Photo:AFP
ഡെമോക്രാറ്റുകളെ ഇനി പിന്തുണയ്ക്കില്ലെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായിരിക്കും ഇനി തന്റെ പിന്തുണയെന്നും പരസ്യമായി പ്രഖ്യാപിച്ച് അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്ക്. ഡെമോക്രാറ്റുകള്‍ വിഭജനത്തിന്റേയും വിദ്വേഷത്തിന്റേയും പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്നും ഇനി താൻ അവർക്ക് വോട്ട് ചെയ്യില്ലെന്നും മസ്ക് പറഞ്ഞു.
'കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്കാണ് വോട്ട് ചെയ്തത്. കാരണം അവരായിരുന്നു അനുകമ്പ(മിക്കപ്പോഴും) കാണിച്ചിരുന്ന പാര്‍ട്ടി. പക്ഷേ അവര്‍ വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും പാര്‍ട്ടിയായി മാറിയിരിക്കുന്നു. അതിനാല്‍ എനിക്ക് ഇനി അവരെ പിന്തുണയ്ക്കാന്‍ കഴിയില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യും.'
'ഇപ്പോള്‍, എനിക്കെതിരെയുള്ള അവരുടെ വൃത്തികെട്ട തന്ത്രങ്ങള്‍ പുറത്തുവരുന്നത് കാണുക.' സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ ട്വിറ്ററിനെ വാങ്ങാന്‍ തയ്യാറെടുത്തിരിക്കുന്ന ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തു.
കഴിഞ്ഞകാലങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് അനുതാപം കാണിക്കാത്ത നിലപാട് സ്വീകരിച്ച സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം ആണ് ട്വിറ്റര്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള റിപ്പബ്ലിക്കന്‍ നേതാക്കളുടെ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ക്കെതിരെ കടുത്ത നടപടികളാണ് ട്വിറ്റര്‍ സ്വീകരിച്ചിരുന്നത്. ട്രംപിനേയും മറ്റ് ചിലരേയും ട്വിറ്ററില്‍ നിന്ന് ആജീവനാന്തകാലത്തേക്ക് വിലക്കിയിരുന്നു.
എന്നാല്‍ ട്വിറ്റര്‍ ഏറ്റെടുത്തു കഴിഞ്ഞാല്‍ ട്രംപിന്റെ അക്കൗണ്ടിനുള്ള വിലക്ക് നീക്കം ചെയ്യുമെന്ന് ഇതിനകം ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചു കഴിഞ്ഞു.
പുരോഗമന രാഷ്ട്രീയത്തിന് വേരോട്ടമുള്ള കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ട്വിറ്റര്‍ ഇടത് പക്ഷപാതിത്വം കാണിക്കുന്നതെന്നും മസ്ക് പറഞ്ഞു.
എന്തായാലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മസ്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ ഓഹരി 6.8 ശതമാനം ഇടിഞ്ഞു.
ഇതിന് പിന്നാലെ Poor Elon എന്ന വിളിപ്പേര് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി മാറി.
ശതകോടീശ്വര വ്യവസായികള്‍ക്ക് ടാക്സ് ഏര്‍പ്പെടുത്താനുള്ള ബൈഡന് ഭരണകൂടത്തിന്റെ നീക്കവും തൊഴിലാളി യൂണിയനുകളുള്ള കമ്പനികള്‍ നിര്‍മിച്ച ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍സന്റീവുകള്‍ പ്രഖ്യാപിച്ച നീക്കവും ഇലോണ്‍ മസ്കിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇലോണ്‍ മസ്കിന്റെ ഫാക്ടറികളില്‍ തൊഴിലാളി യൂണിയനുകളില്ല.
കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിച്ചിരുന്ന ടെസ് ലയുടെ ആസ്ഥാനം കഴിഞ്ഞ വര്‍ഷം യാഥാസ്ഥിതിക രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ടെക്സാസിലേക്ക് മാറ്റിയിരുന്നു. മസ്ക് തന്റെ താമസവും ടെക്സാസിലേക്ക് മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..