ന്യൂഡൽഹി: സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയില്‍ സേവനം ആരംഭിക്കാനുള്ള നീക്കം പ്രതിസന്ധിയില്‍.  നവംബറില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ലിങ്ക് ഇന്ത്യ ഇന്ത്യയില്‍ നിന്നുള്ള പ്രീബുക്കിങ് ആരംഭിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് ഇല്ലാതെ പണം വാങ്ങിയുള്ള മുന്‍കൂര്‍ ബുക്കിങ് പാടില്ലെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയതോടെ അത് നിര്‍ത്തിവെക്കുകയായിരുന്നു. 

ഇന്ത്യയില്‍ നിന്ന് സ്റ്റാര്‍ലിങ്ക് സേവനത്തിനായി ഇതുവരെ ബുക്ക് ചെയ്തവര്‍ക്കെല്ലാം പണം തിരികെ നല്‍കാനൊരുങ്ങുകയാണ് കമ്പനിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് മുന്‍കൂര്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കെല്ലാം കമ്പനി ഇമെയില്‍ സന്ദേശം അയച്ചുതുടങ്ങി.  

ടെലികോം വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് പ്രീ ഓര്‍ഡറിനായി ഉപയോക്താക്കളില്‍ നിന്ന് ഈടാക്കിയ പണം തിരിച്ചു നല്‍കുന്നു എന്ന് സന്ദേശത്തില്‍ പറയുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനാനുമതിക്കുള്ള ലൈസന്‍സ് ലഭ്യമാകാത്തതുകൊണ്ട്, പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കുമെന്നതില്‍ വ്യക്തതയില്ല. ലൈസന്‍സ് നേടിയെടുക്കുന്നതിന്റെ ഭാഗമായി മറ്റു ചില പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കേണ്ടതായുണ്ടെന്നും ഈ മെയില്‍ സന്ദേശത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. ഈ കാരണങ്ങള്‍ കണക്കിലെടുത്താണ് പ്രീ ഓര്‍ഡറിനായി ഈടാക്കിയ തുക തിരിച്ചു നല്‍കാന്‍ കമ്പനി തീരുമാനിച്ചതെന്ന് ഗാഡ്‌ജെറ്റ് 360 റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജനുവരി 31-നോ അതിനുമുമ്പോ ലൈസന്‍സിനായി അപേക്ഷിക്കുമെന്ന് സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു. 2022 ഏപ്രിലോടെ പ്രവര്‍ത്തനസജ്ജമാക്കാന്‍ കമ്പനിക്ക് സാധിച്ചാല്‍, ഡിസംബറോടെ ഇന്ത്യയില്‍ നിന്ന് രണ്ട് ലക്ഷം ഉപകരണങ്ങള്‍ എത്തിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. ഇതിനകം 5000-ലധികം മുന്‍കൂര്‍ ഓര്‍ഡറുകള്‍ കമ്പനിക്ക് ലഭിച്ചിരുന്നു. 

ഇന്ത്യയെ ഒരു പ്രധാന വിപണിയായാണ് സ്റ്റാര്‍ലിങ്ക് പരിഗണിക്കുന്നത്. പരമ്പരാഗത ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയ്ക്ക് തടസങ്ങള്‍ നേരിടുന്ന ഗ്രാമീണ മേഖലകളിലും ഉള്‍നാടുകളിലും സേവനം എത്തിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് സ്റ്റാര്‍ലിങ്ക് മുന്നോട്ട് പോയത്. 

ഇന്ത്യയില്‍ അംഗീകാരം നേടിയെടുക്കുന്നതിനുള്ള കടമ്പകള്‍ കടക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ ഉപഗ്രഹ ഇന്റര്‍നെറ്റ് എത്തുകയുള്ളൂ.

Content Highlights : Elon Musk’s Starlink to initiate Refund of Pre-Orders for Satellite Internet Service in India