്‍ പോലും സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു. കടുത്ത ജോലി സമ്മര്‍ദ്ദം മൂലം ഒരു വശത്ത് ജീവനക്കാര്‍ ട്വിറ്ററിനെ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് മസ്‌കിന്റെ ഇടപെടലുകള്‍ കൊണ്ട് ഉപഭോക്താക്കളും ട്വിറ്റര്‍ ഉപേക്ഷിക്കുകയാണ്.

ട്വിറ്ററിലെ വിവരങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും താന്‍ ഇനി ട്വിറ്റര്‍ ഉപയോഗിക്കില്ലെന്നും ബ്രിട്ടീഷ് ഇതിഹാസഗായകനും ഗാനരചയിതാവുമായ സര്‍ എല്‍ട്ടണ്‍ ജോണ്‍ പറഞ്ഞിരുന്നു. ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തശേഷം പ്ലാറ്റ്‌ഫോം വിടുന്ന പ്രശസ്തമുഖങ്ങളില്‍ പ്രധാനിയാണ് എല്‍ട്ടണ്‍.

ട്വിറ്ററിലെ പുതിയപരിഷ്‌കാരങ്ങള്‍ തെറ്റായവിവരങ്ങള്‍ കൈമാറ്റംചെയ്യാന്‍ കാരണമാകുന്നുണ്ടെന്നാരോപിച്ചാണ് എല്‍ട്ടണ്‍ ട്വിറ്റര്‍ വിട്ടത്. 'ഞാന്‍ നിങ്ങളുടെ സംഗീതത്തെ ഇഷ്ടപ്പെടുന്നുവെന്നും ട്വിറ്ററിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു'മാണ് ഇലോണ്‍ മസ്‌ക് എല്‍ട്ടണോട് പ്രതികരിച്ചത്. മസ്‌കിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് കാനി വെസ്റ്റ്, കൈറി ഇര്‍വിങ് തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ നേരത്തേ ട്വിറ്റര്‍ വിട്ടിരുന്നു.

മാസ്റ്റഡണ്‍ എന്ന സോഷ്യല്‍ മീഡിയാ വെബ്സൈറ്റിലേക്കാണ് മിക്ക ട്വിറ്റര്‍ ഉപഭോക്താക്കളും ചേക്കേറിക്കൊണ്ടിരിക്കുന്നത്. 'കൂ' ഉള്‍പ്പടെയുള്ള എതിരാളികള്‍ ഇതൊരു അവസരമായി കാണുന്നുണ്ട്. മസ്‌ക് പുറത്താക്കിയ രണ്ടു ജീവനക്കാര്‍ പുതുയൊരു ആപ്പിന്റെ പണിപ്പുരയിലാണ്. ജനുവരിയോടെ 'സ്പില്‍' എന്ന ഈ ആപ്പും ട്വിറ്ററിനെ വെല്ലുവിളിച്ച് എത്തിയേക്കും.

ഇലോണ്‍ മസ്‌കിന്റെ സര്‍വ്വാധിപത്യവും വ്യക്തിതാല്‍പര്യങ്ങളും മാത്രം അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ട്വിറ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ആക്ഷേപം ശക്തമാണ്. വിമര്‍ശനങ്ങളും പുത്തന്‍ മാറ്റങ്ങളുമൊക്കെ തിരിച്ചടി നല്‍കിയതോടെ തത്കാലം വിട്ടുനില്‍ക്കാന്‍ മസ്‌ക് തീരുമാനിച്ചതാവാന്‍ സാധ്യത ഏറെയാണ്.

ട്വിറ്ററിനെ മാധ്യമ ശ്രദ്ധയില്‍ത്തന്നെ പിടിച്ചുനിര്‍ത്താനുള്ള നീക്കമായും വേണമെങ്കില്‍ കരുതാം. സ്ഥിരം നിലപാടുകള്‍ മാറ്റാറുള്ള മസ്‌ക് രാജി വെക്കാനുള്ള സാധ്യത വിരളമാണ്, പക്ഷേ മസ്‌ക് ആയതുകൊണ്ട് അത്ഭുതങ്ങളും സംഭവിച്ചേക്കാം. ഇലോണ്‍ മസ്‌കിന്റെ മനസില്‍ എന്തു തന്നെ ആയാലും ട്വിറ്റര്‍ മേധാവിയുടെ പുതിയ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സൈബര്‍ ലോകം.

Content Highlights: elon musk Says He Will Resign As Twitter CEO if he finds someone foolish enough to take over

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented